‘ഷോ ഗോ ബോണിറ്റോ’ ; ബേലോ ഹൊറിസോന്റേ മറക്കാന്‍…

‘ഷോ ഗോ ബോണിറ്റോ’ – ബ്യൂട്ടിഫള്‍ ഗെയിം എന്നാണ് ബ്രസീലുകാര്‍ ഫുട്‌ബോളിനെ വിളിക്കുന്നത്. ഭൂമിയിലെ ഏറ്റവും മനോഹരമായ കളി. 21-ാം ലോകകപ്പില്‍ പന്ത് തട്ടാനായി റഷ്യയിലേക്ക് ബ്രസീല്‍ വണ്ടി കയറുമ്പോള്‍ കപ്പില്‍ കുറഞ്ഞതൊന്നും അവരുടെ മനസിലുണ്ടാകില്ല. കാരണം, 2014 ല്‍ അവര്‍ക്കേറ്റ തോല്‍വി ബ്രസീലുകാര്‍ക്ക് മാത്രമല്ല, ഫുട്‌ബോള്‍ എന്ന കളിയെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യരുടേയും മനസിനേറ്റ മുറിവാണ്. ആഴത്തിലേറ്റ മുറിവുണക്കാന്‍ റഷ്യന്‍ മണ്ണില്‍ കാല്‍പന്തുകൊണ്ട് അവര്‍ക്ക് ചരിത്രം തീര്‍ക്കണം.

സാമൂഹിക സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ബ്രസീലിലെ ഫുട്‌ബോള്‍ പാരമ്പര്യത്തെ ഇല്ലാതാക്കികൊണ്ടിരിക്കുന്ന ഒരു അവസ്ഥാവിശേഷണമാണ് ഇന്നുള്ളത്. വിവധ ലീഗുകളിലായി പടര്‍ന്നുകിടക്കുന്ന ബ്രസീലിലെ ക്ലബുകളെല്ലാം തന്നെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. എന്നാല്‍, ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായാണ് റഷ്യയിലേക്ക് അവര്‍ വിമാനം കയറിയത്. സുന്ദരവും നൈസര്‍ഗികവുമായ ഫുട്‌ബോളിന്റെ മറുപേരാണ് ബ്രസീല്‍. ഫുട്‌ബോള്‍ എന്നാല്‍ ഇന്നും ലോകത്തിന് ബ്രസീലാണ്. റിയോ ഡി ജെനീറോലേയും സവോ പോളയിലേയും മണല്‍തിട്ടകളില്‍ തട്ടിയുയരുന്ന പന്ത് കൊണ്ട് ചിത്രം വരച്ച് മനുഷ്യമനുസകളെ ഉന്മാദത്തിലേക്ക് നയിച്ച ഫുട്‌ബോള്‍ നര്‍ത്തകരെ സമ്മാനിച്ച നാട്.

പക്ഷേ, സ്വന്തം മണ്ണില്‍ സംഘടിപ്പിച്ച രണ്ട് ലോകകപ്പുകളും അവര്‍ക്ക് നല്‍കിയത് ഒരിക്കലും ഉറങ്ങാത്ത മുറിവുകളായിരുന്നു. 1950 ലോകകപ്പ് ഫൈനലില്‍ മാറക്കാനയുടെ മുറ്റത്ത് ഉറുഗ്വായുടെ മുന്നില്‍ കീഴടങ്ങിയതും 2014 സെമിയില്‍ ജര്‍മനിയോടേറ്റ 1-7 ന്റെ തോല്‍വിയും മറക്കാനാണ് ബ്രസീല്‍ റഷ്യയിലേക്ക് വിമാനം കയറിയത്. ഓരോ വീഴ്ചയും തോല്‍വിയും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന ആപ്തവാക്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോഴത്തെ ബ്രസീല്‍ ടീം.

എന്നാല്‍, ഇന്നലെ നടന്ന ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ മഞ്ഞപ്പടയും സമനിലയില്‍ കുരുങ്ങി. ലോക ആറാം നമ്പര്‍ ടീമായ സ്വിറ്റ്‌സര്‍ലാന്‍ഡാണ് സമനിലയില്‍ കുരുക്കിയത്. നെയ്മര്‍ എന്ന ചട്ടക്കൂട്ടില്‍ ഒതുങ്ങാതെ 11 പേരും ഒരുപോലെ ഉണര്‍ന്ന് കളിച്ചാല്‍ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ച് കയറാന്‍ കഴിയുമെന്ന് തന്നെയാണ് ബ്രസീല്‍ ആരാധകരുടെ പ്രതീക്ഷ. സാംബാ താളത്തിനൊത്ത് അവരുടെ കാലുകള്‍ ചലിച്ചാല്‍ എതിരാളികളുടെ ഗോള്‍വലകള്‍ ഗോളുകള്‍ കൊണ്ട് നിറക്കാന്‍ കഴിയുമെന്ന പ്രത്യാശയാണ് ഓരോ ബ്രസീലിയന്‍ ആരാധകരുടെ മനസിലും…നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More