ജെസ്‌നയുടെ തീരോധാനം; അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് കോടതി

ജെസ്‌നയുടെ തിരോധാനക്കേസില്‍ കാട്ടിലും കടലിലും തെരച്ചില്‍ നടത്തിയിട്ട് കാര്യമില്ലെന്ന് ഹൈക്കോടതി. ജെസ്‌നയുടെ തീരോധാനവുമായി ബന്ധപ്പെട്ട് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണത്തിലുള്ള അതൃപ്തി കോടതി പരസ്യമായി അറിയിച്ചത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി സിബിഐയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. കാണാതായ ജെസ്‌നയെ ആരും തട്ടികൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഐജി മനോജ് എബ്രഹാമാണ് ജെസ്‌ന തീരോധാനം അന്വേഷിക്കുന്നത്. മുക്കാട്ടുതറയില്‍ നിന്ന് ജെസ്‌നയെ കാണാതായിട്ട് മൂന്ന് മാസം പിന്നിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here