മൂന്നാറിൽ ദൗത്യസംഘം പിടിച്ചെടുത്ത റിസോർട്ടും 51 ഏക്കർ ഏലത്തോട്ടവും തിരിച്ചു കൊടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി തടഞ്ഞു

മുന്നാറിലെ ആദ്യ ദൗത്യസംഘം പിടിച്ചെടുത്ത റിസോർട്ടും അമ്പത്തൊന്നേക്കർ ഏലത്തോട്ടവും തിരിച്ചു കൊടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു. മുന്നാർ പള്ളിവാസലിലെ ബ്രൂക്ക് സൈഡ് റിസോർട്ടും 51 ഏക്കർ ഏലത്തോട്ടത്തിലും ഉടമക്ക് കൈവശാവകാശമുണ്ടന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ് .
സിംഗിൾ ബഞ്ച് ഉത്തരവ് സംശയാസ്പമാണന്ന് ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ആദ്യ ദൗത്യ സംഘം ഏറ്റെടുക്കുകയും ഇടിച്ചു തകർക്കുകയും ചെയ്ത ക്ലൗഡ് 9 ,മുന്നാർ വുഡ്‌സ് എന്നീ റിസോർട്ടുകൾ വിട്ടുകൊടുക്കാനും നഷ്ടപരിഹാരം നൽകാനും ജസ്റ്റിസ് മഞ്ജുള ചെല്ലുരിന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സംശയാസ്പദമാണെന്നും ഈ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി നിലവിലുണ്ടന്നും സർക്കാർ ബോധിപ്പിച്ചു .
ഇതടക്കമുള്ള ഹൈക്കോടതി ഉത്തരവുകൾ ദുരൂഹമാണെന്നായിരുന്നു സർക്കാർ വാദം. ബ്രൂക്ക് സൈഡ് റെസിഡൻസിക്ക് ഏലം കൃഷിക്കാണ് ഭൂമി അനുവദിച്ചതെന്നും കൈവശക്കാരൻ ഏലപ്പാട്ട കുത്തകച്ചട്ടം ലംഘിച്ചെന്നും സർക്കാർ ചുണ്ടിക്കാട്ടി .
ഭൂമി പതിച്ചു നൽകിയ കാലത്ത് തറവില നിശ്ചയിച്ചിരുന്നെന്നും ഉടമ നാലിൽ ഒരു ഭാഗം മാത്രം അടച്ച് തോട്ടം കൈവശം വെക്കുകയാണന്നും സർക്കാർ വ്യക്തമാക്കി . മാത്രമല്ല ഏലം കൃഷിക്ക് അനുവദിച്ച ഭൂമിയിൽ റിസോർട്ട് നിർമിച്ചത് നിയമ ലംഘനമാണെന്നും സർക്കാർ വ്യക്തമാക്കി.
ബ്രൂക്ക് സൈഡ് റിസോർട്ടിലെ 18 കോട്ടേജുകളാണ് ആദ്യ ദൗത്യസംഘം ഇടിച്ചു തകർത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here