Advertisement

മെസിയുടെ ഗോള്‍; ആദ്യ പകുതിയില്‍ അര്‍ജന്റീന ലീഡ് ചെയ്യുന്നു (1-0)

June 27, 2018
Google News 6 minutes Read
Messii1

നൈജീരയക്കെതിരായ നിര്‍ണായക മത്സരത്തിന്റെ ആദ്യ പകുതിയില്‍ നീലപ്പട എതിരില്ലാത്ത ഒരു ഗോളിന് ലീഡ് ചെയ്യുന്നു. നായകന്‍ ലെയണല്‍ മെസിയാണ് അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടിയത്. എവര്‍ ബനേഗ നല്‍കിയ പാസുമായി നൈജീരിയയുടെ പോസ്റ്റിലേക്ക് ഓടിയടുത്ത മെസി രണ്ട് ചുവട് മുന്നോട്ട് വെച്ച് സുന്ദരമായ ഫിനിഷിംഗിലൂടെ ഗോള്‍ സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതി അര്‍ജന്റീനയുടെ മുന്നേറ്റത്താല്‍ സമ്പന്നമായിരുന്നു. മഷ്‌റാനോയും ബനേഗയും ഒരുക്കി നല്‍കുന്ന അവസരങ്ങള്‍ മെസിയും ഏയ്ഞ്ചല്‍ ഡി മരിയയും ഏറ്റെടുക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്.

4-4-2 ഫോര്‍മേഷനിലാണ് അര്‍ജന്റീന ഇന്ന് കളത്തിലിറങ്ങിയത്. വശ്യമായ കാല്‍പന്ത് കളിയുമായി നിരവധി തവണ അര്‍ജന്റീന നൈജീരിയയുടെ പോസ്റ്റ് ലക്ഷ്യം വെച്ച് മുന്നേറി. മെസിയാണ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. ആദ്യ രണ്ട് കളികളില്‍ നിന്ന് വ്യത്യസ്തനായി കളം നിറഞ്ഞുകളിച്ച മെസി ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി. മത്സരത്തിന്റെ 32-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നടത്തിയ മുന്നേറ്റം പ്രശംസനീയമായിരുന്നു. പന്തുമായി അതിവേഗം ഓടിയ ഡി മരിയയെ നൈജീരിയ താരങ്ങള്‍ പെനല്‍റ്റി ബോക്‌സിന് തൊട്ട് മുന്‍പില്‍ വീഴ്ത്തി. ഡി മരിയയെ വീഴ്ത്തിയ നൈജീരിയ താരം ബാലഗന് റഫറി മഞ്ഞ കാര്‍ഡ് കാണിച്ചു. ഫൗളിനെ തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് ആനുകൂല്യം മെസി നൈജീരിയയുടെ പോസ്റ്റ് ലക്ഷ്യം വെച്ച് കര്‍വ് ഷോട്ടിലൂടെ പായിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. മെസിയുടെ ഫ്രീകിക്ക് നൈജീരിയയുടെ ബാറില്‍ തട്ടി തിരിച്ചുവന്നു. എന്നാല്‍, ആ പന്ത് കൈക്കലാക്കാന്‍ അര്‍ജന്റീന താരങ്ങള്‍ക്ക് സാധിക്കാതെ പോയി.


ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും പന്ത് അര്‍ജന്റീനയുടെ കൈവശമായിരുന്നു. ആദ്യ കളികളില്‍ നിരാശരായി പന്ത് തട്ടിയ താരങ്ങളെയല്ലായിരുന്നു ഇന്ന് കളിക്കളത്തില്‍ കണ്ടത്. ആദ്യ പകുതിയില്‍ ചുരുക്കം ചില അവസരങ്ങള്‍ മാത്രമാണ് നൈജീരിയക്ക് ലഭിച്ചത്. എന്നാല്‍, അവസരങ്ങള്‍ ഗോളാക്കാന്‍ നൈജീരിയ താരങ്ങള്‍ക്കും സാധിച്ചില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here