മോദി 48 മാസങ്ങളിൽ സന്ദർശിച്ചത് 50 രാജ്യങ്ങൾ; ചെലവ് 355 കോടി ! കണക്കുകൾ ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് വർഷത്തിനിടെ സന്ദർശിച്ചത് 50 രാജ്യങ്ങൾ. ഇതിനായി ചെിലവാക്കിയത് 355 കോടി രൂപ ! 41 യാത്രകളിലായി 165 ദിവസമാണ് മോദി വിദേശത്ത് ചിലവഴിച്ചത്. അതായത് അഞ്ചര മാസത്തിലധികം മോദി വിദേശത്തായിരുന്നു. വിവരാവകാശ പ്രവർത്തകൻ ഭീമപ്പ ഗദാദിന് പ്രധാനമന്ത്രിയുടെ ഓഫിസ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
ഫ്രാൻസ്, ജർമനി, കാനഡ എന്നീ രാജ്യങ്ങളിൽ നടത്തിയ ഒമ്പത് ദിവസത്തെ യാത്രയ്ക്കാണ് കൂടുതൽ തുക ചെലവായത്. 2015 ഏപ്രിൽ ഒൻപത് മുതൽ 15 വരെയായിരുന്നു ഈ യാത്ര. ഈ യാത്രക്ക് മാത്രം ചിലവ് 31.25 കോടി. ഭൂട്ടാനിലേക്ക് 2014 ജൂണിൽ നടത്തിയ യാത്രയ്ക്കാണ് ഏറ്റവും ചിലവ് കുറഞ്ഞ യാത്ര. 2.45 കോടി രൂപയായിരുന്നു ഈ യാത്രയുടെ ചെലവ്.
രാജ്യത്തിനകത്ത് പ്രധാനമന്ത്രി നടത്തിയ യാത്രകൾക്ക് ചെലവായ തുകയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നാണ് ഭീമപ്പ പറയുന്നത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകൾ കൊണ്ട് രാജ്യത്തിനുണ്ടായ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് കേന്ദ്ര സർക്കാർ ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്‌സൈറ്റിലും അദ്ദേഹത്തിന്റെ യാത്രകൾ സംബന്ധിച്ച വിവരങ്ങളുണ്ട്. എന്നാൽ, ഇതിൽ അവസാനം നടത്തിയ 12 യാത്രകളുടെ ചെലവ് സംബന്ധിച്ച കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here