“രാജി വച്ച നടിമാര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവര്‍”; ഗണേഷ് കുമാറിന്റെ ശബ്ദരേഖ പുറത്ത്

താരസംഘടന അമ്മയില്‍ നിന്ന് രാജിവച്ച നാല് നടിമാര്‍ക്കെതിരെ എംഎല്‍എയും അമ്മ വൈസ് പ്രസിഡന്റുമായ ഗണേഷ് കുമാര്‍. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് സോഷ്യല്‍ മീഡിയ വഴി അയച്ച ശബ്ദരേഖയിലാണ് ഗണേഷ് നടിമാര്‍ക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. അമ്മയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച രാഷ്ട്രീയ പ്രവര്‍ത്തകരേയും ഗണേഷ് കുമാറിന്റെ ശബ്ദരേഖയില്‍ വിമര്‍ശിച്ചിട്ടുണ്ട്.
ഗണേഷിന്റെ ശബ്ദരേഖ ഇങ്ങനെ:
“അമ്മയില്‍ നിന്ന് നാലുപേര്‍ രാജിവെച്ചതാണ് ഏറ്റവും പുതിയ കാര്യം. ഇവര്‍ അമ്മയോട് ശത്രുത പുലർത്തുന്നവരാണ്. സിനിമയിലും സജീവമല്ല, അമ്മയിലും സജീവമല്ല. ഇതിനോടൊന്നും പ്രതികരിക്കരുത്. അമ്മ നടത്തിയ മെഗാ ഷോയില്‍ പോലും ഇവര്‍ സഹകരിച്ചിട്ടില്ല. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല, സിനിമപ്രവര്‍ത്തകരുടെ ക്ഷേമത്തിനായുള്ള സംഘടനയാണ്.
പിന്നെ ചില രാഷ്ട്രീയനേതാക്കൾ അവരുടെ പേര് ടിവിയിൽ കാണിക്കാൻ വേണ്ടി,ആളാകാൻ വേണ്ടി അവർക്കൊപ്പം നിന്ന് പറയുന്നു. ഇവർക്കൊന്നും രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയുമില്ല. അമ്മയ്‌ക്കെതിരേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങും. ചാനലുകാരെയും പത്രക്കാരെയും സംബന്ധിച്ച് മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല, മറിച്ച് ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും അവര്‍ ഉപയോഗപ്പെടുത്തും. ഏത് പ്രസ്ഥാനമായാലും കുഴപ്പമില്ല അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുകയാണ്. ഇതിനെ കുറിച്ചൊന്നും നമ്മള്‍ പ്രതികരിക്കേണ്ട ആവശ്യമില്ല”.
ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ ഇത് താന്‍ അമ്മയുടെ ജനറല്‍ സെക്രട്ടറിയ്ക്ക് അയച്ച സന്ദേശം തന്നെയാണെന്ന് ഗണേഷ് സ്ഥിരീകരിച്ചു. ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും അമ്മ സംഘടനയെ തകര്‍ക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും ഗണേഷ് വ്യക്തമാക്കി. അതേ സമയം, മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ താന്‍ പങ്കാളിയല്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here