Advertisement

റഷ്യ തോല്‍പ്പിച്ച രണ്ട് ഇതിഹാസങ്ങള്‍…

July 1, 2018
Google News 1 minute Read

റഷ്യയില്‍ ലോകകപ്പ് ആരവങ്ങള്‍ക്ക് തുടക്കം കുറിച്ച നാള്‍ മുതല്‍ എല്ലാ കണ്ണുകളും ഇവരിലേക്കായിരുന്നു. ഇതിഹാസങ്ങള്‍ എന്ന് ലോകം മുഴുവന്‍ വിളിക്കുമ്പോഴും സ്വന്തം രാജ്യത്തിന് വേണ്ടി ഒരു ലോകകപ്പില്‍ പോലും മുത്തമിടാന്‍ കഴിയാത്തവരെന്ന ദുഷ്‌പേരും ഇവര്‍ക്കുണ്ട്. റഷ്യയില്‍ ആരെങ്കിലും ഒരാള്‍ ആ ദുഷ്‌പേര് മാറ്റുമെന്ന് എല്ലാ കാല്‍പന്ത് ആരാധകരും മനസില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍, ഒരേ ദിവസം തന്നെ രണ്ട് താരങ്ങളും റഷ്യയില്‍ നിന്ന് യാത്ര തിരിച്ചു…പരാജിതരായി…മുഖം താഴ്ത്തി…ഇനിയൊരു ലോകകപ്പ് വേദിയില്‍ ബൂട്ടണിയാന്‍ തങ്ങളുണ്ടാകില്ലെന്ന പൂര്‍ണ ബോധ്യത്തോടെ…പ്രായത്തിന്റെ കണക്കുകള്‍ കൂട്ടിവായിക്കുമ്പോള്‍ ഇനിയൊരു ലോകകപ്പ് വേദിയില്‍ മെസിയും റൊണാള്‍ഡോയും അവരവരുടെ രാജ്യത്തിന് വേണ്ടി കളത്തിലിറങ്ങില്ലെന്ന് നമുക്കറിയാം. എങ്കിലും, ഇവര്‍ക്ക് മുന്‍പില്‍ പ്രായത്തിന്റെ കണക്കുകള്‍ തോറ്റുപോകണമെന്നാണ് നാം ആഗ്രഹിക്കുന്നതും. 2006 ല്‍ ജര്‍മനിയിലാണ് ഇരു താരങ്ങളും ആദ്യ ലോകകപ്പിനായി ബൂട്ടണിയുന്നത്. റഷ്യയില്‍ നടന്നത് ഇരു താരങ്ങളുടെയും നാലാമത്തെ ലോകകപ്പ്. വലിയ പ്രതീക്ഷകളോടെയാണ് ഇരുവരും റഷ്യയിലെത്തിയത്. എന്നാല്‍, ആദ്യം മുതലേ ഇരുവരുടെയും ടീമുകള്‍ അത്ര ശുഭപ്രതീക്ഷകള്‍ സമ്മാനിച്ചിരുന്നില്ല. മെസിയും റൊണാള്‍ഡോയും മൈതാനത്ത് ഒറ്റയാള്‍ പ്രകടനങ്ങള്‍ നടത്തിയാല്‍ മാത്രം അര്‍ജന്റീനയും പോര്‍ച്ചുഗലും മുന്നോട്ട് പോകുകയുള്ളൂ എന്നതായിരുന്നു റഷ്യയിലെ അവസ്ഥ.

കഴിഞ്ഞ ലോകകപ്പിലും സമാന അവസ്ഥയായിരുന്നു. ആദ്യാവസാനം പിന്തുണച്ച് കളിക്കാന്‍ നല്ല കളിക്കാരില്ലാത്തത് ഇരു താരങ്ങള്‍ക്കും കീറാമുട്ടിയായിരുന്നു. എങ്കിലും തപ്പിയും തടഞ്ഞുമൊക്കെ ഇരു ടീമുകളും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. നിര്‍ണായക നോക്കൗട്ട് മാച്ചില്‍ ഒരേ ദിനം തന്നെ രണ്ട് ഇതിഹാസങ്ങള്‍ക്കും കാലിടറി…നാട്ടിലേക്ക് തിരിക്കാന്‍ നേരം ഇരുവരുടെയും ഹൃദയങ്ങള്‍ പ്രക്ഷുബ്ധമായിരുന്നിരിക്കണം. ഏറെ കൊതിച്ച, സ്വപ്‌നം കണ്ട ലോകകപ്പ് സ്വപ്‌നം പൊലിഞ്ഞിരിക്കുന്നു. ഇരുവരെയും കല്ലെറിയാന്‍ ഒരുപാട് പേര്‍ ഒന്നിച്ചുകൂടി…അവര്‍ വിമര്‍ശിച്ചു…ലിയോയെയും റോണോയെയും പരാജിതരെന്ന് മുദ്രകുത്തി…മൈതാനത്ത് തലതാഴ്ത്തി നിന്ന 10-ാം നമ്പറും 7-ാം നമ്പറും വെറും അക്കങ്ങളായി…ഇനിയൊരു ലോകകപ്പിന് അവര്‍ക്ക് ബാല്യമുണ്ടോ?

രാജ്യാന്തര ടീമിന് വേണ്ടി ഒന്നും ചെയ്യാത്ത ക്ലബ് താരമെന്ന ദുഷ്‌പേരാണ് ലെയണല്‍ ആന്ദ്രേ മെസിയെന്ന 31 വയസുകാരന് എന്നും കൂടപിറപ്പ്. നാല് ലോകകപ്പുകളിലായി 6 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. അഞ്ച് അസിസ്റ്റുകള്‍ മെസിയുടെ ബൂട്ടില്‍ നിന്നായിരുന്നു. 19 ലോകകപ്പ് മത്സരങ്ങളില്‍ ടീമിനെ നയിച്ചു. 2014 ലോകകപ്പ്, 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളില്‍ അര്‍ജന്റീന ഫൈനലിലെത്തിയത് മെസിയുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ മികവിലും. 2014 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോട് തോറ്റ് അര്‍ജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോഴും ടൂര്‍ണമെന്റിലെ മികച്ച താരം സാക്ഷാല്‍ മെസിയായിരുന്നു. അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും മെസി തന്നെ. 128 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകളാണ് മെസി സ്വന്തമാക്കിയത്. 128 മത്സരങ്ങളില്‍ രാജ്യത്തെ നയിച്ച താരം കൂടിയാണ് അദ്ദേഹം. എന്നിട്ടും രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്തവനെന്ന് വിമര്‍ശകര്‍ അയാള്‍ക്ക് പേര് നല്‍കി. ഇന്നലെ കസാനില്‍ മെസി തലതാഴ്ത്തിയപ്പോള്‍ വിമര്‍ശകരുടെ സ്വരത്തിന് മൂര്‍ച്ചകൂടി. കാരണം, കാല്‍പന്ത് ലോകം മുഴുവന്‍ അടക്കി വാഴുന്നവന് ഒരു രാജ്യാന്തര കിരീടം പോലും സ്വന്തമായില്ല!!!

എങ്കിലും കാല്‍പന്തിനെ സ്‌നേഹിക്കുന്നവര്‍ക്ക് അയാള്‍ ഇന്നും നാളെയും മിശിഹ തന്നെയായിരിക്കും. ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ട് മെസി ലോകകിരീടത്തില്‍ മുത്തമിടുമെന്ന് വിശ്വസിച്ചവരായിരുന്നു അവരെല്ലാം…ഇനിയൊരു ലോകകപ്പിന് അയാള്‍ ബൂട്ടണിയാന്‍ സാധ്യതയില്ല. അടുത്ത ലോകകപ്പിനായി ഖത്തര്‍ ഉണരുമ്പോള്‍ മെസിയുടെ പ്രായം 35 ആകും. പ്രായം അയാളുടെ ശരീരത്തെ തളര്‍ത്തിയേക്കാം. എന്നാല്‍, കാല്‍പന്തിനെ സ്‌നേഹിക്കുന്നവര്‍ വീണ്ടും ഹൃദയത്തില്‍ വിശ്വസിക്കും അടുത്ത ലോകകപ്പിലും പത്താം നമ്പര്‍ ജഴ്‌സിയില്‍ മെസി വേണമെന്ന്…

റൊണാള്‍ഡോയുടെ സ്ഥിതിയും ഇത് തന്നെ. റയല്‍ മാഡ്രിഡിന്റെ ഗോള്‍ വേട്ടക്കാരനില്‍ മാത്രം വിശ്വസിക്കുന്നവരാണ് പോര്‍ച്ചുഗല്‍ ആരാധകര്‍. ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് തലയെടുപ്പോടെ അയാള്‍ മൈതാനത്ത് നിലയുറപ്പിച്ചാല്‍ എതിരാളികള്‍ നിഷ്പ്രഭരാകുമെന്നാണ് കാല്‍പന്തുകളിയെ സ്‌നേഹിക്കുന്നവര്‍ വിശ്വസിക്കുന്നത്. സ്‌പെയിനെതിരെ റോണോയുടെ കാലുകള്‍ ചലിച്ചപ്പോള്‍ പലരും വിധിയെഴുതി പറങ്കിപ്പടയെ റോണോ ലോകകപ്പിന്റെ ക്ലൈമാക്‌സിലേക്ക് എത്തിക്കുമെന്ന്. എന്നാല്‍, അവിടെയും പിഴച്ചു. പ്രീക്വാര്‍ട്ടറില്‍ തോറ്റ് മെസിയുടെ വഴിയെ റൊണാള്‍ഡോയും പടിയിറങ്ങുന്നു.

പോര്‍ച്ചുഗലിന് വേണ്ടി 154 മത്സരങ്ങളില്‍ നിന്ന് 85 ഗോളുകള്‍ പിറന്ന കാലുകളാണ് അത്. ഏഴ് ലോകകപ്പ് ഗോളുകള്‍, രണ്ട് അസിസ്റ്റുകള്‍, 16 ലോകകപ്പ് മത്സരങ്ങളില്‍ പറങ്കിപ്പടയുടെ അമരത്ത്…മെസിയെ പോലെ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തുകൊണ്ടാണ് റോണോയും പടിയിറങ്ങുന്നത്. യൂറോ കപ്പില്‍ 2016 ല്‍ മുത്തമിട്ടത് ഒഴിച്ച് നിര്‍ത്തിയാല്‍ റൊണാള്‍ഡോയും നിര്‍ഭാഗ്യവാനാണ്. ലോകകപ്പ് സ്വപ്‌നം അയാളില്‍ നിന്നും ഏറെ അകലെ. ഒറ്റയാള്‍ പ്രകടനത്തില്‍ റൊണാള്‍ഡോ അമാനുഷികനാണെങ്കിലും സോച്ചിയില്‍ അയാള്‍ പരാജിതനായി. ഇനിയൊരു ലോകകപ്പിന് ഈ ഏഴാം നമ്പര്‍ താരം പോര്‍ച്ചുഗലിന് വേണ്ടി കളത്തിലിറങ്ങുമോ? സാധ്യതകള്‍ കുറവാണ്. ഇപ്പോള്‍ 33 വയസാണ് അദ്ദേഹത്തിന്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ ലോകകപ്പിന് പന്തുരുളുമ്പോള്‍ 37 വയസാകും. ആ പ്രായത്തില്‍ തന്റെ ശരീരത്തെ കാല്‍പന്തിനായി സജ്ജമാക്കാന്‍ സാധിക്കുമോ എന്നതില്‍ സംശയമുണ്ട്.

റഷ്യ തോല്‍പ്പിച്ചത് രണ്ട് ഇതിഹാസങ്ങളെയാണ്…അമാനുഷികര്‍ എന്ന് കാല്‍പന്ത് ലോകം വിധിയെഴുതിയ രണ്ട് താരങ്ങളെ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന രണ്ട് സാധാരണ മനുഷ്യരാക്കിയിരിക്കുകയാണ് റഷ്യ. ലോകകപ്പ് സ്വപ്‌നങ്ങള്‍ പൊലിഞ്ഞ് നിങ്ങള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഞങ്ങള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അത് വലിയൊരു വേദനയാണ്. റഷ്യയിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യും…ഒരുപാട്…

ഒരു ലോകകപ്പിന്റെ പേരില്‍ നിങ്ങളെ വേട്ടയാടാന്‍ ഞങ്ങള്‍ ആളുകളല്ല…ലോകകപ്പിനേക്കാള്‍ വിലയുള്ള ലക്ഷകണക്കിന് മനസുകളാണ് നിങ്ങള്‍ നേടിയെടുത്തിരിക്കുന്നത്…ഞങ്ങളുടെ മനസുകളില്‍ ഒരായിരം ലോകകപ്പുകള്‍ നിങ്ങള്‍ നേടി കഴിഞ്ഞു…2022 ല്‍ ലോകകപ്പിന് പന്തുരുളുമ്പോള്‍ പത്താം നമ്പര്‍ ജഴ്‌സിയില്‍ മെസിയും ഏഴാം നമ്പര്‍ ജഴ്‌സിയില്‍ റൊണാള്‍ഡോയും ഉണ്ടാകില്ലെന്നത് ബുദ്ധിയുള്ള ആര്‍ക്കും മനസിലാക്കാം. എന്നാല്‍, ഇവിടെ ബുദ്ധിയെ മാറ്റി നിര്‍ത്താനാണ് ഞങ്ങള്‍ക്കിഷ്ടം…ഹൃദയം കൊണ്ട് മാത്രം ചിന്തിക്കുന്നു…നിങ്ങള്‍ വേണം…ആ കാലുകളുടെ മനോഹാരിത ഇനിയും ആസ്വദിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കണം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here