Advertisement

സ്പാനിഷ് കടമ്പ കടന്ന് റഷ്യ ക്വാര്‍ട്ടറിലേക്ക്; ആതിഥേയരുടെ ജയം പെനല്‍റ്റി ഷൂട്ടൗട്ടില്‍ (4-3) ചിത്രങ്ങള്‍, വീഡിയോ

July 1, 2018
Google News 18 minutes Read

മുന്‍ ലോക ചാമ്പ്യന്‍മാരെ ഞെട്ടിച്ച് ആതിഥേയരായ റഷ്യ.  നിര്‍ണായക മത്സരത്തില്‍ സ്‌പെയിനെ പരാജയപ്പെടുത്തി റഷ്യ പ്രീക്വാര്‍ട്ടര്‍ കടമ്പ കടന്നു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം സ്വന്തമാക്കിയ മത്സരം നിശ്ചിത സമയവും പിന്നിട്ട് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. എന്നാല്‍, എക്‌സ്ട്രാ ടൈമിലും ഗോളുകള്‍ പിറന്നില്ല. തുടര്‍ന്ന് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക്. റഷ്യന്‍ നായകനും ഗോള്‍ പോസ്റ്റ് കാവല്‍ക്കാരനുമായ അക്കിന്‍ഫീവിന്റെ കരുത്തില്‍ ആതിഥേയര്‍ ശക്തരായ സ്‌പെയിനെ വീഴ്ത്തി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു റഷ്യയുടെ വിജയം. സ്‌പെയിന്റെ ഒരു ഷോട്ട് അക്കിന്‍ഫീവ് തടുത്തിട്ടത് റഷ്യയ്ക്ക് തുണയായി. സ്വന്തം നാട്ടില്‍ ആര്‍ത്തിരമ്പുന്ന റഷ്യന്‍ കാണികളെ നോക്കി അക്കിന്‍ഫീവും കൂട്ടരും പുഞ്ചിരിച്ചു. സ്പാനിഷ് പട ലോകകപ്പില്‍ നിന്ന് പുറത്തേക്ക്!!!…

സ്‌പെയിന്റെ മുന്നേറ്റത്തെ ചെറുക്കാന്‍ കഴിയാതെ റഷ്യ പ്രതിരോധത്തിലൂന്നിയ കളിയാണ് ആദ്യം മുതലേ കാഴ്ചവെച്ചത്. മത്സരത്തിന്റെ 11-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ സ്‌പെയിന്‍ ലീഡ് നേടി. റഷ്യന്‍ ബോക്‌സിനു വെളിയില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ഇസ്‌കോ പോസ്റ്റ് ലക്ഷ്യം വെച്ച് ഉയര്‍ത്തി. ഇസ്‌കോയുടെ ഷോട്ട് ഹെഡ് ചെയ്യാന്‍ റാമോസ് ശ്രമിച്ചു. എന്നാല്‍ റഷ്യന്‍ താരം ഇഗ്നെഷാവിച്ച് റാമോസിനെ തടഞ്ഞുനിര്‍ത്താന്‍ നോക്കി. ഗോള്‍ നേടാന്‍ റാമോസും ഗോള്‍ അടിപ്പിക്കാതിരിക്കാന്‍ ഇഗ്നാഷെവിച്ചും ശ്രമിക്കുന്നതിനിടയില്‍ ഇഗ്നാഷെവിച്ചിന്റെ കാലില്‍ തട്ടി പന്ത് റഷ്യയുടെ പോസ്റ്റിലേക്ക്. ഓണ്‍ ഗോളിലൂടെ സ്‌പെയിന് ലീഡ്. നച്ചോയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് സ്‌പെയിന് ഫ്രീകിക്ക് ലഭിച്ചത്.

സ്‌പെയിന് റഷ്യയുടെ മറുപടി. മത്സരത്തിന്റെ 42-ാം മിനിറ്റിലാണ് സ്‌പെയിന്റെ ആദ്യ ഗോളിന് റഷ്യ മറുപടി നല്‍കിയത്. പെനല്‍റ്റി ആനുകൂല്യത്തിലായിരുന്നു റഷ്യയുടെ ആദ്യ ഗോള്‍. സ്‌പെയിന്റെ ബോക്‌സിനുള്ളില്‍ ജെറാര്‍ഡ് പിക്വെ പന്ത് കൈകൊണ്ട് തട്ടി. ഇതിനെ തുടര്‍ന്ന് റഫറി പെനല്‍റ്റി അനുവദിക്കുകയായിരുന്നു. റഫറിയോട് തര്‍ക്കിച്ചതിനെ തുടര്‍ന്ന് പിക്വെയ്ക്ക് മഞ്ഞകാര്‍ഡ് ശിക്ഷയായി ലഭിക്കുകയും ചെയ്തു. അര്‍ടെം സ്യൂബയായിരുന്നു റഷ്യയ്ക്ക് വേണ്ടി പെനല്‍റ്റി എടുത്തത്. സ്യൂബ സ്‌പെയിന്‍ ഗോളിയെ വെട്ടിച്ച് പെനല്‍റ്റി ഗോള്‍ പോസ്റ്റിലെത്തിച്ചു. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ സ്‌പെയിനും റഷ്യയും ഓരോ ഗോളുകള്‍ വീതം സ്വന്തമാക്കിയിരുന്നു.

രണ്ടാം പകുതിയില്‍ സ്പാനിഷ് പട കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തി. റഷ്യയെ ആക്രമിച്ച് കളിക്കുകയായിരുന്നു സ്‌പെയിന്‍. ഇനിയേസ്റ്റ കൂടി എത്തിയതോടെ സ്‌പെയിന്‍ കളിയുടെ വേഗം വര്‍ധിപ്പിച്ചു. ഇനിയേസ്റ്റ – ഇസ്‌കോ കൂട്ടുക്കെട്ടില്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്‌പെയിന് സാധിച്ചു. എന്നാല്‍, റഷ്യയുടെ പ്രതിരോധം സ്‌പെയിനെ തളര്‍ത്തി. സ്‌പെയിന്റെ എല്ലാ ഗോള്‍ സാധ്യതകളും റഷ്യ അതിവേഗം തട്ടിയകറ്റി. രണ്ടാം പകുതിയില്‍ ഇരു ടീമുകളും കളിക്കാരില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. കോസ്റ്റയെ പിന്‍വലിച്ച് സ്‌പെയിന്‍ ആസ്പസിനെ കളത്തിലെത്തിച്ചത് മുന്നേറ്റം ശക്തിപ്പെടുത്താനായിരുന്നു. കാലില്‍ പന്ത് ലഭിക്കുമ്പോഴെല്ലാം ആസ്പസ് അത് ഭംഗിയായി നിര്‍വഹിച്ചു. എന്നാല്‍, ആതിഥേയര്‍ പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ത്തു. പ്രതിരോധത്തില്‍ ഒരു ചെറിയ പിഴവ് പോലും വരുത്താതെ റഷ്യന്‍ ഗോളിയും താരങ്ങളും സ്പാനിഷ് പടയെ കളിക്കളത്തില്‍ പിടിച്ചുകെട്ടി. മുന്‍ ലോക ചാമ്പ്യന്‍മാരെ ആതിഥേയര്‍ നന്നായി വെള്ളം കുടിപ്പിച്ചു. ചില ഒറ്റപ്പെട്ട സമയങ്ങളില്‍ കൗണ്ടര്‍ അറ്റാക്ക് നടത്താന്‍ റഷ്യയ്ക്ക് സാധിച്ചു. എന്നാല്‍, ഗോള്‍ രഹിതമായിരുന്നു ഓരോ മുന്നേറ്റങ്ങളും.

മത്സരത്തിന്റെ നിശ്ചിത 90 മിനിറ്റ് പൂര്‍ത്തിയായപ്പോള്‍ മത്സരം 1-1 സമനിലയില്‍ തന്നെ. തുടര്‍ന്ന് 30 മിനിറ്റ് എക്‌സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടു. എക്‌സ്ട്രാ ടൈമിലും സ്പാനിഷ് മുന്നേറ്റങ്ങള്‍ റഷ്യ നിഷ്‌കരുണം തട്ടിയകറ്റി. മുന്‍ ചാമ്പ്യന്‍മാര്‍ക്കൊപ്പം പന്ത് തട്ടുന്നതിന്റെ സമ്മര്‍ദ്ദമില്ലാതെയാണ് സ്വന്തം കാണികളെ സാക്ഷിനിര്‍ത്തി റഷ്യ കളം നിറഞ്ഞത്. 30 മിനിറ്റിന്റെ എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. മത്സരത്തിലെ വിജയികളെ നിശ്ചയിക്കാന്‍ കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

സ്‌പെയിന്റെ കണ്ണീര്‍ വീഴ്ത്തിയ പെനല്‍റ്റി ഷൂട്ടൗട്ട് ഇങ്ങനെ:

സ്‌പെയിന് വേണ്ടി ഇനിയേസ്റ്റയും റഷ്യയ്ക്ക് വേണ്ടി സ്‌മോളോവും എടുത്ത ആദ്യ കിക്ക് ഫലം കണ്ടു (1-1). രണ്ടാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് സ്‌പെയിന് വേണ്ടി പിക്വെയും റഷ്യയ്ക്ക് വേണ്ടി ഇഗ്നാഷേവിച്ചും (2-2). സ്‌പെയിന്റെ മൂന്നാം കിക്കിനായി കൊക്കെ എത്തുന്നു. റഷ്യന്‍ നായകനും ഗോള്‍ വലയുടെ കാവല്‍ക്കാരനുമായ അക്കിന്‍ഫീവ് സ്‌പെയിന്റെ മൂന്നാമത്തെ അവസരം ഉജ്ജ്വലമായി തടുത്തിടുന്നു. റഷ്യയുടെ മൂന്നാമത്തെ അവസരം ഗോളോവിന്‍ വലയിലെത്തിച്ചതോടെ ആതിഥേയര്‍ക്ക് ലീഡ് (3-2). നാലാം കിക്കിനായി സ്‌പെയിന്റെ നായകന്‍ റാമോസ് എത്തുന്നു. പന്ത് വലയിലേക്ക് (3-3). റഷ്യന്‍ സൂപ്പര്‍ ഹീറോ ചെറിഷേവ് നാലാം അവസരം ലക്ഷ്യത്തിലെത്തിക്കുന്നു (4-3). ഇരു ടീമുകളുടെയും അവസാന കിക്കായിരുന്നു പിന്നീട്. ഇത് അഞ്ചാം കിക്ക് നഷ്ടപ്പെടുത്തിയാല്‍ റഷ്യയെ വിജയികളായി പ്രഖ്യാപിക്കും. സമ്മര്‍ദ്ദത്തിനിടയില്‍ കിക്ക് എടുക്കാന്‍ എത്തിയത് ലാഗോ അസ്പാസ്. അസ്പാസിന്റെ ഉന്നം തെറ്റുന്നു. സ്‌പെയിന്‍ റഷ്യയ്ക്ക് മുന്‍പില്‍ തകര്‍ന്നടിയുന്നു (4-3). ആതിഥേയര്‍ക്ക് ലോകകപ്പിനോളം മധുരമുള്ള വിജയം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here