Advertisement

‘ഒച്ചാവോ’ മതില്‍ ബ്രസീലിന് പേടിസ്വപ്നം; ക്വാര്‍ട്ടറിലെത്തുമോ കാനറികള്‍?

July 2, 2018
Google News 1 minute Read

ബ്രസീല്‍ – മെക്‌സിക്കോ പ്രീക്വാര്‍ട്ടര്‍ പോരാട്ടം വൈകീട്ട് 7.30 ന് സമാരയില്‍ ആരംഭിക്കും. സ്വന്തം നാട്ടിലെ ലോകകപ്പില്‍ ജര്‍മനിയോട് തോറ്റ് പുറത്തായ കാനറികള്‍ക്ക് റഷ്യയിലും കാലിടറിയാല്‍ അത് കോടിക്കണക്കിന് ബ്രസീല്‍ ആരാധകരെ നിരാശരാക്കും. അതിനാല്‍, എല്ലാവിധ കരുതലോടെയുമായിരിക്കും മഞ്ഞപ്പട കളത്തിലിറങ്ങുക.

ബ്രസീല്‍ മുന്നേറ്റങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ മെക്‌സിക്കോയില്‍ 13-ാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് ഗില്ലര്‍ ഒച്ചാവോ എന്ന വന്‍മതിലുണ്ട്. ആ മതില്‍ ഭേദിക്കാനായാല്‍ ബ്രസീല്‍ അനായാസം ക്വാര്‍ട്ടറിലെത്തും. എന്നാല്‍, ആ മതില്‍ അത്ര ചെറിയ മതിലല്ല. ഏത് പ്രതിസന്ധിയിലും ഒച്ചാവോയുടെ കരങ്ങള്‍ അതിവേഗം ചലിക്കും. ഏത് ബുള്ളറ്റ് ഷോട്ടും ആ കൈകളില്‍ ഭദ്രം. ഒച്ചാവോ എന്ന കടമ്പ കടന്നുകിട്ടിയാല്‍ ബ്രസീലിന് സമാരയില്‍ സന്തോഷിക്കാം.

2014 ലോകകപ്പില്‍ മെക്‌സിക്കോയോട് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഗോള്‍ രഹിത സമനില വഴങ്ങിയത് ബ്രസീല്‍ താരങ്ങളും ആരാധകരും മറന്നുകാണില്ല. അന്ന് ബ്രസീലിന്റെ ആറ് മുന്നേറ്റങ്ങളെയാണ് ഗോള്‍ പോസ്റ്റിന് മുന്നില്‍ ഒച്ചാവോ പിടിച്ചുനിര്‍ത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യയിലേക്കെത്തിയപ്പോഴും ഒച്ചാവോ ശക്തന്‍ തന്നെ. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിയെ അട്ടിമറിച്ചാണ് മെക്‌സിക്കോയുടെ വരവ്. അതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഒച്ചാവോ കരങ്ങള്‍ തന്നെയാണ്. ഒച്ചാവോ ബ്രസീലിന്റെ അന്തകനാകുമോ? അതോ, ഒച്ചാവോ മതില്‍ ഭേദിച്ച് കാനറികള്‍ ക്വാര്‍ട്ടറിലേക്ക് ചിറകടിച്ചുയരുമോ? അതറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം…


മത്സരത്തിന് മുന്‍പേ തന്നെ ബ്രസീലിന് തിരിച്ചടിയായി മാര്‍സലോയുടെ അസാന്നിധ്യം. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ മാര്‍സലോ 10-ാം മിനിറ്റില്‍ മൈതാനത്ത് നിന്ന് വിടവാങ്ങിയിരുന്നു. ഇന്ന് മെക്‌സിക്കോയ്‌ക്കെതിരെ മാര്‍സലോ കളത്തിലിറങ്ങാനുള്ള സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നെയ്മര്‍, കുട്ടീന്യോ, പൗളിനോ തുടങ്ങിയവര്‍ കാനറികള്‍ക്ക് വേണ്ടി കളംനിറഞ്ഞാല്‍ മെക്‌സിക്കോ നിഷ്പ്രഭമാകും. വൈകീട്ട് 7.30 ന് സമാരയില്‍ മത്സരത്തിന് കിക്കോഫ് മുഴങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here