ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക പീഡനക്കേസ്; എഫ്‌ഐആറിലെ മഷി ഉണങ്ങും മുന്‍പ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍

ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനക്കേസുമായി ബന്ധപ്പെട്ടുള്ള വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അറസ്റ്റ് തടയണമെന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല.
യുവതിയുടെ ഭര്‍ത്താവ് ബിഷപ്പിനു നല്‍കിയ പരാതി മാത്രമാണ് മുന്നിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് വിശ്വാസയോഗ്യമാണെങ്കില്‍ ആരോപണങ്ങള്‍ ബാലിശമാണെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അറസ്റ്റ് തടയണമെന്ന ആവശ്യം സാധൂകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹര്‍ജിക്കാര്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു. 18 വര്‍ഷം മുന്‍പ് ആരംഭിച്ച സംഭവമാണിതെന്നും യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ വൈദികരെ കൂടാതെ മറ്റ് പലരുടെ പേരുകളും പറയുന്നുണ്ടെന്ന് ഹര്‍ജി ഭാഗം ചൂണ്ടിക്കാട്ടി. യുവതി നല്‍കിയ പരാതിയുടെ നിജസ്ഥിതി വെളിപ്പെടാനിരിക്കുന്നുതേയുള്ളൂവെന്നും കോടതി പരാമര്‍ശിച്ചു.
കേസില്‍ പ്രതികളായ സോണി വര്‍ഗീസ്, ജോബ് മാത്യു എന്നീ രണ്ട് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് കോടതി പരിഗണിച്ചത്. വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 4 വൈദികര്‍ക്കെതിരെ കേസ് എടുത്തതായി പ്രോസിക്യൂഷന്‍ അറിയിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇന്നലെയാണ് കേസ് എടുത്തതെന്നും എഫ്‌ഐആര്‍ ലെ മഷി ഉണങ്ങും മുമ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here