വ്യാപാരയുദ്ധത്തിൽ നിറം മങ്ങി സ്വർണ്ണം

അമേരിക്കയും മറ്റ് സമ്പദ് വ്യവസ്ഥകളുമായി നിലനിൽക്കുന്ന വ്യാപാര യുദ്ധം സ്വർണ്ണത്തിളക്കവും കുറച്ചു. രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണ്ണവില ഇടിയുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 3,400 കോടി ഡോളർ മൂല്യമുള്ള ചൈനീസ് ഇറക്കുമതിക്കു മേൽ 25% നികുതി അമേരിക്ക ഏർപ്പെടുത്തിയത്. ഓഗസ്റ്റ് ഡെലിവറിക്കുള്ള ഗോൾഡ് ഫ്യൂച്ചറുകൾക്ക് 0.17% ഇടിവാണുണ്ടായത്. ട്രോയ് ഔൺസിന് 1.239.60 ഡോളറായി വില കുറഞ്ഞു.
സാധാരണ സാമ്പത്തിക പ്രതിസന്ധികളിൽ പോലും സ്വർണ്ണവില സ്ഥിരമായി നിലനിൽക്കുകയാണ് പതിവ്. എന്നാൽ ഇതിന് വിരുദ്ധമായി സ്വർണ്ണവിലയിൽ സ്ഥിരതയില്ലായ്മയാണ് കണ്ടുവരുന്നത്. ഡോളറിന്റെ മൂല്യം കുത്തനെ ഉയരുന്നതും സ്വർണ്ണ നിക്ഷേപത്തിൽ നിന്ന് പിന്മാറാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
ആ വർഷം വീണ്ടും നാലുതവണ കൂടി പലിശ നിരക്കുയർത്താൻ ഫെഡറൽ റിസർവിന് പദ്ധതിയുള്ളതായി സൂചനകളുണ്ട്. ഇത് സ്വർണ്ണവില വീണ്ടും കുറയാനിടയാക്കാനാണ് സാധ്യത. സിൽവർ ഫ്യൂച്ചറുകളുടെ വില മാറ്റമില്ലാതെ തുടരുന്നു. പ്ലാറ്റിനം ഫ്യൂച്ചറുകൾക്ക് 1.84% വിലയിടിഞ്ഞു. 805.70 ഡോളറാണ് ഔൺസിന് വില.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here