സ്വര്‍ണ്ണത്തലമുടിക്കാരനും, ഭയരഹിതനും…
ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയ പുല്‍ത്തകിടിയിലിറങ്ങുമ്പോള്‍ കാണികള്‍ കാണാന്‍ കൊതിക്കുന്ന രണ്ടു പേരുണ്ട്. കാര്‍ലോസ് ആല്‍ബര്‍ട്ടോ വാള്‍ഡരേമ പലേസിയോയും, ജോസ് റെനേ ഹിഗ്വിറ്റയും.
എന്‍ എസ് മാധവന്റെ ഹിഗ്വിറ്റ വായിച്ച് കൊളംബിയന്‍ ടീമിനോട് ഇഷ്ടം കൂടിയ മലയാളികള്‍ ഹിഗ്വിറ്റക്ക് നല്‍കിയത് മാന്ത്രിക പരിവേഷമായിരുന്നു. ഗോള്‍ പോസ്റ്റിനടുത്തു നിന്ന് മാറി റിസ്‌ക്കെടുക്കാത്ത ഗോളികളെ മാത്രമേ പലപ്പോഴും കണ്ടിട്ടുള്ളു. എന്നാല്‍ ഗോള്‍ പോസ്റ്റില്‍ നിന്നിറങ്ങി എതിരാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി കളിച്ചിരുന്ന ഹിഗ്വിറ്റ എന്നും കാല്‍പ്പന്ത് ലോകത്തെ അല്‍ഭുതമായിരുന്നു. മൈതാന മധ്യത്തിനപ്പുറത്തേക്കു പോലും ഒരു സാധാരണ കളിക്കാരനെപ്പോലെ പന്തുമായി കടന്നു ചെന്നിരുന്ന ഹിഗ്വിറ്റ ഗോളടിക്കുന്ന ഗോളി കൂടിയാണ്. 68 അന്തര്‍ദ്ദേശീയ മല്‍സരങ്ങളില്‍ കൊളംബിയന്‍ ടീമിനു വേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം ടീമിനു വേണ്ടി 3 ഗോളുകളും നേടി ഗോളടിക്കുന്ന ഗോളിയായി കയ്യടി നേടി. ഗോള്‍ മുഖം വിട്ടിറങ്ങി മൈതാനം നിറഞ്ഞു കളിച്ചിരുന്ന അദ്ദേഹത്തെ ഭയരഹിതനായ ഫുട്‌ബോളര്‍ എന്നു വിളിച്ച് ലോകം ആദരിക്കുന്നു. ഗോള്‍ പോസ്റ്റിനും പെനാല്‍ട്ടി ബോക്‌സിനുമപ്പുറം പരിധിയില്ലാത്ത തന്റെ ലോകം ഹിഗ്വിറ്റ സ്വന്തമാക്കി. മിന്നല്‍ വേഗത്തിലുള്ള ഒരു സ്‌ക്കോര്‍പ്പിയോണ്‍ കിക്ക് ഹിഗ്വിറ്റ മാത്രം കാട്ടിയ അല്‍ഭുതമായി. ഈ സ്‌ക്കോര്‍പ്പിയോണ്‍ കിക്ക് കണ്ട് കോരിത്തരിക്കാത്ത കാല്‍പ്പന്താരാധകര്‍ പുതുതലമുറയിലും ധാരാളമുണ്ട്.
കൊളംബിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലഘട്ടമെന്നറിയപ്പെട്ട 90കളില്‍ പുല്‍ മൈതാനത്തെ ത്രസിപ്പിച്ച കാല്‍പ്പന്തുകളിക്കാരനായിരുന്നു വള്‍ഡരേമ. വ്യക്തതയില്ലാത്ത പഴയ ടെലിവിഷന്‍ സെറ്റുകളില്‍ പോലും ഫുട്‌ബോള്‍ ആരാധകര്‍ സംശയലേശമെന്യേ തിരിച്ചറിഞ്ഞിരുന്നൊരു കൊളംബിയന്‍ താരം. ലുക്കിലും കളിയിലും തന്റേതായ ശൈലി ഉണ്ടാക്കിയ കളിക്കാരന്‍. 1985-1998 വരെ ദേശീയ ടീമിനു വേണ്ടി കളിച്ചിരുന്നു കാര്‍ലോസ് ആല്‍ബര്‍ട്ടോ വാല്‍ഡരേമ പലേസിയ. സ്വര്‍ണ്ണത്തലമുടിയുമായി പാറിക്കളിച്ചിരുന്ന ഈ മിഡ്ഫീല്‍ഡറുടെ സര്‍ഗാത്മകമായ കേളീശൈലി അക്കാലത്ത് ടീമിന് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചു. അസാമാന്യ വേഗം , പന്തടക്കം, മികച്ച പാസുകള്‍ എന്നിവ വാള്‍ഡരേമയെ അക്കാലത്തെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാക്കി. ഇന്നും ഈ രണ്ട് കളിക്കാര്‍ക്ക് പകരക്കാര്‍ കൊളംബിയന്‍ ടീമിലെത്തിയിട്ടില്ല. ഗ്രൂപ്പ് മല്‍സരത്തില്‍ കൊളംബിയയുടെ പ്രകടനം കാണാനെത്തിയിരുന്നു ഇരുവരും. ഗ്യാലറിയില്‍ പ്രിയതാരങ്ങളെ കണ്ട ആരാധകര്‍ വീണ്ടും അസിഷയിച്ചു. അന്നു കണ്ട അതേ രൂപത്തിലും ചുറുചുറുക്കിലും രണ്ടാളും ടീമിന് പ്രോല്‍സാഹനവുമായെത്തിയപ്പോള്‍ അവരൊന്നു മൈതാനത്തേക്കിറങ്ങിയെങ്കിലെന്ന് ആഗ്രഹിക്കാത്ത കൊളംബിയന്‍ ആരാധകരുണ്ടാവില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here