“എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചത് മെസിയാണ്, ഞാന്‍ ഇത്രത്തോളം എത്തിയതും അയാള്‍ കാരണം”: പോള്‍ പോഗ്ബ
ഫ്രാന്‍സിനോട് തോറ്റാണ് അര്‍ജന്റീന ഇത്തവണ ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുന്നത്. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഫ്രഞ്ച് പടയുടെ വിജയം. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്ന വിശേഷണമുള്ള ലെയണല്‍ മെസി ഇത്തവണയും ലോകകപ്പില്‍ മുത്തമിടാതെ നാട്ടിലേക്ക് തിരിച്ചു. മെസിയെ പോലൊരു താരത്തിന്റെ ലോകകപ്പ് സ്വപ്‌നങ്ങളെ ഇല്ലാതാക്കിയ ഫ്രഞ്ച് താരങ്ങള്‍ക്ക് അതില്‍ ചെറിയൊരു സങ്കടവുമുണ്ട്. ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ മൈതാനത്ത് ഒറ്റപ്പെട്ടവനായി, തലതാഴ്ത്തി നിന്നിരുന്ന മെസിയെ നോക്കി ഫ്രഞ്ച് താരം ഡെംബലെ കഴിഞ്ഞ ദിവസം പറഞ്ഞത് ഇങ്ങനെയാണ്: ‘കരുത്തോടെ നില്‍ക്കൂ, നിങ്ങളാണ് ഏറ്റവും മികച്ചവന്‍’…ഇതിന് പിന്നാലെയാണ് മറ്റൊരു ഫ്രഞ്ച് താരം ലെയണല്‍ മെസിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്.
സാക്ഷാല്‍ പോള്‍ പോഗ്ബയാണ് ഇത്തവണ മെസിയെ കുറിച്ച് വാചാലനായിരിക്കുന്നത്. പോഗ്ബ പറഞ്ഞ വാക്കുകള്‍ : “ഫുട്‌ബോളിനെ പ്രണയിക്കാന്‍ എന്നെ പഠിപ്പിച്ചത് മെസിയാണ്. മെസിയെ പോലൊരു മാതൃകയുള്ളതുകൊണ്ടാണ് ഞാനടക്കമുള്ള പല താരങ്ങളും ഫുട്‌ബോളിലേക്ക് എത്തിയത്. ഈ ദശകത്തിന്റെ തന്നെ താരമാണ് മെസി. പന്ത് കൊണ്ട് അദ്ദേഹം കളിക്കളത്തില്‍ കാണിക്കുന്നത് അത്ഭുതങ്ങളാണ്. അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ള ഇടതുകാലാണ് അദ്ദേഹത്തിന്റേത്”.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here