Advertisement

പരിക്കില്‍ വീണ് ഉറുഗ്വായ്; എംബാപ്പെ കരുത്തില്‍ ഫ്രാന്‍സ്

July 5, 2018
1 minute Read

ഒത്തിണക്കമുള്ള കളിയാണ് ഉറുഗ്വായുടെ കരുത്ത്. പ്രതിരോധ നിര അതിശക്തം. ഈ ലോകകപ്പില്‍ ആകെ വഴങ്ങിയിരിക്കുന്നത് ഒരു ഗോള്‍ മാത്രമാണ്. മുന്നേറ്റ നിരയില്‍ ലൂയി സുവാരസ് – എഡിന്‍സണ്‍ കവാനി സഖ്യത്തിന്റെ കരുത്ത്. ഉറുഗ്വായ് റഷ്യയിലേക്കെത്തുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ പോലും ഇത്രയും പ്രതീക്ഷിച്ചു കാണില്ല. ഇന്നിപ്പോള്‍ ക്വാര്‍ട്ടര്‍ മത്സരത്തിനായി തയ്യാറെടുക്കുകയാണ്. കവാനി – സുവാരസ് കരുത്ത് ഉറുഗ്വായെ മുന്നേറാന്‍ സഹായിക്കുന്നു. അളന്നുമുറിച്ചുള്ള പാസുകളും എതിര്‍ പോസ്റ്റിലേക്ക് അടിക്കടി ഉതിര്‍ക്കുന്ന ഷോട്ടുകളുമാണ് ഈ സഖ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

എന്നാല്‍, നാളെ ഫ്രാന്‍സിനെ നേരിടാന്‍ ഉറുഗ്വായ് കളത്തിലെത്തുമ്പോള്‍ ഈ കണക്കുകളെല്ലാം മാറിമറയാനാണ് സാധ്യത. കവാനിയും സുവാരസും പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ട്. കവാനി പോര്‍ച്ചുഗലിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തന്നെ മുഴുവന്‍ സമയം കളത്തിലുണ്ടായിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് അവസാന മിനിറ്റുകള്‍ താരത്തിന് നഷ്ടമായി. നാളെ കളത്തിലിറങ്ങുമ്പോഴും ആ പരിക്ക് കവാനിയെ അലട്ടിയാല്‍ അത് ഉരുഗ്വായ്ക്ക് വലിയ തിരിച്ചടിയാകും. അതോടൊപ്പം സുവാരസും പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇത് ഉറുഗ്വായിക്ക് ഇരട്ട പ്രഹരം നല്‍കുമെന്നതില്‍ സംശയമില്ല. എന്നാല്‍, ഇരു താരങ്ങളും മുന്‍ മത്സരങ്ങളിലെ പോലെ ഒന്നിച്ച് കളത്തിലിറങ്ങിയാല്‍, പരസ്പരം ഒത്തിണക്കത്തോടെ പന്ത് തട്ടിയാല്‍ എതിരാളികളായ ഫ്രാന്‍സ് വിയര്‍ക്കുമെന്നതില്‍ സംശയമില്ല.

ലോകകപ്പ് മത്സരങ്ങളില്‍ ഇതുവരെ ഫ്രാന്‍സ് ഉറുഗ്വായെ വീഴ്ത്തിയിട്ടില്ല എന്നതാണ് ചരിത്രം. ഒരു കളി ഉറുഗ്വായ് ജയിച്ചപ്പോള്‍ രണ്ട് കളികള്‍ സമനില പാലിക്കുകയായിരുന്നു. എന്നാല്‍, നാളെ ഫ്രാന്‍സ് കളത്തിലിറങ്ങുമ്പോള്‍ ഈ ചരിത്രത്തിന് പ്രസക്തിയില്ലെന്നാണ് കാല്‍പന്ത് ആരാധകരുടെ വിലയിരുത്തല്‍. സാക്ഷാല്‍ മെസിയുടെ അര്‍ജന്റീനയെ പിടിച്ചുകെട്ടിയതിന്റെ ത്രില്ലിലാണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തുന്നത്. വേഗതയും ആക്രമണോത്സുകതയും ഫ്രാന്‍സ് കൈവരിച്ചു കഴിഞ്ഞു. എംബാപ്പെയാണ് ഫ്രഞ്ച്പടയുടെ കുന്തമുന. എംബാപ്പെയുടെ മുന്നേറ്റത്തിന് തടയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉറുഗ്വായ് വിയര്‍ക്കും. ഗ്രീസ്മാന്‍, പോഗ്ബ തുടങ്ങിയവരും ഒത്തിണക്കത്തോടെ പന്ത് തട്ടുന്നവരാണ്. ഉറുഗ്വായെ വീഴ്ത്താന്‍ പാകത്തിനുള്ള തന്ത്രങ്ങളെല്ലാം ഫ്രാന്‍സിന്റെ കയ്യിലുണ്ട്. എന്നാല്‍, തുടക്കത്തിലെ കളി ഒടുക്കം വരെ നിലനിര്‍ത്താന്‍ ഫ്രാന്‍സ് പലപ്പോഴും മറക്കുന്നു. കളിയുടെ ആദ്യാവസാനം ഒരേ പോലെ പന്ത് തട്ടുകയാണ് ഫ്രാന്‍സിന് വെല്ലുവിളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top