ഇങ്ങനെയാണ് റൺബീർ സഞ്ജയ് ദത്ത് ആയത്; ആ അവിശ്വസനീയ വേഷപ്പകർച്ചയുടെ വീഡിയോ പുറത്ത്

സഞ്ജയ് ദത്തിന്റെ കൗമാരം മുതൽ ജയിൽവാസക്കാലം വരെയുള്ള കഥ പറയുന്ന സഞ്ജു എന്ന ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ലോകം മുഴവൻ ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ ഹീരാനിയെയും സഞ്ജുവായി അരങ്ങ് തകർത്ത റൺബീറിനെയും വാഴ്ത്തുമ്പോൾ റൺബീനെ ഈ അവിശ്വസനീയ വേഷപ്പകർച്ചയിലേക്ക് എത്തിയ അണിയറപ്രവർത്തകരെ കുറിച്ചും നാം മറക്കരുത്.
ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടുകൊണ്ട് ചിത്രത്തിനായി എന്തൊക്കെ കഠിനപരിശ്രമങ്ങളാണ് റൺബീറിന് നടത്തേണ്ടി വന്നതെന്ന് തുറന്നുപറയുകയാണ് സംവിധായകൻ. ഒപ്പം അന്താരാഷ്ട്ര മേക്കപ്പ് ആർടിസ്റ്റുകളായ ക്ലോവർ വൂട്ടൻ, വിക്രം ഗെയക്വാദ്, ഹെയർ സ്‌റ്റൈലിസ്റ്റ് ആലിം ഹക്കീം, ഫിസിക്കൽ ട്രെയ്‌നർ കുനാൽ എന്നിവരെ കുറിച്ചും വീഡിയോയിൽ പറയുന്നു.
ഇതുവരെ 200 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ മറികടന്നിരിക്കുന്നത്. 200 കോടി ക്ലബിൽ കയറുന്ന റൺബീറിന്റെ ആദ്യ ചിത്രമാണ് സഞ്ജുവെങ്കിൽ, ഈ റെക്കോർഡ് സ്വന്തമാക്കിയ രാജ്കുമാർ ഹീരാനിയുടെ മൂന്നാമത്തെ ചിത്രമാണ് സഞ്ജു. ഇതിനുമുമ്പ് 3 ഇഡിയറ്റ്‌സ്, പികെ എന്നീ ചിത്രങ്ങൾ 200 കോടി ക്ലബിൽ ഇടംനേടിയിരുന്നു.
സഞ്ജുവിൽ റൺബീറിന് പുറമെ പരേഷ് രാവൽ, മനീഷ കൊയ്‌രാള, അനുഷ്‌ക ശർമ, ജിം സർബ്, വിക്കി കുശാൽ, സോനം കപൂർ, ദിയ മിർസ എന്നിവരും വേഷമിടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here