അവര്‍ നാലു പേര്‍; അഭിമന്യു വധത്തില്‍ ഓട്ടോ ഡ്രൈവറുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

എറണാകുളം മഹാരാജാസ് കോളേജില്‍ കൊലചെയ്യപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക മൊഴി പുറത്ത്. അഭിമന്യുവിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന അക്രമി സംഘം സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടേതാണ് മൊഴി. നാല് പേരടങ്ങുന്ന സംഘമാണ് സംഭവം നടന്നതിന് പിന്നാലെ തന്റെ ഓട്ടോയില്‍ കയറിയതെന്നാണ് ഇയാള്‍ പറയുന്നത്. ഇതില്‍ ഒരാള്‍ക്ക് ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ജോസ് ജംഗ്ഷനില്‍ നിന്ന് കയറിയ ഇവര്‍ തോപ്പുംപടിയില്‍ ഇറങ്ങി. ഫുട്ബോള്‍ മത്സരം കാണുന്നതിന് ഇടയ്ക്ക് സംഘര്‍ഷം ഉണ്ടായെന്നാണ് ഇവര്‍ ഓട്ടോ ഡ്രൈവറോട് പറഞ്ഞത്.
അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. അഭിമന്യുവിനെ കൊലയിലെ മുഖ്യപ്രതി മുഹമ്മദാണെന്നാണ് പോലീസ് സംശയിക്കുന്നത്. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്. വട്ടവടയില്‍ ആയിരുന്ന അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍ സെല്‍. അഭിമന്യുവിന്റെ ഫോണില്‍ എത്തിയ വിളികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here