മധുബാലയും ദിലീപ് കുമാറും തമ്മിലുള്ള വിവാഹം മുടങ്ങാൻ കാരണം മതംമാറണമെന്ന പിടിവാശി

സംഘർഷഭരിതമായിരുന്നു ബോളിവുഡിലെ മെർലിൻ മൺറോ എന്നറിയപ്പെട്ടിരുന്ന മധുബാലയുടെ ജീവിതം. ഒരുകാലത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന മധുബാല എന്ന നടിയുടെ പതനവും മരണവുമെല്ലാം വളരെ പെട്ടെന്നായിരുന്നു. ദിലീപ് കുമാർ, പ്രദീപ് കുമാർ, ഭരത് ഭൂഷൻ തുങ്ങി നിരവധി പേരുമായി പ്രണയബന്ധമുമുണ്ടായിരുന്ന മധുബാലയുടെ അധികമാർക്കുമാറിയാത്ത സംഘർഷഭരിതമായ ജീവിതകഥ വെളിപ്പെടുത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തകനും ഫിലിംഫെയർ മാസികയുടെ എഡിറ്ററുമായ ജിതേഷ് പിള്ള.
മുംതാസ് ജെഹാൻ ബീഗം ദെഹ്ലാവി എന്ന മധുബാലയുടെ സംഭവബഹുലമായ ജീവിതം ഒരു ജ്യോത്സ്യൻ നേരത്തെ തന്നെ പ്രവചിച്ചിരുന്നുവെന്നാണ് ജിതേഷ് പറയുന്നത്. മധുബാലയുടെ അച്ഛന് 11 മക്കളായിരുന്നു. ഇവരിൽ അഞ്ച് കുട്ടികൾ മാത്രമേ ജീവിച്ചുള്ളു. നാലാമത്തെ കുട്ടിയാണ് മധുബാല. ചെറുപ്പം മുതൽ തന്നെ ബസന്ത് പോലുള്ള ചിത്രങ്ങളിൽ ബാലതാരമായി വെള്ളിത്തിരയിലെത്തിയ വ്യക്തിയാണ് മധുബാല. തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു തനിക്ക് കിട്ടുന്ന വരുമാനമെന്ന് ചെറുപ്പംമുതലേ തന്നെ മധുബാലയ്ക്ക് അറിയാമായിരുന്നു.
രാവിലെ 7 മണിക്ക് സ്റ്റുഡിയോയിലേക്ക് പോകുന്ന മധുബാല വൈകീട്ട് 6 മണിക്ക് വീട്ടിൽ തിരിച്ചെത്തും. പുറത്ത് അധികം കറങ്ങി നടക്കാനോ, സിനിമാ പ്രിമിയറുകളോ മറ്റ് പരിപാടികൾക്ക് പങ്കെടുക്കുവാനോ മധുബാലയ്ക്ക് അച്ഛൻ അനുവാദം നൽകിയിരുന്നില്ല. എന്തിനേറെ, മധുബാല എന്ന നടിക്ക് ഇതുമൂലം ആവിശ്യത്തിന് പ്രസ് കവറേജ് പോലും കിട്ടിയിരുന്നില്ല.
വളരെ ചെറുപ്പത്തിൽ തന്നെ ഒരു താരമായി മാറിയിട്ടും, താരപ്പകിട്ടോ താര ജാഡയോ ഒരിക്കലും മധബാലയെ ബാധിച്ചിരുന്നില്ല. വീട്ടിൽ നൈറ്റിയിടാനും ഇഷ്ടപ്പെട്ടിരുന്ന മധുബാലയ്ക്ക് വെള്ള സാരിയോടും കുന്ദൻ ആഭരണങ്ങളോടും വല്ലാത്ത ഭ്രമമായിരുന്നു. പലപ്പോഴും ഒരു പർദ്ദയണിഞ്ഞ് ഒരും അറിയാതെ വഴിയോര കച്ചവടക്കാരിൽ നിന്നും ഭേൽപൂരിയും ചാട്ടും കഴിക്കാൻ മധുബാല പോകുമായിരുന്നു.
ആ സമയത്ത് മധുബാലയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു ദിലീപ് കുമാർ. മധുബാലയും ദിലീപ് കുമാറും പ്രണയത്തിലാകുന്നതും അങ്ങനെയാണ്. മധുബാലയുടെ അച്ഛൻ ദിലീപ് കുമാറിനോട് വിവാഹക്കാര്യം സംസാരിച്ചുവെന്നും എന്നാൽ ദിലീപിന് അതൊരു ബിസിനസ്സ് പോലെയാണ് തോന്നിയതെന്നും ദിലീപ്് കുമാറിന്റെ ആത്മകഥയിൽ പറയുന്നു. എന്നാൽ 9 വർഷം നീണ്ടുനിന്ന ആ പ്രണയം തകരാൻ കാരണം ദിലീപ് കുമാർ മതം മാറണമെന്ന ആവിശ്യമാണെന്നും പറയുന്നുണ്ട്.
കമാൽ അംരൊഹിയും മധുബാലയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയും അക്കാലത്ത് പ്രചരിച്ചിരുന്നു. ഇരുവരുടേയും വിവാഹക്കാര്യവും ചർച്ചയിലുണ്ടായിരുന്നു. എന്നാൽ കമാലിന്റെ രണ്ടാം ഭാര്യയാകാൻ മധുബാലയ്ക്ക് താൽപ്പര്യമില്ലായിരുന്നു. ഒരുകാലത്ത് അനാർക്കലി ന്നെ ചിത്രത്തിൽ അനാർക്കലിയായി കമാൽ അംരോഹി പരിഗണിച്ചിരുന്നത് മീനകുമാരിയെയാണ്. മീന കുമാരിയും മധുബാലയും തമ്മിൽ ശത്രുതയുണ്ടായിരുന്നു. ഒടുവിൽ അനാർക്കലിയായി ബിന റായിയും, മുഗൾ ഇ ആസമിൽ മധുബാലയും വേഷമിട്ടു.
ദിലീപ് കുമാറിന് ശേഷം പ്രദീപ് കുമാർ, ഭാരത് ഭൂഷൻ, കിഷോർ കുമാർ എന്നിവരുടെ വിവാഹാഭ്യർത്ഥനകളും മധുബാലയ്ക്ക് ലഭിച്ചിരുന്നു. താൻ ഇതിൽ ആരെ വിവാഹം കഴിക്കണമെന്ന് നർഗീസിനോട് ചോദിച്ചിരുന്നു. നർഗീസ് ഭാരത് ഭൂഷന്റെ പേരാണ് പറഞ്ഞത്. എന്നാൽ മധുബാല പറഞ്ഞത് കിഷോറിന്റെ പേരാണ്. ജുംറൂ, ചൽതി കാ നാം ഗാഡി, ഹാഫ് ടിക്കറ്റ് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
ഹാഫ് ടിക്കറ്റിൽ അഭിനയിച്ചരുന്നപ്പോഴേക്കും മധുബാലയുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. കിഷോർ മതം മാറുകയും മധുബാലയെ ലണ്ടനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഹൃദയ ശസ്ത്രക്രിയ ചെയ്താൽ മധുബാലയുടെ ജീവൻ തന്നെ അപകടത്തിലാകുമെന്നതുകൊണ്ട് ഒരു ശസ്ത്രകിയയ്ക്ക് ഡോക്ടർമാർ മുതിർന്നില്ല.
കിഷോറിന്റെ മാതാപിതാക്കൾ വിവാഹത്തിനെതിരായിരുന്നു. അതുകൊണ്ട് അവർ ബാന്ദ്രയിലേക്ക് വീട് മാറി. ശേഷം മധുബാലയെ മധുബാലയുടെ സ്വന്തം വീട്ടിൽ കിഷോർ താമസിപ്പിച്ചു. തന്റെ കരിയറിന്റെ തുടക്കമായതിനാൽ മധുബാലയെ ശ്രദ്ധിക്കാൻ സമയമില്ലെന്നുപറഞ്ഞാണ് കിഷോർ മധുബാലയെ വീട്ടിലേക്ക് മാറ്റുന്നത്. എന്നാൽ അതൊരു തെറ്റായിപ്പോയി.
‘മാസത്തിലൊരിക്കലൊക്കെയാണ് പിന്നീട് കിഷോർ മധുബാലയെ കാണാൻ വന്നിരുന്നത്. ആ കൂടിക്കാഴ്ച്ചകളിലെല്ലാം കണ്ണീരും കുറ്റപ്പെടുത്തലുകളും മാത്രമായി. പതിയെ പതിയെ മധുബാലയ്ക്ക് അസൂയ തോന്നിത്തുടങ്ങി. തന്നെ അവഗണിക്കുന്നുവെന്നും മറ്റുപെൺകുട്ടികളുടെ പിറകെ പോകുന്നുവെന്നും പറഞ്ഞ് കിഷോറിനെ തുടരെ കുറ്റപ്പെടുത്താൻ തുടങ്ങി.’- മധുബാലയുടെ സഹോദരി പറയുന്നു
ആരോഗ്യസ്ഥിതി അത്രയേറെ മോശമായിരുന്ന മധുബാലയ്ക്ക് കിഷോറിന്റെ സ്‌നേഹവും സാമിപ്യവമുായിരുന്നു ആ സമയത്ത് ആവിശ്യം. ഒരു ദിവസം കിഷോറിന് മധുബാലയുടെ അച്ഛന്റെ അടുത്തുനിന്നും ഒരു ഫോൺ വന്നു. മധുബാലയുടെ സ്ഥിതി ഗുരുതരമാണെന്നും ഒരുപക്ഷേ അവളെ ഇനി കാണാൻ കഴിയില്ലെന്നുമായിരുന്നു സന്ദേശം. അന്ന് മധുബാല തന്റെ ദുരിതം നിറഞ്ഞ ജീവിതത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു. ഇസ്ലാം മതാചാരപ്രകാരമാണ് കിഷോർ മധുബാലയെ സംസ്‌കരിച്ചത്. അങ്ങനെ 36 ആം വയസ്സിൽ മധുബാല യാത്രയായി…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here