Advertisement

ആദ്യ പകുതി ഫ്രാന്‍സിനൊപ്പം; ക്രൊയേഷ്യ പ്രതിരോധത്തില്‍ (2-1) ചിത്രങ്ങള്‍, വീഡിയോ

July 15, 2018
Google News 24 minutes Read

ഫ്രാന്‍സ് – ക്രൊയേഷ്യ ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ ഫ്രഞ്ച് ടീം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലീഡ് ചെയ്യുന്നു.

ക്രൊയേഷ്യയുടെ ടച്ചില്‍ മത്സരത്തിന് കിക്കോഫ്…

ചുവപ്പും വെള്ളയും കലര്‍ന്ന ജഴ്‌സിയില്‍ ക്രൊയേഷ്യ. കടുംനീല ജഴ്‌സിയില്‍ ഫ്രാന്‍സ്.

മൂന്നാം മിനിറ്റിലും അഞ്ചാം മിനിറ്റിലും ക്രൊയേഷ്യയുടെ മുന്നേറ്റങ്ങള്‍. ഉംറ്റിറ്റിയും വരാനെയും മുന്നേറ്റത്തെ തടുക്കുന്നു. ഫ്രാന്‍സ് പ്രതിരോധത്തിലൂന്നിയ പ്രകടനമാണ് ആദ്യ മിനിറ്റുകളില്‍ നടത്തിയത്.

8-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍. ക്രൊയേഷ്യയ്ക്ക് അനുകൂലമായ കോര്‍ണര്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് എടുക്കുന്നു. കോര്‍ണര്‍ ആനുകൂല്യം മുതലെടുക്കാന്‍ ക്രൊയാട്ടുകള്‍ക്ക് സാധിച്ചില്ല.

ആദ്യ 10 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ കളത്തില്‍ ക്രൊയേഷ്യന്‍ ആധിപത്യം. 11-ാം മിനിറ്റില്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യയ്ക്ക് മികച്ച അവസരം. എന്നാല്‍, ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.

18-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ ഗോള്‍ മുഖം വിറക്കുന്നു!!!

ബോക്സിനു തൊട്ടുവെളിയിൽ അന്റോയിൻ ഗ്രീസ്മനെ ബ്രോസോവിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്സിലേക്ക് ഗ്രീസ്മൻ ഉയർത്തിവിട്ട പന്ത് മാൻസൂക്കിച്ചിന്റെ തലയിൽത്തട്ടി വലയിലേക്ക്. സുബാസിച്ചിന് ഒന്നും ചെയ്യാനാകുന്നില്ല.

ഓ…ഓണ്‍ ഗോള്‍!!! ക്രൊയേഷ്യ പ്രതിരോധത്തില്‍…

കളിക്കളത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് ക്രൊയേഷ്യ…എന്നാല്‍, ഗോള്‍ നേടിയത് ഫ്രാന്‍സും.

27-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിനെ വീഴ്ത്തിയതിന് ഫ്രഞ്ച് താരം കാന്റെയ്ക്ക് മഞ്ഞകാര്‍ഡ്‌.

‘ഹാവൂ…ഭാഗ്യം’- നിരാശരായ ക്രൊയേഷ്യന്‍ ആരാധകര്‍ക്ക് ഇവാന്‍ പെരിസിച്ചിലൂടെ സന്തോഷവാര്‍ത്ത.

18-ാം മിനിറ്റില്‍ ഫ്രാന്‍സ് നേടിയ ഗോളിന് മറുപടി നല്‍കി ക്രൊയേഷ്യ. ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് എടുത്ത ഫ്രീകിക്ക് ഫ്രഞ്ച് പോസ്റ്റിനെ ചുറ്റിപറ്റി പായുന്നു. പന്ത് ക്രൊയേഷ്യന്‍ താരങ്ങളുടെ കാലില്‍. കൂട്ടപ്പൊരിച്ചിലിനിടയില്‍ പെരിസിച്ച് സുന്ദരമായ ഒരു ഗോള്‍ സ്വന്തമാക്കി ക്രൊയേഷ്യയെ സമനിലയിലാക്കുന്നു. (1-1)

മത്സരം കൂടുതല്‍ ചൂടുപിടിക്കുന്നു. രണ്ടാം ഗോളിനായി ഇരു ടീമുകളും പൊരിഞ്ഞ പോരാട്ടത്തില്‍. ഫ്രഞ്ച് മുന്നേറ്റം ശക്തിപ്പെടുന്നു. മറുവശത്ത്, തങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച അവസരങ്ങള്‍ ക്രൊയേഷ്യ നഷ്ടപ്പെടുത്തുന്നു. ഫ്രഞ്ച് പ്രതിരോധം ക്രൊയേഷ്യന്‍ മുന്നേറ്റത്തിന് വിലങ്ങുതടിയാകുന്നു.

ക്രൊയേഷ്യ വീണ്ടും ഞെട്ടുന്നു…

ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ തടയാനുള്ള ശ്രമത്തില്‍ ക്രൊയേഷ്യന്‍ താരം പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി സംശയം. റഫറി വിഎആറിന്റെ സഹായം തേടുന്നു. ഹാന്‍ഡ് ബോള്‍ ഫ്രാന്‍സിന് പെനാല്‍റ്റി ആനുകൂല്യം നല്‍കുന്നു. മത്സരത്തിന്റെ 38-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അനായാസം അന്റോയ്ന്‍ ഗ്രീസ്മാന്‍ ലക്ഷ്യത്തിലെത്തിക്കുന്നു. ക്രൊയേഷ്യ തലയില്‍ കൈവെക്കുന്നു…മത്സരം 2-1

ആദ്യ പകുതി അവസാനിക്കും മുന്‍പ് സമനില ഗോള്‍ നേടാനായി ക്രൊയേഷ്യയുടെ ശ്രമം. ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടി എല്ലാ മുന്നേറ്റങ്ങളും പാഴായി പോകുന്നു. മത്സരം 45 മിനിറ്റുകള്‍ പിന്നിടുന്നു. ആദ്യ പകുതിക്ക് 3 മിനിറ്റ് എക്‌സ്ട്രാ ടൈം അനുവദിക്കുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ മത്സരം 2-1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here