‘ഒരു ദെഷാംപ്‌സ് വീരഗാഥ’; ഫ്രഞ്ച് പരിശീലകന് അപൂര്‍വ്വ റെക്കോര്‍ഡ്

എത്രയെത്ര ഇതിഹാസ താരങ്ങള്‍ പിന്നീട് അവരുടെ രാജ്യാന്തര ടീമിന്റെ പരിശീലകരായി എത്തിയിരിക്കുന്നു. അവര്‍ക്കൊന്നും നേടാന്‍ സാധിക്കാത്ത അപൂര്‍വ്വ റെക്കോര്‍ഡിലാണ് ലോകകപ്പ് നേട്ടത്തോടെ ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് മുത്തമിട്ടിരിക്കുന്നത്. ഈ ലോകകപ്പ് ദെഷാംപ്‌സിന്റെ കൂടിയാണ്.

ഫ്രാന്‍സ് ആദ്യ ലോകകപ്പ് സ്വന്തമാക്കിയ 1998 ല്‍ ഫ്രാന്‍സ് ടീമിന്റെ നായകനായിരുന്നു ദെഷാംപ്‌സ്. ഫ്രഞ്ച് ടീമിന്റെ ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍ വേഷത്തിലായിരുന്നു ദെഷാംപ്‌സ് എന്ന നായകന്‍ പന്ത് തട്ടിയിരുന്നത്. അന്ന്, വിശ്വകിരീടത്തില്‍ ഫ്രാന്‍സ് മുത്തമിട്ടു. പിന്നീട്, 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിന് രണ്ടാം കിരീടനേട്ടം. 1998 ല്‍ ഫ്രാന്‍സിനെ നയിച്ച നായകന്‍ 2018 ല്‍ മുഖ്യ പരിശീലകന്റെ വേഷത്തില്‍. ടീം നായകനായും പരിശീലകനായും ഫ്രാന്‍സിന്റെ രണ്ട് ലോകകപ്പിലും ദെഷാംപ്‌സ് അവകാശിയായിരിക്കുന്നു.

ജര്‍മന്‍ താരം ബക്കന്‍ ബോവറിന് മാത്രമാണ് ഈ അപൂര്‍വ്വ നേട്ടമുള്ളത്. 1974 ലോകകപ്പ് ജര്‍മനി നേടുമ്പോള്‍ ബോവര്‍ ടീം നായകനായിരുന്നു. 1990 ലോകകപ്പ് സ്വന്തമാക്കിയ ജര്‍മന്‍ ടീമിന്റെ പരിശീലകനും ബോവര്‍ തന്നെയായിരുന്നു. ഫ്രാന്‍സിന്റെ രണ്ട് ലോകകപ്പിലും അവകാശമുള്ള ദെഷാംപ്‌സ് തന്നെയാണ് റഷ്യയിലെ സൂപ്പര്‍ ഹീറോ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top