നിരാശകൊണ്ട് ഊതിവീര്‍പ്പിച്ച സ്വര്‍ണ പന്ത്!!!

നാല് നാല് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വിരുന്നിനെത്തുന്ന ലോകകപ്പിലെ താരമാകുക…ആ താരത്തിനുള്ള ഫിഫയുടെ സ്വര്‍ണ പന്ത് നേടുക…ഏതൊരു കാല്‍പന്ത് കളിക്കാരനും മോഹിക്കുന്ന നേട്ടമാണത്. എന്നാല്‍, കഴിഞ്ഞ 20 വര്‍ഷമായി ആ സ്വര്‍ണപന്തിന് പറയാനുള്ളത് നിരാശയുടെയും കണ്ണീരിന്റെയും കഥ മാത്രം…തുടര്‍ച്ചയായ 6 ലോകകപ്പുകളിലും സ്വര്‍ണ പന്ത് നേടിയ താരങ്ങള്‍ നിരാശയോടെ ലോകകപ്പ് വേദിയില്‍ നിന്ന് യാത്ര തിരിക്കുകയായിരുന്നു…ആരും കൊതിക്കുന്ന ആ നേട്ടം സ്വന്തമാക്കിയിട്ടും അവരെല്ലാം സ്വര്‍ണ പന്ത് സ്വീകരിച്ചത് കണ്ണീരോടെ…തലതാഴ്ത്തിയായിരുന്നു. അതെ, നിരാശകൊണ്ട് ഊതിവീര്‍പ്പിച്ച സ്വര്‍ണ പന്ത്!!!

ഇത്തവണ സ്വര്‍ണ പന്തുമായി തല താഴ്ത്തിയത് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മേഡ്രിച്ച്. ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് ലോകകപ്പെന്ന സ്വപ്‌നം ചിതറിപ്പോയപ്പോള്‍ മോഡ്രിച്ചെന്ന മികച്ച നായകന് എങ്ങനെ സന്തോഷിക്കാന്‍ സാധിക്കും? 2014 ലോകപ്പാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത്. ജര്‍മനിയോട് ഫൈനലില്‍ തോറ്റ് അര്‍ജന്റീന കണ്ണീരണിയുന്നു. ലോകകപ്പിന്റെ താരമായി സാക്ഷാല്‍ ലെയണല്‍ മെസി സ്വര്‍ണ പന്തിന് ഉടമയാകുന്നു. മെസി ആരാധകര്‍ക്ക് പോലും സന്തോഷിക്കാനാവാത്ത അവസ്ഥ. അയാളുടെ മുഖവും വാടിയിരുന്നു. പത്താം നമ്പര്‍ ജഴ്‌സിയില്‍ സ്വര്‍ണ പന്ത് വാങ്ങി തലകുനിച്ച് നില്‍ക്കുന്ന മെസിയെ കാല്‍പന്ത് ആരാധകര്‍ എങ്ങനെ മറക്കും?

2010 ല്‍ സ്‌പെയിന്‍ കിരീടം ചൂടിയപ്പോള്‍ ഉറുഗ്വായ് താരം ഡീഗോ ഫോര്‍ലാനാണ് സ്വര്‍ണ പന്തിന് ഉടമയായത്. 2010 ലോകകപ്പില്‍ സെമി ഫൈനലില്‍ വീണവരാണ് ഉറുഗ്വായ്.

2006 ലോകകപ്പ് എങ്ങനെ മറക്കും? നാടകീയമായ ഫ്രാന്‍സ് – ഇറ്റലി ഫൈനല്‍ മത്സരത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും വിട്ടുപോയിട്ടില്ല. ഇറ്റലിയോട് തോറ്റ് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ നിരാശരായി തല താഴ്ത്തി നിന്നു. ഫ്രഞ്ച് ക്യാപ്റ്റന്‍ സിനദീന്‍ സിദാനായിരുന്നു ആ ലോകകപ്പിന്റെ താരം. മറ്റെരാസിയെ തലകൊണ്ട് അടിച്ചുവീഴ്ത്തി ഫൈനല്‍ മത്സരത്തില്‍ റെഡ് കാര്‍ഡ് കണ്ട് സിദാന്‍ പുറത്തായതും ഫ്രാന്‍സ് ആരാധകര്‍ ഒരുമിച്ച് തലയില്‍ കൈവച്ചതും എങ്ങനെ മറക്കും? അന്നും ആ സ്വര്‍ണ പന്ത് പരാജിത നായകനൊപ്പം.

 

2002 ലോകകപ്പില്‍ ബ്രസീലിനോട് ഫൈനലില്‍ തോറ്റ ജര്‍മന്‍ ടീം താരമായിരുന്ന ഒളിവര്‍ ഖാനാണ് ആ ലോകകപ്പില്‍ സ്വര്‍ണ പന്തിന് അവകാശിയായത്. 1998 ല്‍ ഫ്രാന്‍സിനോട് ഫൈനലില്‍ തോറ്റ ബ്രസീലിനും നിരാശയുടെ സ്വര്‍ണ പന്ത് ചരിത്രം പറയാനുണ്ട്. അന്ന് ഫ്രഞ്ച് തേരോട്ടത്തിന് മുന്നില്‍ പരാജിതനായി തലകുനിച്ച് നിന്ന് റൊണാള്‍ഡോയായിരുന്നു ലോകകപ്പിലെ താരവും സ്വര്‍ണ പന്തിന് ഉടമയും.

തുടര്‍ച്ചയായ 6 ലോകകപ്പുകളില്‍ നിരാശകൊണ്ട് ഊതിവീര്‍പ്പിച്ച സ്വര്‍ണ പന്ത്…കണ്ണീരണിഞ്ഞ്, തലതാഴ്ത്തി നിന്നവനെയാണ് തേടി വന്നിരിക്കുന്നത്!!!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More