ലോകകപ്പ് പ്രവചനത്തില്‍ അര്‍ജുന്‍ ‘ഗുരു’

മെന്റലിസ്റ്റ് അര്‍ജുന്‍ ഗുരു നടത്തിയ ലോകകപ്പ് പ്രവചനം അച്ചട്ടായി. ഫ്രാന്‍സ് ലോകചാമ്പ്യന്‍മാരാകുമെന്നും ക്രൊയേഷ്യ രണ്ടാം സ്ഥാനത്തെത്തുമെന്നും തുടങ്ങി സെമി ഫൈനല്‍ മത്സരങ്ങള്‍, ഗോള്‍ നില, വ്യക്തിഗത പുരസ്‌കാരങ്ങള്‍ തുടങ്ങിയതെല്ലാമായിരുന്നു അര്‍ജുന്‍ ഗുരുവിന്റെ പ്രവചനം. ജനപ്രതിനിധികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പ്രവചനങ്ങള്‍ എഴുതി ഇലക്ട്രോണിക് സേഫില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ജൂലൈ എട്ടിനാണ് പ്രവചനം നടത്തിയത്. പ്രവചനം നടത്തിയ രേഖ രഹസ്യകോഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത് 24 മണിക്കൂര്‍ ക്യാമറ നിരീക്ഷണത്തില്‍ സൂക്ഷിക്കുകയായിരുന്നു. ഹൈബി ഈഡന്‍ എംഎല്‍എയും ചലച്ചിത്ര താരം ശരണ്‍ പുതുമനയും ചേര്‍ന്നാണ് പാസ്‌വേര്‍ഡ് സെറ്റ് ചെയ്ത് സീല്‍ ചെയ്തത്.

ഇന്നലെ സെന്‍ട്രല്‍ മാളില്‍ നടന്ന ചടങ്ങില്‍ പ്രവചനങ്ങള്‍ പുറത്തെടുത്തു. ഫ്രാന്‍സ് ജേതാക്കളാകും, ക്രൊയേഷ്യ രണ്ടാമതെത്തും, മൂന്നാം സ്ഥാനം ബല്‍ജിയം സ്വന്തമാക്കും, ഇംഗ്ലണ്ടായിരിക്കും നാലാമത്, ഹാരി കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ട്, ലൂക്കാ മോഡ്രിച്ച് ഗോള്‍ഡന്‍ ബോള്‍, തിബൂട്ട് കോര്‍ട്ട്വാ ഗോള്‍ ഗ്ലൗ…തുടങ്ങിയ അര്‍ജുന്‍ ഗുരുവിന്റെ പ്രവചനങ്ങള്‍ അച്ചട്ടായി നടന്നു. എറണാകുളം സ്വദേശിയായ അര്‍ജുന്‍ ഗുരു ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ബിരുദം നേടിയ ശേഷം അഞ്ചു വര്‍ഷമായി മെന്റലിസം പരിശീലിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top