സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തും

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് അറിയിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തുക. അടുത്ത മൂന്ന് ദിവസത്തിനകം കേന്ദ്രസംഘം കേരളത്തിലെത്തുമെന്നാണ് സൂചന. പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഇന്നസെന്റ് എംപിയോട് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.

അതേ സമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ട്. ഇക്കാര്യം പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തെ അറിയിച്ചു. സര്‍വകക്ഷിസംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അല്‍ഫോണ്‍സ് കണ്ണന്താനത്തെ പ്രധാനമന്ത്രി വിളിപ്പിച്ചിട്ടുണ്ട്.

കേന്ദ്രഫണ്ട് കിട്ടിയിട്ടും സംസ്ഥാനം നടപ്പിലാക്കാത്ത പദ്ധതികളുടെ പട്ടിക നരേന്ദ്ര മോദി മുഖ്യമന്ത്രിക്ക് കൈമാറി. 2012 ല്‍ അനുമതി ലഭിച്ച കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്തുകൊണ്ട് ഇതുവരെയും നടപ്പിലാക്കിയില്ലെന്ന് പ്രധാനമന്ത്രി കേരളത്തില്‍ നിന്നെത്തിയ സംഘത്തോട് ചോദിച്ചു. റേഷന്‍ വിഹിതം പുനഃസ്ഥാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പ്രധാനമന്ത്രി തള്ളി. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തില്‍ കേരളത്തിന് മാത്രമായി ഇളവ് നല്‍കാനാവില്ലെന്ന് മോദി അറിയിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും വ്യക്തമായ ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. അതേ സമയം, കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് ആവശ്യമായ സഹായം നല്‍കാമെന്നും ശബരിപാതയുടെ കാര്യത്തില്‍ സംസ്ഥാനം സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ മുന്നോട്ട് പോകാമെന്നും പ്രധാനമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top