‘മീശ’ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് സമകാലിക മലയാളം

ഹൈന്ദവ സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ‘മീശ’ നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് സമകാലിക മലയാളം വാരിക. സോഷ്യല്‍ മീഡിയയില്‍ കുടുംബത്തിനെതിരായ ആക്രമണത്തെ തുടര്‍ന്നാണ് നോവലിസ്റ്റ് എസ്. ഹാരീഷ് മാതൃഭൂമിയില്‍ നിന്ന് മീശ നോവല്‍ പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സാമകാലിക മലയാളം രംഗത്തെത്തിയത്.
എഴുത്തുകാരന് നേരെ ഉയരുന്ന ഭീഷണിയില്‍ ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസ്സുകള്‍തന്നെയാണ്. ഇപ്പോള്‍ മുട്ടുമടക്കിയാല്‍ നാളെ നമ്മള്‍ മുട്ടിലിഴയേണ്ടിവരുമെന്നും സമകാലിക മലയാളം എഡിറ്റോറിയല്‍ സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം
എസ്. ഹരീഷിന്റെ നോവല്‍ മീശ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ സമകാലിക മലയാളം വാരിക തയ്യാറാണ്. എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. എഴുത്തുകാരനുനേരെ ഉയരുന്ന ഭീഷണിയില്‍ ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസ്സുകള്‍തന്നെയാണ്. ഇപ്പോള്‍ മുട്ടുമടക്കിയാല്‍ നാളെ നമ്മള്‍ മുട്ടിലിഴയേണ്ടിവരും. ഹരീഷിനും കുടുംബാംഗങ്ങള്‍ക്കും നേരെയുള്ള സംഘപരിവാര്‍ ഭീഷണിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. എഴുത്തുകാരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സംരക്ഷകരായി വായനക്കാരും സാംസ്‌കാരികലോകവും പ്രസിദ്ധീകരണശാലകളും അണിനിരക്കേണ്ട കെട്ടകാലമാണിത്. എസ്.ഹരീഷിന് സമകാലിക മലയാളം വാരികയുടെ പൂര്‍ണപിന്തുണ അറിയിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here