‘സര്‍ക്കാര്‍ സാഹിത്യകാരനൊപ്പം’; ‘മീശ’ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തീവ്രസ്വഭാവമുള്ള ചിലരുടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പിന്‍വലിച്ച മീശയുടെ എഴുത്തുകാരന് കേരള സര്‍ക്കാറിന്റെ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സാഹിത്യകാരനൊപ്പം കേരള ഗവണ്മെന്റ് നില്‍ക്കുമെന്ന് പിണറായി വിജയന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എഴുത്തുകാരന് നേരെയുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. നോവല്‍ രചയിതാവ് ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥചിത്തനാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും കേരള ഗവർമെന്റ്. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേർക്കുള്ള കടന്നാക്രമണങ്ങൾ അനുവദിക്കില്ല. നിർഭയമായ അന്തരീക്ഷത്തിലേ സർഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല. മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളിൽ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയിൽ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കൾക്ക് അദ്ദേഹം നൽകേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം”.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here