Advertisement

കണ്ണിൽ മുളക് തേക്കും; കരഞ്ഞാൽ മുഖത്ത് അടിക്കും; അപ്പൊഴേക്കും പ്രതികരിക്കാൻ പോലും വയ്യാത്തത്ര കുഴഞ്ഞ് പോയിരുന്നു നന്ദിനി

July 23, 2018
Google News 1 minute Read
shocking experience of woman in police custody

പോലീസ് ആക്രമണങ്ങളും കസ്റ്റഡി മരണങ്ങളും ഇന്ന് തുടർക്കഥയാണ്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന കസ്റ്റഡി മർദ്ദനത്തിന്റെ കഥ പറയുന്നൊരു ഫേസ്ബുക്ക് പോസ്റ്റാണ് ഇന്ന് ചർച്ചയായിരിക്കുന്നത്.

പ്രതിശ്രുത വരന്റെ അപകടമരണവുമായി ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതായിരുന്നു നന്ദിനിയെ. എന്നാൽ അവിടെയെത്തിയ ശേഷമാണ് തന്റെ പ്രതിശ്രുത വരന്റെ മരണത്തിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവെക്കാനാണ് പോലീസിന്റെ ഉദ്ദേശമെന്ന് നന്ദിനി മനസ്സിലാക്കുന്നത്. കൊലകുറ്റം സമ്മതിപ്പിക്കാൻ നോക്കിയിട്ടും സമ്മതിക്കാതിരുന്നതോടെ അവർ ക്രൂരമാർഗങ്ങളിലൂടെ നന്ദിനിയെ അക്രമിക്കാൻ തുടങ്ങി. കണ്ണിൽ മുളകുപൊടി തേച്ചും, അടിച്ചും, ഇടിച്ചും, സിഗരറ്റ് കൊണ്ട് പൊള്ളിച്ചും കേട്ടാൽ ഞെട്ടുന്ന മർദ്ദനമുറകൾ.

പോലീസ് സ്‌റ്റേഷനുകൾ സുരക്ഷയൊരുക്കാനുള്ള ഇടം മാത്രമല്ല മറിച്ച് ഭീതിയുടേയും ക്രീരതയുടേയും ഇടം കൂടിയാണെന്ന് അടിവരയിടുന്നതാണ് ഈ അനുഭവം. പോസ്റ്റിൽ പറഞ്ഞിരിക്കുന്ന നന്ദിനി എന്നത് സാങ്കൽപ്പിക പേരാണെന്നും ആളുടെ ഐഡന്റിറ്റിയും ചുറ്റുപാടുകളും മാറ്റിയിട്ടുണ്ടെന്നും എന്നാൽ പ്രധാന വിഷയത്തിൽ നന്ദിനി പറഞ്ഞതിൽ നിന്നും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, ഒരുപാട് വർഷങ്ങൾക്ക് മുൻപ് നമ്മുടെ അയൽസംസ്ഥാനത്തെ ഒരു നഗരത്തിൽ നടന്നതാണിതെന്നും നന്ദിനിയുടെ സുഹൃത്ത് ഹബീബ് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം :

നന്ദിനിയെ ഓർമ്മയുണ്ടോ… അപ്രതീക്ഷിതമായി ജീവിതത്തിൽ നേരിടേണ്ടി വന്ന സംഭവങ്ങളൊട് അത്രക്ക് പൊരുതി നിന്നവളെ… അതിജീവനത്തിന്റെ പര്യായങ്ങളിലൊന്ന്… അന്നവൾക്ക് നേരിടേണ്ടി വന്ന ദുരന്തത്തിനു (ലിങ്ക് ആദ്യ കമന്റിൽ) തൊട്ടുപിന്നാലെ മറ്റൊരു ക്രൂരത കൂടി കാത്തിരിക്കുന്നുണ്ടായിരുന്നു…

രാഹുൽ മരിച്ച് രണ്ടാഴ്ചക്ക് ശേഷം അവൾക്കൊരു ഫോൺ കോൾ വന്നു, സ്റ്റേഷനിലേക്ക് എന്തോ വേരിഫിക്കേഷന്റെ ആവശ്യത്തിന് ചെല്ലാൻ പറഞ്ഞിട്ട്. അതിനു മുൻപ് വിദേശത്തേക്ക് ഉപരിപഠനവുമായി ബന്ധപ്പെട്ട് ഒന്നു രണ്ട് തവണ വേരിഫിക്കേഷനു ചെല്ലേണ്ടി വന്നിരുന്നു, അതിന്റെ ഭാഗമാണെന്നാണ് കരുതിയത്. ലോങ്ങ് വീക്കെൻഡ് ആയതുകൊണ്ട് അന്നവൾ താമസിച്ചിരുന്ന ഹോസ്റ്റലിലെ മിക്കവരും അവരവരുടെ നാട്ടിലെത്തിയിരുന്നു. ഡ്യൂട്ടി തീർത്ത് നാട്ടിലേക്ക് ലീവിന് പോവാൻ നിന്ന കൂട്ടുകാരിയോട് ഇന്ന സ്ഥലത്തേക്കാണെന്ന് ജസ്റ്റ് സൂചിപ്പിച്ച് രാവിലെ പത്തരയോടെ നന്ദിനി ഹോസ്റ്റലിൽ നിന്നിടങ്ങി. സ്ഥലമൊന്നും വല്യ ഐഡിയ ആയിട്ടില്ലാത്ത അയൽസംസ്ഥാനമാണ്, ഭാഷയും ഒരു പരിധി വരെ പ്രശ്നമാണ്. അത്കൊണ്ട് തന്നെ എങ്ങോട്ട് പോകാനാണെങ്കിലും പരിചയമുള്ള നാലഞ്ച് ഓട്ടോക്കാരിൽ ആരെയെങ്കിലുമേ വിളിക്കാറുള്ളൂ… ഇങ്ങനെയൊരു സ്ഥലത്തേക്കാണ് പോവുന്നതെന്നറിഞ്ഞാൽ ഓട്ടോ ചേട്ടനിൽ നിന്ന് കൂടുതൽ ചോദ്യങ്ങളുണ്ടാകും, അതോണ്ട് തൊട്ടടുത്ത തെരുവിൽ ഓട്ടോയിറങ്ങി അവിടുന്ന് നടന്ന് സ്റ്റേഷനിൽ വന്ന് കയറുമ്പോൾ മണി പതിനൊന്ന്.

ആദ്യം കണ്ടയാളോട് ഇവിടുന്ന് വിളിച്ചിരുന്നെന്ന് പറഞ്ഞപ്പോൾ നന്ദിനിയോട് വെയ്റ്റ് ചെയ്യാൻ പറഞ്ഞു. ചുമരോട് ചേർന്ന കസേരയിലിരുന്ന് ചുറ്റുമൊന്ന് നോക്കി. കയറിച്ചെല്ലുമ്പോൾ ആകെ ഇടുങ്ങിയ ഒരു ഫീൽ ആണെങ്കിലും അകത്തേക്ക് പല മുറികളും ഇരുണ്ട വരാന്തയും കോണിപ്പടിയുമൊക്കെ കാണാം.

അല്പസമയം കഴിഞ്ഞ് ഒരു ലേഡി വന്ന് പോവാൻ ധൃതിയുണ്ടോ എന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞു. ആ വഴി സൈക്കിളിൽ ചായ വിൽക്കാൻ വന്നയാളിൽ നിന്ന് ഒരു ഗ്ലാസ് ചായ വാങ്ങി അവർ നന്ദിനിക്ക് കൊടുത്തു.

അര മണിക്കൂറോളം കഴിഞ്ഞ് കാണും. ഒരാൾ വന്ന് “സർ വിളിക്കുന്നു, അകത്തേക്ക് വരാൻ” പറഞ്ഞു? അത്രയും നേരം അവിടെ വേണ്ടപ്പെട്ടവർ ആരും ഇല്ലെന്നാണ് പറഞ്ഞത്. അത് കൊണ്ട് ഏത് സാറാണ് വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ അതറിഞ്ഞാലേ നീയൊക്കെ വരൂ എന്നും ചോദിച്ച് അയാൾ ദേഷ്യപ്പെട്ടു. അറിയാത്ത ഭാഷയിലായതു കൊണ്ട് പറഞ്ഞ പലതും മനസ്സിലായില്ല.

പിന്നെയയാൾ ഹാൻഡ്‌ബാഗിലേക്ക് നോക്കി കയ്യിൽ മൊബൈലുണ്ടോ എന്ന് ചോദിച്ചു. ഉത്തരം പറയുന്നതിനു മുൻപ് ഫോൺ റിംഗ് ചെയ്തു. കൂട്ടുകാരനായിരുന്നു, അന്ന് വൈകിട്ട് മീറ്റ് ചെയ്യാമെന്ന് പറഞ്ഞതാണ്. ഫോണെടുത്തപ്പോൾ ഇന്ന ഇടത്താണെന്ന് പറഞ്ഞില്ല, പകരം ഒരു ജോലി സംബന്ധമായി ഒരിടത്ത് വന്നിരിക്കുകയാണെന്നും, പിന്നെ വിളിക്കാമെന്നും പറഞ്ഞ് വച്ചു. അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ബാഗ് അവിടെത്തന്നെ വക്കണമെന്ന് പറഞ്ഞു. ഫോൺ സൈലന്റിലേക്ക് മാറ്റി ബാഗിലിട്ട് അതവിടെ വച്ചു.

അകത്ത് കയറിച്ചെന്നപ്പൊൾ ജീൻസും ടീഷർട്ടും ധരിച്ച ഒരാളാണ് ആദ്യം മുന്നിൽ വന്നത്. “ഇത് സ്ഥിരം പതിവാണോ?” എന്ന് ചോദിച്ചു. എന്താണയാൾ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവാതെ “എന്താ?” എന്ന് തിരിച്ച് ചോദിച്ചപ്പോൾ “നിനക്കൊന്നും അറിയില്ലേ?” എന്ന് പറഞ്ഞ് അയാൾ നന്ദിനിയുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. കുറച്ച് നേരത്തേക്ക് അമ്പരന്നു പോയി. “എനിക്കൊന്നും അറിയില്ല, നിങ്ങൾ എന്നെത്തന്നെയാണോ വിളിച്ചത്” എന്ന് ചോദിച്ചതിന് മറുപടി തുടരെത്തുടരെയുള്ള അടിയായിരുന്നു മറുപടി. ആകെ വയ്യാതെയാവുന്നതും കുഴഞ്ഞു പോകുന്നതും അറിയുന്നുണ്ടായിരുന്നു. അല്പസയത്തിനു ശേഷം അടി നിർത്തി ചോദ്യങ്ങൾ ആരംഭിച്ചു.

“നിനക്ക് അവനെത്തന്നെ കൊല്ലണമായിരുന്നോ? മര്യാദക്ക് പണിയെടുത്ത് ജീവിച്ചിരുന്ന ചെക്കനല്ലേ? അവനെ എന്തിനാ കൊന്നേ? നിനക്ക് പണമാണോ വേണ്ടിയിരുന്നത്?”
“ആരെ?”
പിന്നെയും അടി പൊട്ടി.
“നിനക്ക് രാഹുലിനെ അറിയില്ലേ…?” വീണ്ടും അടി.

അതുവരെ ഒരുവിധം പിടിച്ചു നിന്ന നന്ദിനി അതോടെ പൊട്ടിക്കരഞ്ഞു പോയി.
“രാഹുലിനെ ഞാൻ കൊന്നതല്ല. ഞങ്ങൾ ഒരുമിച്ച് ജീവിക്കാനിരുന്നതാണ്”
“എങ്കിൽ പോയി അവനെ വിളിച്ചോണ്ട് വാ”
“അവൻ മരിച്ച് പോയില്ലേ, ഇനി എങ്ങനെ വിളിക്കാനാ…”
“നീയല്ലേ കൊന്നേ…”
“ഞാനല്ല കൊന്നത്. ആക്സിഡന്റിലാ രാഹുൽ മരിച്ചത്”
“നീയാണവനെ കൊന്നതെന്ന് സമ്മതിക്കണം”
“ഇല്ല, പറയില്ല”
ഇത്രയുമായപ്പോൾ ആദ്യം റിസപ്ഷനിൽ കണ്ട ലേഡി അങ്ങോട്ട് വന്നിട്ട് തൽക്കാലം അവർ എന്ത് പറഞ്ഞാലും സമ്മതിക്ക് മോളേ എന്ന് ഉപദേശിച്ചു. താനാരെയും കൊന്നിട്ടില്ല, സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോ അവർ തിരിച്ച് പോയി.

വീണ്ടും ബാറ്റൺ പഴയ ആളിലേക്ക് തന്നെ എത്തി.
“നീ ഇത് സമ്മതിക്കുന്നത് വരെ നിന്നെ ഉപദ്രവിക്കും”
“അങ്ങനെ എന്നെ ഇവിടെ വച്ചോണ്ടിരിക്കാനൊന്നും നിങ്ങൾക്ക് പറ്റില്ല”
“ഓഹോ, നിനക്ക് നിയമമൊക്കെ അറിയാമോ.. നിന്നെ ഇവിടെ ഒരു മണിക്കൂർ തടഞ്ഞ് വച്ചാൽ ആരൊക്കെ അൻവേഷിക്കും?”
“എന്റെ വീട് ഇവിടെയല്ല, ആരും വരാൻ വഴിയില്ല”
“പത്ത് മണിക്കൂറാണെങ്കിലോ..?”
“എന്നാലും ഇങ്ങോട്ടാണെന്ന് ആർക്കും അറിയില്ല”
“നിന്റെ വീട്ടീന്നാരെങ്കിലും വരുമോ…?”
“ഇല്ല, ചിലപ്പോ ഫ്രണ്ട്സ് അൻവേഷിച്ചേക്കും”
“ഇരുപത്തിനാലു മണിക്കൂർ വച്ചാലോ…?”
“ഫ്രണ്ട്സ് അല്ലാതെ ആരും അൻവേഷിച്ച് വരില്ല”
“എന്നാൽ ആ ഇരുപത്തിനാല് മണിക്കൂറുകൾ കൊണ്ട് ഞങ്ങൾക്ക് നിന്നെ കുറേ കാര്യങ്ങൾ ചെയ്യാൻ പറ്റും”
“ഞാനാരെയും കൊന്നിട്ടില്ല”
“നീയാണത്. സമതിക്ക്. അതുവരെ ഉപദ്രവിക്കും”
“പറ്റില്ല. സമ്മതിക്കില്ല” വീണ്ടും മുഖത്തടിച്ചു.
“ഞങ്ങൾ പൊതുവെ ഇങ്ങനെ ഒന്നും ചെയ്യാറില്ല. പക്ഷെ ഇത്രെം കാശ് കിട്ടുമ്പൊ ഇതൊക്കെ ചെയ്യാതിരിക്കാൻ മണ്ടന്മാരൊന്നും അല്ല.”
“സമ്മതിച്ചാൽ എന്നെ വിട്വോ?”
“ഇല്ല. വാങ്ങിയ കാശിന് പണിയെടുക്കാതെ നിന്നെ വിടില്ല. എന്തേ വിടാമെങ്കിൽ നീ സമ്മതിക്ക്വോ?”
“ഇല്ല. പറയില്ല. നിങ്ങൾ എന്ത് മറുപടി പറയും എന്നറിയാൻ വേണ്ടി ചോദിച്ചതാണ്”

ഒന്നു പുറത്തു പോവുകയാണെന്നും, ഒരു മണിക്കൂർ കഴിഞ്ഞ് വരുമ്പോൾ കുറ്റം സമ്മതിക്കണമെന്നും പറഞ്ഞ് മുറി പൂട്ടി അയാൾ ഇറങ്ങിപ്പോയി. കൊന്നാലും താൻ ചെയ്യാത്ത കാര്യം സമ്മതിക്കില്ലെന്ന് നിശ്ചയത്തോടെ നന്ദിനി അവിടെ തറയിൽ ചാരിയിരുന്നു. കുറേ കരഞ്ഞു. കയ്യിൽ വാച്ചില്ല. എത്ര സമയം പോകുന്നുവെന്നറിയാൻ ഒരു മാർഗ്ഗവുമില്ല. ചുറ്റും നോക്കി. ആ കുഞ്ഞു മുറിക്കപ്പുറത്ത് മറ്റൊരു മുറിയിലേക്കോ മറ്റൊ പോകാനുള്ള വഴി കാണാം. ചുമരിന്റെ മൂലയിൽ ഒരു കുപ്പി വെള്ളം വച്ചിട്ടുണ്ട്. അല്പനേരം മുൻപ് വന്ന സ്ത്രീ പിന്നെയും വന്ന് കുറ്റം സമ്മതിക്കാനും ഇല്ലെങ്കിൽ അവർ ഉപദ്രവിക്കുമെന്നും പറഞ്ഞു. തനിക്കത് പറയാൻ പറ്റില്ലെന്നും, ഇനി പറഞ്ഞാലും അവർ ഉപദ്രവിക്കുമെന്നും നന്ദിനി മറുപടിയും കൊടുത്തു. അവർ പോയി.

പിന്നെയും കുറച്ച് നേരം കഴിഞ്ഞാണ് പുറത്ത് പോയയാൾ തിരിച്ച് വന്നത്. ഇത്തവണ അയാളുടെ കൂടെ വേറേ മൂന്നു പേരുമുണ്ടായിരുന്നു. കയറി വന്ന പാടെ മുടിപിടിച്ച് ചുമരിൽ ആഞ്ഞിടിച്ചു. ഓർക്കാപ്പുറത്തെ ഈ ആക്രമണത്തിൽ നന്ദിനി മുട്ടുകുത്തി നിലത്തിരുന്നു പോയി.

“അഞ്ച് മിനിറ്റ് സമയം തരാം. അവനെ കൊന്നത് നീയാണെന്ന് സമ്മതിക്കുമോ?”
“സമ്മതിച്ചാൽ വിടുമോ?”
“ഇല്ല”
“വെറുതെ ചോദിച്ചെന്നേയുള്ളു. ഞാൻ സമ്മതിക്കുകയും ഇല്ല”
അടുത്ത മറുപടി ബെൽറ്റൂരിയുള്ള അടിയായിരുന്നു. കുറേ അടിച്ചു. വയ്യാതാവുന്നത് വരെ. ഇടക്കിടക്ക് ചോദിക്കും സമ്മതിക്കുമോ എന്ന്, അല്ലാതെ സംസാരം ഒന്നും കാര്യമായിട്ടുണ്ടായിരുന്നില്ല.

അതിനിടയിൽ കൂട്ടത്തിലൊരാൾ സമയം ഉച്ച കഴിഞ്ഞെന്ന് പറഞ്ഞു.
“വിശക്കുന്നുണ്ടോ…?”
“ഇല്ല”
“നീയിവിടെക്കിടന്ന് ചത്താൽ എന്റെ തലയിലാവും.” അപ്പുറത്തു പോയി ഒരു പൊതിയിൽ ചപ്പാത്തി കൊണ്ടുവന്ന് മുന്നിൽ വച്ചിട്ട് നാലുപേരും വീണ്ടും പുറത്തേക്ക് പോയി.

നേരത്തെ കണ്ട ലേഡി പിന്നെയും വന്നു.
“കഴിക്ക്. എന്ത് ചെയ്താലും അവർ ഉപദ്രവിക്കും. നീ ഇവിടെ ഉണ്ടെന്ന് ആർക്കും അറിയില്ല. ഒരു രേഖയും ഇല്ല.” എന്നൊക്കെ പറഞ്ഞിട്ട് പോയി. നന്ദിനി ഒരു കഷ്ണം ചപ്പാത്തിയെടുത്ത് വായിൽ വക്കാൻ നോക്കി. ആകെ ചോരച്ചുവ. കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

പുറത്ത് പോയ നാൽവർ സംഘം തിരിച്ചു വന്നു. കഴിക്കുന്നത് നിർത്താൻ പറഞ്ഞു. വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിച്ചു. എന്നിട്ട് വെള്ളം വേണോന്ന് ചോദിച്ചു. അവൾ മറുപടിയൊന്നും പറഞ്ഞില്ല. അടുത്ത നിമിഷം നാലുപേരും കൂടി നന്ദിനിയെ തൂക്കിയെടുത്ത് അടുത്ത മുറിയിലേക്ക് നടന്നു. അവിടെ നാലഞ്ച് വലിയ കന്നാസുകളിൽ വെള്ളം വച്ചിട്ടുണ്ടായിരുന്നു. അതിലൊന്നിലേക്ക് അവളുടെ തല ബലമായി മുക്കിപ്പിടിച്ചു. കുറച്ച് സെക്കൻഡുകൾ കഴിഞ്ഞപ്പോൾ മരിച്ചു എന്ന് തന്നെ നന്ദിനി കരുതിയ നിമിഷം തല അവർ പുറത്തേക്ക് ഉയർത്തി.
“ഇപ്പൊ സമ്മതിക്കുന്നുണ്ടോ?”
“ഇല്ല. സമ്മതിച്ചാൽ വിട്വോ?
“ഇല്ല.” ഇത്തവണ മറുപടി പറഞ്ഞത് അതുവരെ സൈലന്റായി നിന്ന ഒരാളായിരുന്നു. എന്നിട്ട് നിലത്തിട്ട് നന്ദിനിയെ ചവിട്ടാൻ തുടങ്ങി. അല്പസമയം കഴിഞ്ഞപ്പോഴെക്കും ബൂട്ടിട്ട ചവിട്ടുകൊണ്ട് മുഖത്തും മൂക്കിലുമടക്കം ദേഹമാസകലം ചോര പൊടിയാൻ തുടങ്ങി. ഇടക്ക് അയാൾക്ക് കാലു കഴക്കുമ്പോൾ നിർത്തും, പിന്നെയും തുടരും. പത്തിരുനൂറു തവണയെങ്കിലും ചവിട്ടിയതിനു ശേഷം അവർ പിന്നെയും മുറി വിട്ട് പോയി.

വീണ്ടുമൊരു തവണ കൂടി ആ ചേച്ചി അങ്ങോട്ടു വന്നു. വെള്ളം വേണോന്ന് ചോദിച്ചു. നന്ദിനി ഞരക്കത്തിനിടയിലൂടേ എന്തോ പറഞ്ഞു. അവർ ബാഗിൽ നിന്നും കുപ്പി എടുത്ത് വായിൽ ഒഴിച്ചുകൊടുത്തു. അല്പസമയം അവിടെ മിണ്ടാതെ നോക്കി നിന്നിട്ട് അവർ ഡോർ ലോക്ക് ചെയ്ത് പോയി. പിന്നെയവർ വന്നില്ല.

അരമണിക്കൂർ കഴിഞ്ഞപ്പോൾ പുറത്ത് പോയവർ തിരിച്ച് വന്നു. നന്ദിനിയുടെ ഷോൾ അവിടെ വീണുകിടപ്പുണ്ടായിരുന്നു. നിലത്തു കുഴഞ്ഞ് കിടന്ന അവളെ പൊക്കിയെടുത്ത് അടുത്തുണ്ടായിരുന്ന കസേരയിലിരുത്തി. കൈ രണ്ടും പിന്നിലേക്ക് വളച്ച്, കഴുത്ത് മുകളിലേക്കാക്കി മുടി വലിച്ച് ദുപ്പട്ടകൊണ്ട് കസേരയിൽ കെട്ടിയിട്ടു. എന്നിട്ട് കണ്ണിൽ മുളക് തേക്കാൻ തുടങ്ങി. കരഞ്ഞാൽ മുഖത്ത് ആഞ്ഞടിക്കും. അതിനിടയിൽ വേറൊരാൾ കാലിനടിയിൽ അടിക്കാൻ തുടങ്ങി.

അപ്പൊഴെക്കും പ്രതികരിക്കാൻ പോലും വയ്യാത്തത്ര കുഴഞ്ഞ് പോയിരുന്നു നന്ദിനി. ഇതിനിടയിൽ സന്ധ്യയായിക്കാണണം, മുറിയിൽ കൊതുകുകൾ മൂളിപ്പറക്കാൻ തുടങ്ങി. നാലിലൊരാൾ ചെന്ന് ഒരു ഗുഡ്നൈറ്റ് ഓണാക്കി. അതോടെ, നന്ദിനി ചുമക്കാനും തുടങ്ങി.
“ഓ… ഇതൊന്നും പിടിക്കില്ലേ…”
“അലർജ്ജി ആണ്”
അത് കേട്ടതോടെ അയാൾ “ഇത് പിടിക്കില്ലെങ്കി ഇതിന്റെ അപ്പുറത്തുള്ളത് തീരെ പിടിക്കില്ലല്ലോ” എന്ന് പറഞ്ഞ് മേശ വലിപ്പിൽ നിന്നും ഹിറ്റ് സ്പേ എടുത്ത് മുഖത്തടിച്ചു. നന്ദിനിയുടെ ശ്വാസം നിലച്ചു പോയി. കെട്ടഴിച്ഛ് നാലുപേരും കൂടി താങ്ങിയെടുത്ത് വെള്ളത്തിൽ മുക്കി.

വീണ്ടും അടി. ചൂരൽ കൊണ്ട്, ബെൽറ്റ് കൊണ്ട്, കൈ കൊണ്ട്, പിന്നെ കണ്ണിൽ മുളക്, ഹിറ്റ്. അതിനിടയിലെപ്പൊഴൊ ഒരു ചവിട്ട് മുഖത്തേക്ക് വന്നപ്പൊ റിപ്ലക്സിൽ അല്പം നീങ്ങിപ്പോയി. പിന്നെ “നീ മാറുമോ” എന്ന് ചോദിച്ചായി മർദ്ദനം. തല പിടിച്ച് കസേരയിൽ ഇടിച്ചപ്പൊ നെറ്റി പൊട്ടി വലിയൊരു മുറിവായി ചോര വരാൻ തുടങ്ങി. അപ്പൊ എന്തോ അവർക്ക് പേടിയായതുപോലെ തോന്നി. നിലത്ത് കിടന്നിരുന്ന ഷോളിന്റെ അറ്റം കീറി അവിടെ കെട്ടി.

കുറച്ച് നേരം ഒരു ബ്രേക്ക് കിട്ടി. ആ സമയം കൊണ്ട് നാലുപേരും മുറിയിൽ സിഗരറ്റുകൾ പുകച്ച് തള്ളി. പ്രധാന മർദ്ദകനും വേറൊരാളും അവിടെ നിന്ന് മറ്റ് രണ്ട് പേർ എങ്ങോട്ടോ പോയി. മാത്രായി. രണ്ടാമൻ സിഗരറ്റ് വലിച്ച് കാൽ കെട്ടി കാലിനടിയിൽ സിഗരറ്റ് വച്ച് പൊള്ളിച്ചു.
അവിടവിടെ കാൽ മുറിഞ്ഞടത്ത് ഹിറ്റ് അടിച്ചു.

അതിനിടെ ഒരു ഫോൺ കോൾ വന്ന് കൂട്ടത്തിലെ നേതാവ് പുറത്ത് പോയി. ആ സമയത്ത് അവിടെ നിന്നയാളോട് താനിവിടെയുള്ള കാര്യം ഫ്രണ്ട്സിനറിയാമെന്നും, അവർ ആളെയും കൂട്ടി വരുമെന്നും നന്ദിനി ഒന്ന് പറഞ്ഞുനോക്കി. അതോടെ അയാൾക്ക് പേടിയായി. കാലിൽ ഷൂസ് ഇട്ട് ആഞ്ഞൊരു ചവിട്ട് തന്നു. നഖം പൊട്ടി ചോരയൊഴുകി. ആ നിലവിളി കേട്ട് പുറത്ത് പോയയാൾ തിരിച്ച് വന്ന് കാര്യമൻവേഷിച്ചു. ഇവളിപ്പറഞ്ഞത് കള്ളമാണെന്ന് പറഞ്ഞു. അന്ന് രാവിലെ മുതൽ ഇതുവരെ എന്തൊക്കെ ചെയ്തോ, അതൊക്കെ പല റൗണ്ട് ആവർത്തിക്കപ്പെട്ടു. ഹിറ്റ് അടിക്കുന്നത് ഒഴികെ, ഇതിനിടയിലെപ്പൊഴോ അത് തീർന്നു പോയിരുന്നു.

രണ്ടാമത്തെ ദിവസം ആയപ്പോഴെക്കും ദേഹമാകെ നീരുവന്നു വീർത്തു. അതേ സമയം ഒരു ദിവസം കഴിഞ്ഞതോടെ നന്ദിനിയുടെ സുഹൃത്തുക്കൾ അവളെ കാണാതെ സ്റ്റേഷനുകൾ കയറിയിറങ്ങുന്നുണ്ടായിരുന്നു. സ്ഥിരം ഓട്ടോക്കാർ ആരൊക്കെയാണെന്ന് അവർക്കും അറിയാമായിരുന്നത് കൊണ്ട് നന്ദിനിയെ ഈ സ്റ്റേഷനടുത്തുള്ള ബിൽഡിംഗിൽ ഇറക്കിയ ആളെയും കണ്ടു. അതായിരുന്നല്ലോ അവളെ മറ്റുള്ളവർ കണ്ട അവസാനത്തെ സമയം. അയാൾ പറഞ്ഞതനുസരിച്ച് ഈ സ്റ്റേഷനിലും പരാതിയുമായി എത്തിയിരുന്നു അവർ.

പുറത്ത് കാര്യങ്ങൾ സീരിയസ് ആവുന്നത് കണ്ടാണോ, അതോ വാങ്ങിയ കാശിനുള്ള പണിയെടുത്ത് തീർന്നത് കൊണ്ടാണോ എന്തോ, നന്ദിനിയെ അവിടെ ഇനിയും വച്ചുകൊണ്ടിരിക്കുന്നത് അബദ്ധമാകുമെന്ന് അവർ ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നത് കണ്ടു. അകമ്പടിയായി “ഞങ്ങക്ക് വേണമെങ്കിൽ നിന്നെപ്പോലെ ഒരു പെണ്ണിനെ എന്തൊക്കെ ചെയ്യാമെന്ന് നിനക്കറിയാമോ… ഞങ്ങൾ അങ്ങനെ യൊന്നും ചെയ്തിട്ടില്ല. നീ അതിന് താങ്ക്ഫുൾ ആവണം.” എന്ന പോലുള്ള വർത്തമാനങ്ങളും ഉണ്ടായിരുന്നു. ഫോണിൽ അത്ര നേരം വന്ന മിസ്കോളുകളിൽ നിന്ന് ഒരു ഫ്രണ്ടിനെ അവർ തിരിച്ച് വിളിച്ച് സ്റ്റേഷനിൽ വരാൻ പറഞ്ഞു. കോൾ കിട്ടിയ ഉടനെ, ആ പുലർച്ചെ തന്നെ ഫ്രണ്ട് വന്ന്, നാൽപ്പത് മണിക്കൂറുകൾ ജീവിച്ച ആ നരകത്തിൽ നിന്നും നന്ദിനിയെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഇരുപത്തിയേഴ് ദിവസമെടുത്തു, ഒന്ന് എഴുന്നേറ്റ് നിൽക്കാനുള്ള പരുവത്തിലെത്താൻ. അന്ന് കിട്ടിയ മർദ്ദനത്തിന്റെ ബാക്കിപത്രങ്ങൾ ഇന്നും ശരീരത്തിൽ കൊണ്ടുനടക്കുന്നുണ്ടവൾ. നാട്ടിലെത്തിയതിനു ശേഷമാണ് കുടുംബത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നത്. രാഹുലിന്റെ സംഭവത്തിനു ശേഷം സുഹൃത്തുക്കളോടുള്ള ഫോൺ വിളിയടക്കം പൂർണ്ണമായി കട്ട് ആയതുകൊണ്ട് വേറെ വഴികളിലൂടെ അവരൊന്നും അറിഞ്ഞതുമില്ല. കാര്യങ്ങളെല്ലാമറിഞ്ഞപ്പോൾ വീട്ടുകാർ ഇക്കാര്യം ചോദിക്കാനും പരാതിപ്പെടാനുമൊക്കെ അതേ സ്റ്റേഷനിൽ പാഞ്ഞെത്തിയെങ്കിലും, ഇടയിൽ അത്രയും ദിവസങ്ങൾ കഴിഞ്ഞ് പോയതുകൊണ്ടും, യാതോരു തെളിവുകളുമില്ലാത്ത സംഭവമായതുകൊണ്ടും കൊണ്ടും ഒന്നും ചെയ്യാനായില്ല. ഒടുവിൽ അവിടെ കുറേ ബഹളം വച്ചിട്ട് അവർക്ക് തിരിച്ച് പോരേണ്ടി വന്നു.

അതിനു ശേഷം ഇത്ര വർഷങ്ങൾ മുഴുവനും ആരോടും ഇതൊന്നും പറയാനാവാതെ ഈ മെന്റൽ സ്ട്രെയിൻ മുഴുവനും ഉള്ളിലടക്കി നടക്കുകയായിരുന്നു അവൾ. ഇപ്പോൾ കാലമൊരുപാട് കഴിഞ്ഞിരിക്കുന്നു. എന്നാലും ഓരോ വർഷവും ആ മൂന്ന് ദിവസങ്ങളിൽ നന്ദിനി വല്ലാത്തൊരു ഇൻസെക്യൂരിറ്റിയിലേക്ക് വീണുപോവുന്നുണ്ട്. ഇത്തവണ ആ ദിവസങ്ങൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. നന്ദിനിയുടെ ജീവിതത്തിലെ ആദ്യത്തെ ട്രാജഡി – രാഹുലിന്റെ അപകടമരണം – കഴിഞ്ഞ മാസം പോസ്റ്റ് ചെയ്തതിനു ശേഷം അതിൽ വന്ന കമന്റുകളും, കൂടെയുണ്ടെന്ന് അവളോട് പറയാനായി പാസ് ചെയ്ത മെസ്സെജുകളും അവൾക്ക് നൽകിയ കരുത്ത് ഒരുപാട് വലുതായിരുന്നു. അതുപോലെ ഈ സംഭവം ഉള്ളിലേൽപ്പിച്ച മുറിവിനും ഒരല്പം ആശ്വാസം കിട്ടിയേക്കാമെന്ന പ്രതീക്ഷയിലാണ് ഇതുകൂടി ഫേസ്ബുക്കിലെഴുതാമോ എന്ന് അവളാവശ്യപ്പെട്ടത്.

ഏതൊരു റിയൽ ലൈഫ് ഇൻസിഡന്റ് പോസ്റ്റ് ചെയ്യുമ്പോഴും ശ്രദ്ധിക്കാറുള്ളതുപോലെ, ആളുടെ ഐഡന്റിറ്റിയും ചുറ്റുപാടുകളും ഇവിടെയും മാറ്റിയിട്ടുണ്ട്. എന്നാൽ പ്രധാന വിഷയത്തിൽ നന്ദിനി പറഞ്ഞതിൽ നിന്നും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, ഒരുപാട് വർഷങ്ങൾക്ക് മുൻപ് നമ്മുടെ അയൽസംസ്ഥാനത്തെ ഒരു നഗരത്തിൽ നടന്നതാണിത്. നന്ദിനി ഇവിടെത്തന്നെയുണ്ട്, ഈ പോസ്റ്റ് ഫോളോ ചെയ്യുന്നുണ്ട്, ഇതിൽ വരുന്ന മറുപടികൾ വായിക്കുന്നുണ്ട്. കഴിഞ്ഞ സംഭവത്തിൽ നടന്നതുപോലെ, ഈ കനലും ഇതോടെ ഒരല്പം കെട്ടടങ്ങിയേക്കുമെന്ന പ്രതീക്ഷയോടെ….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here