രാജ്യത്ത് വീണ്ടും പട്ടിണിമരണം; ഡൽഹിയിൽ മൂന്ന് കുട്ടികൾ ഭക്ഷണം കിട്ടാതെ മരിച്ചു

രാജ്യത്ത് വീണ്ടും പട്ടിണിമരണം. ഡൽഹിയിലെ പത്തുവയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളാണ് ഭക്ഷണം കിട്ടാതെ മരിച്ചത്. കിഴക്കൻ ഡൽഹിയിലെ മണ്ഡാവലി ഗ്രാമത്തിൽ താമസിക്കുന്ന മാനസി(8), പാറോ(4), സുഖോ(2) എന്നീ കുട്ടികളാണ് ഭക്ഷണം കിട്ടാതെയും അന്വേഷിക്കാൻ ആരുമില്ലാതെയും പട്ടിണി കിടന്നു മരിച്ചത്.
ഡൽഹിയിലെ മധുവിഹാറിൽ റിക്ഷാ വലിച്ചു ജീവിക്കുന്ന മംഗൾ എന്നയാളാണ് കുട്ടികളുടെ പിതാവ്. എന്നാൽ കുറച്ചു ആഴ്ച്ചകൾ മുൻപ് ഇയാളുടെ റിക്ഷാ മോഷണം പോയി. തുടർന്ന് മറ്റൊരു തൊഴിൽ തേടി പോയ ഇയാളെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവരമൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ ഫോണില്ലാത്ത ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കുട്ടികളുടെ അമ്മയായ ബീന മാനസികാസ്വാസ്ഥ്യമുള്ളയാണ്. ഇവർക്ക് കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കാനോ അവരുടെ അവസ്ഥ അറിയാനോ സാധിച്ചില്ല. അതേസമയം, പുതിയ തൊഴിലന്വേഷിച്ചു പോകും മുൻപ് മംഗൾ ഭാര്യയേയും മക്കളേയും പുതിയ സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. അച്ഛൻറേയും അമ്മയുടേയും ശ്രദ്ധ കിട്ടാതിരുന്ന കുട്ടികൾ സ്വന്തം നിലയിൽ ഭക്ഷണം യാചിച്ചു നോക്കിയെങ്കിലും പുതിയ സ്ഥലത്ത് ആ ശ്രമം പരാജയപ്പെടുകയാണ് ഉണ്ടായത്.
കുട്ടികളുടെ അവസ്ഥ കണ്ട് ആരൊക്കെയോ ചേർന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു 18 മണിക്കൂർ മുൻപെങ്കിലും അവർ മരിച്ചിരുന്നുവെന്നാണ് ഇവരെ പരിശോധിച്ച ലാൽബഹദൂർ ശാസ്ത്രി ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ഡോ. അമിത് സക്‌സേന പറയുന്നത്. കൂടാതെ കുട്ടികൾ മരിച്ചത് പട്ടിണി കിടന്നാണെന്ന് ഉറപ്പിച്ചു പറയുന്ന അദ്ദേഹം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here