ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍

ഇടുക്കി ഡാം തുറന്നുവിടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. പുഴയോരത്തെ 100 മീറ്റര്‍ ചുറ്റളവിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചു. ഈ പരിധിയിലുള്ള വീടുകളുടെയും അവിടുത്തെ താമസക്കാരുടേയും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും, സ്വീകരിക്കേണ്ട മുന്‍കരുതലുകളും വിലയിരുത്തുന്നത്. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് കെഎസ്ഇബിയോടും വിവരങ്ങള്‍ തേടി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇടുക്കി, എറണാകുളം ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
അണക്കെട്ട് തുറക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഡാം തുറന്നുവിടുന്നതോടെ, വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സുപ്രധാന സ്ഥലങ്ങള്‍ വിലയിരുത്താനും, വേണ്ട നടപടികള്‍ സ്വീകരിക്കാനും ഉന്നതതല യോഗം നിര്‍ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയില്‍ എത്തിയിരിക്കുകയാണ്. പരമാവധി ജലനിരപ്പായ 2400 അടി എത്തിയാല്‍ ഡാം ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി കളയാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറക്കുക. 1981, 1992 വര്‍ഷങ്ങളില്‍ ഡാം തുറന്നുവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here