കീഴാറ്റൂരിലെ രാഷ്ട്രീയക്കളി അവസാനിപ്പിക്കുക: മന്ത്രി ജി. സുധാകരന്‍

G. Sudhakaran

കീഴാറ്റൂരില്‍ പാടം നികത്തി ദേശീയ പാത നിര്‍മ്മിക്കാനുള്ള അലൈന്‍മെന്റ് 3 ഡി നോട്ടിഫിക്കേഷന്‍ കേന്ദ്രം താല്‍ക്കാലികമായി മരവിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍.

കീഴാറ്റൂര്‍ വിഷയത്തില്‍ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ദേശീയപാത അതോറിറ്റിയാണ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചത്. അതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കീഴാറ്റൂരിന്റെ പേരും പറഞ്ഞ് വികസനം മരവിപ്പിക്കാനാണ് പദ്ധതിയെങ്കില്‍ അതില്‍ സംസ്ഥാന സര്‍ക്കാറിന് പങ്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയപാത നിര്‍മ്മിക്കാനുള്ള അലൈന്‍മെന്റ് ത്രിഡി നോട്ടിഫിക്കേഷന്‍ കേന്ദ്രം താല്‍ക്കാലികമായി മരവിപ്പിച്ചതായി ഇന്ന് രാവിലെയാണ് അറിയിച്ചത്.

ഈ അലൈൻമെൻറിനെതിരെ പി.കെ കൃഷ്ണദാസ് ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ നിധിൻ ഗഡ്കരിക്ക് നിവേദനം നൽകിയിരുന്നു. ബൈപാസ് അലൈന്‍മെന്‍റ് സംബന്ധിച്ച് കേന്ദ്രം അടുത്ത മാസം വയൽക്കിളികളുമായി ചർച്ച നടത്തിയേക്കും.

ബിജെപിയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ത്രിഡി നോട്ടിഫിക്കേഷന്‍  താത്കാലികമായി മരവിപ്പിച്ചത്. അലൈന്‍റ്മെന്‍റ് മാറ്റണമെന്ന വിദഗ്ത സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കും. ജൂലായ് 13 നായിരുന്നു കീഴാറ്റൂരിലൂടെയുള്ള ദേശീയപാതാ അലൈന്‍മെന്റിന്റെ ത്രിഡി നോട്ടിഫിക്കേഷന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്തിറക്കിയത്.

ഓഗസ്റ്റ് ആദ്യവാരം വയല്‍ക്കിളി നേതാക്കളും ബിജെപി നേതാക്കളും ഒരുമിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗ ഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം തുടര്‍ നടപടികളുണ്ടാകുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top