ഓൺലൈനിലൂടെ മൊബൈൽ ഫോൺ തട്ടിയെടുത്തു; ഗാനരചയിതാവ് അറസ്റ്റിൽ

സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കാൻ വച്ചിരിക്കുന്ന ഓൺലൈൻ വിൽപ്പനസൈറ്റിൽ വിൽക്കാൻവെച്ച മൊബൈൽ ഫോൺ കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ സിനിമാ ഗാനരചയിതാവടക്കം രണ്ടുപേർ അറസ്റ്റിൽ. പെരിങ്ങോട്ടുകര പനോലിവീട്ടിൽ ഷിനു (36), ഗാനരചയിതാവും സംഗീതസംവിധായകനുമായ ഏങ്ങണ്ടിയൂർ പുതുവടപറമ്പിൽ സജീവ് നവകം (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോണത്തുകുന്ന് സ്വദേശി ശ്യാം സുനിലിന്റെ പക്കൽനിന്ന് 25,000 രൂപ വില വരുന്ന സ്മാർട്ട് ഫോൺ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതിന് മുമ്പും സമാന രീതിയിൽ ഇവർ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
സൈറ്റിൽ വരുന്ന പരസ്യങ്ങളിലെ നമ്പറിൽ ബന്ധപ്പെട്ട് വിൽക്കാനുള്ള സാധനവുമായി നേരിൽ വരാൻ ആവശ്യപ്പെടും. വലിയ കമ്പനികളിലെ ഉദ്യോഗസ്ഥരെന്ന മട്ടിൽ സംസാരിച്ച് സൗഹൃദമുണ്ടാക്കിയശേഷം എ.ടി.എമ്മിൽനിന്ന് പണമെടുത്തുവരാമെന്നു പറഞ്ഞ് സാധനവുമായി മുങ്ങുകയാണ് രീതിയെന്ന് പോലീസ് പറഞ്ഞു. ഷോപ്പിങ് കോംപ്‌ളക്‌സുകളിലും മറ്റും വിളിച്ചുവരുത്തി പണമെടുക്കാനെന്ന മട്ടിൽ അകത്തേക്കു പോയശേഷം മറുവാതിലിലൂടെ രക്ഷപ്പെടുകയാണ് പതിവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here