ധ്രുവീകരണ അജണ്ട നന്നായി നടക്കുന്നുണ്ട്, അഛേ ദിന്‍ ഇനിയും സാധ്യമായിട്ടില്ല: ശശി തരൂര്‍

മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ വീണ്ടും രംഗത്ത്. ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തിന് പിന്നാലെയാണ് തരൂരിന്റെ അടുത്ത പരാമര്‍ശം മോദി സര്‍ക്കാറിനെ ലക്ഷ്യംവെച്ച് എത്തിയിരിക്കുന്നത്.
കര്‍ഷകര്‍ അടക്കമുള്ള സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മോദി സര്‍ക്കാറിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍, ധ്രുവീകരണ അജണ്ട നടപ്പിലാക്കുന്നതിലാണ് മോദി സര്‍ക്കാറിന്റെ ശ്രദ്ധ. ദ്രുവീകരണ അജണ്ട നടപ്പാക്കാനുള്ള ഒരു അവസരവും ബിജെപി സര്‍ക്കാര്‍ വെറുതെ വിടുന്നില്ല. അവര്‍ക്ക് അവകാശപ്പെടാനായി നേട്ടങ്ങളൊന്നുമില്ല. സര്‍ക്കാറിന്റെ ‘അഛേ ദിന്‍’ ഇതുവരെയും സാധ്യമായിട്ടില്ലെന്നും തരൂര്‍ വിമര്‍ശിച്ചു.
വിദേശ നയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാറിന്റെ പദ്ധതികള്‍ യാതൊരു സ്വാധീനവും ചെലുത്താനാകാതെ പോയി. 2014 ല്‍ നിന്ന് ഇപ്പോഴുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടോ എന്നാണ് ഞങ്ങള്‍ വോട്ടര്‍മാരോട് തിരക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഹിന്ദു പാകിസ്ഥാനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇനിയും ബിജെപി അധികാരത്തിലേറിയാല്‍ ഹിന്ദു രാഷ്ട്രം എന്ന അവരുടെ പദ്ധതി തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് ഉദ്ദേശിച്ചതെന്നും തരൂര്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here