മോദിയെയും ബിജെപിയെയും വിമര്‍ശിച്ചു; ‘പണി കിട്ടി’…ജോലി തെറിച്ചു

മോദിയെയും ബിജെപിയെയും വിമര്‍ശിച്ച രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്. പ്രമുഖ ചാനലായ എ.ബി.പി ന്യൂസിന്റെ മാധ്യമപ്രവര്‍ത്തകരാണ് ജോലി നഷ്ടമായത് പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചതിന്റെ പേരിലാണെന്ന് ആരോപിച്ചത്. ചീഫ് എഡിറ്റര്‍ മിലിന്ദ് ഖണ്ടേക്കര്‍, മാസ്റ്റര്‍ സ്ട്രോക്ക് എന്ന പരിപാടിയുടെ അവതാരകന്‍ പുണ്യ പ്രസൂണ്‍ ബാജ്‌പെയ് എന്നിവരാണ് രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയതില്‍ മാനേജ്മെന്റില്‍ നിന്നും എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് ഇരുവരുടെയും രാജി. ഒരു വാര്‍ത്താ അവതരകനെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു. മോദിക്കെതിരെയും ബിജെപിക്കെതിരേയും വാര്‍ത്ത നല്‍കിയതില്‍ മാനേജ്മെന്റില്‍ നിന്നും എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്നാണ് ഇരുവരുടേയും രാജി എന്ന് എബിപി ന്യൂസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികളെ കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിന്‍റെ ഭാഗമായി മോദി ഛത്തിസ്‍ഗഡിലെ ഒരു കര്‍ഷകയുമായി സംസാരിക്കുന്ന വീഡിയോ ജൂണ്‍ 20ന് പുറത്തുവന്നിരുന്നു. ഈ കൂടിക്കാഴ്ചയിലെ പൊള്ളത്തരം എ.ബി.പി ന്യൂസിലെ മാസ്റ്റര്‍ സ്ട്രോക്ക് എന്ന പരിപാടിയില്‍ തുറന്നുകാട്ടി. മോദി സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികളിലൂടെ തന്‍റെ വരുമാനം ഇരട്ടിയായെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ പറഞ്ഞതെന്ന സ്ത്രീയുടെ വെളിപ്പെടുത്തലാണ് ചാനല്‍ പുറത്തുവിട്ടത്.
ആ റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിച്ചതോടെ ബിജെപി നേതാക്കള്‍ ചാനലിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് മാസ്റ്റര്‍ സ്ട്രോക്ക് പരിപാടി നടക്കുമ്പോഴെല്ലാം ഉപഭോക്താക്കള്‍ തടസ്സം നേരിട്ടിരുന്നു. ഈ പരിപാടി നടക്കുമ്പോള്‍ ടാറ്റ സ്‌കൈ, എയര്‍ട്ടെല്‍ തുടങ്ങിയ സേവനദാതാക്കള്‍ സേവനം നിര്‍ത്തിയതായും ആരോപണമുണ്ട്.
പ്രസ്‌തുത പരിപാടി നടക്കുമ്പോള്‍ തന്നെ അത് നിര്‍ത്തി വെക്കാന്‍ എബിപി ന്യൂസ് സിഇഒ അതിദേബ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനാണ് ചീഫ് എഡിറ്റര്‍ മിലിന്ദ് ഖണ്ഡേക്കര്‍ക്ക് ജോലി നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകരുടെ പൊടുന്നനെയുള്ള രാജിക്ക് പിന്നാലെ മാസ്റ്റര്‍സ്ട്രോക്ക് എന്ന പരിപാടി ചാനല്‍ പിന്‍വലിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here