എയിംസ്; കേരളത്തിന് നല്‍കിയ ഉറപ്പ് കേന്ദ്രം ലംഘിച്ചു: കെ.കെ. ശൈലജ

സംസ്ഥാനത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന കേരളത്തിന് നല്‍കിയ ഉറപ്പിന്റെ ലംഘനമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ ദില്ലിയില്‍ വച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നഡ്ഡയെ നേരില്‍ കണ്ടപ്പോള്‍ എയിംസ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. എയിംസിന്റെ കാര്യത്തില്‍ അനുകൂല നിലപാടാണുള്ളതെന്നും ഘട്ടംഘട്ടമായി എയിംസ് ആരംഭിക്കുമെന്നും ഈ സര്‍ക്കാറിന്റെ കാലാവധിയ്ക്കുള്ളില്‍ തന്നെ കേരളത്തിന് എയിംസ് അനുവദിക്കുമെന്നും അന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. 2018 ജൂലായ് 23-ാം തിയതി കത്ത് മുഖേന ഇക്കാര്യം കേന്ദ്രമന്ത്രി തന്നെ അറിയിച്ചിരുന്നു. എന്നാല്‍, അതില്‍ നിന്നുള്ള ചുവടുമാറ്റം കേരളത്തോട് കാട്ടുന്ന കടുത്ത വിവേചനമാണെന്നും ഫെഡറല്‍ സംവിധാനത്തില്‍ ഒരു സര്‍ക്കാറും ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here