2018 ലെ ഫീൽഡ്‌സ് മെഡൽ അക്ഷയ് വെങ്കടേഷിന്

ഈ വർഷത്തെ ഫീൽഡ്‌സ് മെഡൽ അക്ഷയ് വെങ്കടേഷിന്. കണക്കിന്റെ നൊബേൽ എന്നറിയപ്പെടുന്ന പുരസ്‌കാരമാണ് ഫീൽഡ്‌സ് മെഡൽ. ഇന്ത്യൻ വംശജനായ ഓസ്‌ട്രേലിയൻ ഗണിതശാസ്ത്രജ്ഞനാണ് അക്ഷയ് വെങ്കടേഷ്.
എല്ലാ നാല് വർഷം കൂടുമ്പോഴാണ് ഫീൽഡ്‌സ് മെഡൽ പ്രഖ്യാപിക്കുന്നത്. നാൽപ്പത് വയസ്സിൽ താഴെയുള്ള വ്യക്തിക്കാണ് മെഡൽ ലഭിക്കുക. ഈ വർഷം ഫീൽഡ്‌സ് മെഡൽ ലഭിച്ച നാലു പേരിൽ ഒരാളാണ് ന്യൂ ഡൽഹി സ്വദേശിയായ വെങ്കടേഷ്.
ബ്രസീലിലെ റിയോ ഡീ ജനേറിയോയിൽ സംഘടിപ്പിച്ച ഇന്റർനാഷ്ണൽ കോൺഗ്രസ് ഓഫ് മാത്തമാറ്റീഷ്യൻസിൽവെച്ചാണ് പുരസ്‌കാരം ലഭിക്കുന്നത്. 15,000 കനേഡിയൻ ഡോളറാണ് പുരസ്‌കാര ജേതാക്കൾക്ക് ലഭിക്കുന്നത്.
രണ്ടാം വയസ്സിലാണ് അക്ഷയ് മാതാപിതാക്കൾക്കൊപ്പം ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് പോകുന്നത്. സ്‌കൂൾ തലം മുതൽ വിവിധ സമ്മാനങ്ങൾ അക്ഷയ്ക്ക് ലഭിച്ചിട്ടുണ്ട്. വെറും പതിനാല് വയസ്സുള്ളപ്പോഴാണ് ഇന്റർനാഷ്ണൽ ഫിസിക്‌സ്, മാത് ഒളിമ്പ്യാഡ് എന്നിവയിൽ അക്ഷയ്ക്ക് മെഡലുകൾ ലഭിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പ്രവേശനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അക്ഷയ്. തന്റെ 13 ആം വയസ്സിലാണ് അക്ഷയ്ക്ക് സർവ്വകലാശാലയിലേക്ക് പ്രവേശനം ലഭിക്കുന്നത്.
2014 ൽ മഞ്ജുൾ ഭാർഗവയ്ക്ക് ശേഷം ഫീൽഡ്‌സ് മെഡൽ കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് അക്ഷയ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here