കരുണാനിധിയെ മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്? അണ്ണാ ഡിഎംകെ സര്‍ക്കാര്‍ പറയുന്നു

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയെ സംസ്‌കാരിക്കാന്‍ മറീന ബീച്ച് വേണമെന്ന ആവശ്യവുമായി ഡി.എം.കെ പ്രവര്‍ത്തകര്‍. മറീന ബീച്ച് അനുവദിക്കാത്ത അണ്ണാ ഡിഎംകെ സര്‍ക്കാറിന്റെ നടപടിക്കെതിരെ ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

എന്നാല്‍, മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് അണ്ണാ ഡിഎംകെ സര്‍ക്കാറിന്. ഡിഎംകെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അണ്ണാ ദുരൈയുടെ മറീന ബീച്ചില്‍ നിലകൊള്ളുന്ന ശവകുടീരത്തിന് സമീപം കരുണാനിധിക്കും അന്ത്യവിശ്രമത്തിനായുള്ള സ്ഥലം അനുവദിക്കണമെന്ന ഡിഎംകെ പ്രവര്‍ത്തകരുടെ ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരത്തേ നിരാകരിച്ചിരുന്നു.

മറീന ബീച്ചില്‍ മുഖ്യമന്ത്രിമാരെ മാത്രമാണ് സംസ്‌കരിച്ചിട്ടുള്ളത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ അല്ല മരിച്ചത്. അതിനാല്‍ തന്നെ മറീന ബീച്ച് അനുവദിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. മറീന ബീച്ചില്‍ നിരവധി സ്മാരകങ്ങള്‍ ഉയരുന്നത് തടയണം എന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും അതിനാല്‍ തന്നെ ഡിഎംകെ പ്രവര്‍ത്തകരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അണ്ണാ ഡിഎംകെ സര്‍ക്കാര്‍ വിശദീകരണം നല്‍കുന്നത്.

എന്നാല്‍, അണ്ണാ സ്മാരകത്തിന് സമീപം തന്നെ കരുണാനിധിയ്ക്ക് അന്ത്യവിശ്രമമൊരുക്കുക എന്നത് ഡിഎംകെയുടെ അഭിമാനപ്രശ്‌നവുമാണ്. അണ്ണാദുരൈയും എംജിആറും ജയലളിതയും അന്ത്യവിശ്രമം കൊള്ളുന്നത് മറീന ബീച്ചിലാണ്.

കരുണാനിധിയുടെ സംസ്‌കാരത്തിനായി മറീന ബീച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഡിഎംകെയുടെ ഹര്‍ജി രാത്രി 10.30 ന് ഹൈക്കോടതി പരിഗണിക്കും. മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top