മുന്‍ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ച കോടതി ഉത്തരവ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍

പോലീസ് പീഡനക്കേസില്‍ 30 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഹര്‍ജിക്കാരനു വിജയം. കേസിലെ പ്രതികളായ മൂന്ന് മൂന്‍ പോലീസുകാരെ ശിക്ഷിച്ച കോടതി ഉത്തരവ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുന്‍ ഡിവൈഎസ്പിയേയും രണ്ട് മുന്‍ എസ്‌ഐമാരെയും രണ്ടാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കും. സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

വർക്കല സ്വദേശി സി.എസ് രാജേന്ദ്രബാബു സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം സി.ജെ.എം കോടതി സ്വമേധയാ എടുത്ത കേസിൽ തുടർനടപടിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതെ തുടർന്നാണ്സർക്കാർ തീരുമാനം അറിയിച്ചത്. വസ്തു തർക്കത്തെ തുടർന്ന് ബാലചന്ദ്രനേയും ഭാര്യയേയും വിളിച്ചു വരുത്തിയ വെഞ്ഞാറമ്മൂട് സി.ഐ സി.എസ് രാമചന്ദ്രന്‍, പോലീസുകാരായ അബ്ദുള്‍ കലാം, സുബൈര്‍ കുഞ്ഞ് എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.

സ്വകാര്യ അന്യായത്തിൽ ആറ്റിങ്ങൽ കോടതി പ്രതികകൾക്ക് ഒരു വർഷം തടവു വിധിച്ചിരുന്നു. എന്നാൽ, പ്രതികളുടെ അപ്പീലിൽ മേൽക്കോടതി ശിക്ഷ 3 മാസം കഠിന തടവും 1000 രുപ പിഴയുമായി കുറച്ചു. ശിക്ഷാ വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും അപ്പീലുകൾ തള്ളി. പ്രതികൾ സർക്കാരിനെ സമീപിച്ച് ശിക്ഷാ ഇളവ് വാങ്ങിയെങ്കിലും ബാലചന്ദ്രന്റെ അപ്പീലിൽ ഹൈക്കോടതി ഇളവ് റദ്ദാക്കി. പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top