കി കീ ചലഞ്ചൊന്നും റോഡില്‍ വേണ്ട, പണി പാളും; കേരള പോലീസിന്റെ മുന്നറിയിപ്പ്

ഡ്രൈവ് ചെയ്യുന്നതിനിടെ കാറില്‍ നിന്നിറങ്ങി അതിസാഹസികമായി കി കീ ചലഞ്ച് കാണിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ ജാഗ്രതൈ!!! സാഹസത്തിന് മുതിരുന്നവരെ പിടികൂടുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി സംസ്ഥാന പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍ വീഡിയോ പുറത്തിറക്കി. ലോകം മുഴുവന്‍ ശ്രദ്ധ നേടിയ കി കീ ചലഞ്ചിന് മുതിരും മുന്‍പ് ഈ വീഡിയോ കാണുന്നത് നല്ലതാണ്. അതിസാഹസികത കാണിക്കാന്‍ ആരും കേരളത്തിലെ റോഡുകളില്‍ ഇറങ്ങരുതെന്ന് കേരള പോലീസ് താക്കീത് നല്‍കിയിട്ടുണ്ട്. പോലീസിന്റെ മുന്നറിയിപ്പ് വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കേരളാ പോലീസ് പറയുന്നത് ഇങ്ങനെ:
അപകടകരമായ “ചലഞ്ചുകൾ” നമുക്ക് വേണ്ട….
കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിൻ്റെ ‘കി കി ഡു യു ലൗമി’ എന്ന പ്രശസ്ത വരികൾക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യൽ മീഡിയ ചലഞ്ച്. ഓടുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങി ‘കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്’ എന്ന വരികൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്.
പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകൾ പ്രബുദ്ധരായ മലയാളികൾ ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here