Advertisement

കാമരാജിനോട് കരുണാനിധി ചെയ്തത് കാലം ആവര്‍ത്തിച്ചില്ല; മറീന ബീച്ചില്‍ കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം

August 8, 2018
Google News 0 minutes Read

കലൈഞ്ജര്‍ കരുണാനിധിയുടെ ഭൗതികശരീരം മറീന ബീച്ചില്‍ അടക്കം ചെയ്യാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് മദ്രാസ് ഹൈക്കോടതി തള്ളികളഞ്ഞിരിക്കുന്നു. മറീന ബീച്ചില്‍ ഗുരു അണ്ണാ ദുരൈയുടെ ഭൗതികശരീരം അടക്കം ചെയ്തതിന് സമീപം തനിക്കും അന്ത്യവിശ്രമം വേണമെന്ന കലൈഞ്ജറുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മദ്രാസ് ഹൈക്കോടതിയുടെ അനുകൂല വിധി വന്നപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തുള്ളിച്ചാടി. കലൈഞ്ജറുടെ മകന്‍ എം.കെ സ്റ്റാലിന്‍ സന്തോഷത്താല്‍ പൊട്ടിക്കരഞ്ഞു.

ഡിഎംകെയെ സംബന്ധിച്ചിടുത്തോളം മറീന ബീച്ചില്‍ കലൈഞ്ജറെ സംസ്‌കരിക്കുക എന്നത് അഭിമാനപ്രശ്‌നം കൂടിയായിരുന്നു. ഒരുപക്ഷേ, വിധി സംസ്ഥാന സര്‍ക്കാറിന് അനുകൂലമായിരുന്നെങ്കില്‍ തമിഴ്‌നാട് കലാപഭൂമിയാകുമായിരുന്നു. അണ്ണാ ദുരൈ, എം.ജി.ആര്‍, ജയലളിത തുടങ്ങിയവര്‍ അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ച് കരുണാനിധിക്ക് നിഷേധിക്കപ്പെട്ടാല്‍ അത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമായിരുന്നു.

കോടതി വിധി പുറത്തുവരും മുന്‍പ് ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്നത് മറീന ബീച്ചുമായി ബന്ധപ്പെട്ട മറ്റൊരു വിവാദമാണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.കാമരാജിന്റെ ഭാതികശരീരം അടക്കം ചെയ്യാന്‍ മറീന ബീച്ച് അനുവദിക്കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. 1975 ഒക്ടോബര്‍ രണ്ടിനായിരുന്നു കാമരാജിന്റെ മരണം. 1954 മുതല്‍ 1963 വരെ മദ്രാസിന്റെ (തമിഴ്‌നാട്) മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അത്യുന്നത നേതാവും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അടുത്ത അനുയായിയും കൂടിയായിരുന്നു കെ.കാമരാജ് എന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍. ഇത്രയും സമുന്നതനായ നേതാവായിട്ടും തമിഴ്‌നാടിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്നിട്ടും അന്ന് കെ.കാമരാജിനെ മറീന ബീച്ചില്‍ സംസ്‌കാരിക്കാന്‍ സാധിക്കില്ലെന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാറിന്റേത്.

1975 ഒക്ടോബര്‍ 2 ന് കാമരാജ് മരിച്ചപ്പോള്‍ കെ.കരുണാനിധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറായിരുന്നു തമിഴ്‌നാട് ഭരിച്ചിരുന്നത്. കാമരാജിനെ മറീന ബീച്ചില്‍ അടക്കം ചെയ്യണമെന്ന ആവശ്യം നാനാഭാഗത്തുനിന്നും ഉയര്‍ന്നു. എന്നാല്‍, മുന്‍ മുഖ്യമന്ത്രിയായിരുന്നതിനാല്‍ മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി കരുണാനിധി നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിയായിരിക്കെ മരിച്ചാല്‍ മാത്രമേ മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ സാധിക്കൂ എന്നായിരുന്നു കരുണാനിധിയുടെ നിലപാട്. തമിഴ്‌നാട് മുഖ്യമന്ത്രിയായി 100 ദിവസം അധികാരക്കസേരയിലിരുന്ന ജാനകി രാമചന്ദ്രന്‍ മരിച്ചപ്പോഴും സമാന നിലപാടാണ് അന്നത്തെ കരുണാനിധി സര്‍ക്കാര്‍ സ്വീകരിച്ചത്.

കരുണാനിധിയുടെ ഭൗതികശരീരത്തോടും ഇന്നത്തെ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ അതേ നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍, കോടതിയുടെ കാരുണ്യം കലൈഞ്ജറെ തുണച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here