തമിഴകത്തിന് ഉയിരേകി കലൈഞ്ജര്‍ മണ്ണിലേക്ക് മടങ്ങി…(ചിത്രങ്ങള്‍)

കലൈഞ്ജര്‍ കരുണാനിധിയുടെ ഉടല്‍ മണ്ണിലേക്ക് മടങ്ങി. തമിഴ് മക്കള്‍ക്ക് കലൈഞ്ജര്‍ ഇനി മരിക്കാത്ത ഓര്‍മ്മ. മറീന ബീച്ചില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകരെല്ലാം കലൈഞ്ജര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മറീന ബീച്ചിലെത്തി.

വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് കലൈഞ്ജറുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മറീന ബീച്ചിലെത്തിയത്. ഭാര്യ ദയാലു അമ്മാള്‍ കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അണ്ണാദുരൈ സമാധിക്കരികിലാണ് കരുണാനിധിയെയും സംസ്‌കരിച്ചിരിക്കുന്നത്.

തമിഴ്‌നാട് സര്‍ക്കാറുമായുള്ള നിയമപോരാട്ടത്തിനൊടുവിലാണ് മറീന ബീച്ചില്‍ കലൈഞ്ജറുടെ ഭൗതികശരീരം സംസ്‌കരിക്കാന്‍ അനുമതി ലഭിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.10 നായിരുന്നു കലൈഞ്ജറുടെ മരണം.

ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ വച്ചായിരുന്ന 94-കാരനായ കരുണാനിധി മരണത്തിന് കീഴടങ്ങിയത്. അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) അധ്യക്ഷസ്ഥാനത്ത് 49 വര്‍ഷം പിന്നിട്ടിരുന്നു.

‘കലൈഞ്ജര്‍ വാഴ്ക’ യെന്ന തമിഴ്ജനതയുടെ മുദ്രാവാക്യങ്ങളായിരുന്നു സംസ്‌കാരചടങ്ങില്‍ മറീന ബീച്ചില്‍ നിന്നുയര്‍ന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top