കെ.എസ്.ഇ.ബിയെയും വൈദ്യുതി വകുപ്പിനെയും വിമര്‍ശിക്കുന്നവര്‍ അറിയാന്‍…സത്യാവസ്ഥ ഇതാണ്:

കെ.എസ്.ഇ.ബിയുടെ അമിത ലാഭക്കൊതിയും കരുതലില്ലായ്മയുമാണോ നാട്ടിൽ ദുരിതം വിതച്ചത് ? വൈദ്യുതി വകുപ്പ് ഡാമുകൾ നേരത്തെ തുറന്നു വിട്ടിരുന്നെങ്കിൽ പ്രളയക്കെടുതികൾ കുറയുമായിരുന്നോ ? യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ് ? സർക്കാറിന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയോ?

ഇടുക്കിയിൽ ഇപ്പോൾ ജലനിരപ്പ് 2400 അടിക്ക് താഴെ എത്തി. മഴ കുറഞ്ഞു, ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. വൈദ്യുതി വകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഇനി നമുക്കൊന്ന് പരിശോധിക്കാം…

1976 ലാണ് ഇടുക്കി ഡാം കമ്മീഷൻ ചെയ്തത്. ഇക്കഴിഞ്ഞ 42 വര്‍ഷത്തിനിടക്ക് രണ്ടു പ്രാവശ്യം മാത്രമാണ് ഡാം കുറച്ചെങ്കിലും സ്പിൽ ചെയ്യേണ്ടി വന്നിട്ടുള്ളത്. 1981 ലും 1992 ലുമായിരുന്നു അത്. അത് സംഭവിച്ചത് ഇതുപോലത്തെ മഴക്കാലത്തുമായിരുന്നില്ല. 2003 ൽ വെള്ളം കയറി വന്നെങ്കിലും തുറന്നു വിടേണ്ടി വന്നില്ല. അതിനു ശേഷം ആദ്യമായാണ് ഡാം നിറയുന്ന മഴ പെയ്യുന്നത്. കെ.എസ്.ഇ.ബി ഇതിനെ നേരിടാൻ പൂർണ സജ്ജമായിരുന്നു.

അണക്കെട്ടുകൾ എന്ന് വച്ചാൽ തന്നെ ജലസംഭരണികളാണ്. വെള്ളം സംഭരിച്ചു നിർത്താനുള്ള സാങ്കേതിക സംവിധാനങ്ങളാണ് അവ. മഴ കടുത്തപ്പോൾ ഇത്തവണ ഇടുക്കി അണക്കെട്ടിലേക്ക് 1000 -1200 ഘനമീറ്റർ ജലമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തിക്കൊണ്ടിരുന്നത്. അതായത് 10 -12 ലക്ഷം ലിറ്റർ വെള്ളം ഓരോ സെക്കന്റിലും ഒഴുകി വന്നു കൊണ്ടിരുന്നു. അണക്കെട്ടില്ലായിരുന്നെങ്കിൽ ഈ വെള്ളമൊക്കെ നേരെ ഒഴുകി പെരിയാറിൽ ചെന്ന് ചേർന്നേനെ. എന്നാൽ അണക്കെട്ടുള്ളത് കൊണ്ട് അതിൽ സംഭരിക്കാൻ കഴിഞ്ഞു. നിയന്ത്രിതമായി പുറത്തു വിടാനും കഴിഞ്ഞു.

കൊച്ചി വെള്ളക്കെട്ടിൽ കെട്ടിപ്പൊക്കിയ ഒരു നഗരമാണ്. ആലുവയും നെടുമ്പാശ്ശേരി എയർപോർട്ടും കോടതിയുമൊക്കെ വെള്ളക്കെട്ട് നികത്തി പടുത്തുയർത്തിയതാണ്. എന്നിട്ടും അണക്കെട്ടുകളിൽ ശേഖരിക്കുന്ന വെള്ളമാണ് ഇത്തവണത്തെ മഴയിൽ ഒരു പരിധി വരെ എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളെ വെള്ളത്തിൽ മുക്കി കളയാതിരുന്നത്. ഇടുക്കി, ഇടമലയാർ, ലോവർ പെരിയാർ തുടങ്ങിയ ഇടുക്കി ജില്ലയിലെ എല്ലാ അണക്കെട്ടുകളും വെള്ളപൊക്കം നിയന്ത്രിക്കുന്നതിലും പങ്കു വഹിക്കുന്നുണ്ട്.

2401 അടി വരെ വെള്ളം മുൻപ് പൊങ്ങിയിട്ടുണ്ട്. 2403 അടി ആണ് അണക്കെട്ടിന്റെ ഫുൾ റിസർവോയർ ലെവൽ. അതിനും മുകളിൽ അഞ്ച് അടി കൂടി വെള്ളം ശേഖരിക്കാൻ കഴിയും. 2408 അടിയാണ്‌ മാക്സിമം വാട്ടർ ലെവൽ. എന്നാൽ, വെള്ളം ഇതിൽ നിന്നും പത്ത് അടി താഴെ എത്തുമ്പോൾ മുതൽ വെള്ളം കുറച്ചു കുറച്ചായി സ്പിൽ ചെയ്യാൻ വേണമെങ്കിൽ കഴിയും. എന്നാൽ അണക്കെട്ടിൽ വെള്ളം സംഭരിക്കുന്നത് വൈദ്യുതോത്പാദനത്തിനു ആയതു കൊണ്ട് അങ്ങനെ തുറന്നു വിട്ട് വെള്ളം കളയാറില്ല. 2408 ആയി കഴിഞ്ഞാൽ ഒറ്റയടിക്ക് സ്പിൽ ചെയ്തു വെള്ളം കളയേണ്ടി വരുന്നതിനാൽ 2397 ആവുമ്പോഴേ ട്രയൽ റൺ ചെയ്യാൻ കെ എസ് ഇ  ബി തീരുമാനിച്ചിരുന്നു. ഇത്തവണത്തെ കനത്ത മഴ പെയ്തപ്പോഴല്ല അങ്ങനെ ഒരു ആലോചനയുണ്ടായത്.

മഴ പെയ്തുകൊണ്ടേയിരുന്നു. വെള്ളം കൂടി കൂടി വന്നു. 2395 അടി എത്തി. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ട്രയൽ റൺ ആവശ്യം വന്നാൽ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ മഴ കുറഞ്ഞു. വെള്ളത്തിന്റെ അളവ് കൂടുന്നത് വളരെ കുറഞ്ഞ തോതിലായി. അതായത് മണിക്കൂറിൽ 0 .01 അനുപാതത്തിൽ. അതായത് ഒരടി വെള്ളം പൊങ്ങണമെങ്കിൽ 100 മണിക്കൂർ വേണം. 4 ദിവസം എടുക്കും ഒരടി വെള്ളം പൊങ്ങാൻ എന്ന അവസ്ഥ വന്നപ്പോള്‍ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിരുന്നു. വൈദ്യുതോത്പാദനം നടക്കുന്നതിനാൽ വെള്ളം തുറന്നു വിടേണ്ടി വന്നില്ല. വെള്ളത്തിന്റെ തോത് കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നു.

എന്നാൽ അതു കഴിഞ്ഞുണ്ടായ മഴയിൽ അപ്രതീക്ഷിതമായി വെള്ളം ഉയർന്നു. 2397 എത്തി. 2398 ൽ ട്രയൽ റൺ ചെയ്യാൻ തീരുമാനിച്ചു. ട്രയൽ റൺ ഉച്ചക്ക് 12. 30 മുതൽ നാലു മണിക്കൂർ വെള്ളം സ്പിൽ ചെയ്തു ട്രയൽ റൺ നടത്തി. വെള്ളം അപ്പോൾ ഒലിച്ചു പോയ റൂട്ട് കെ എസ് ഇ ബി നേരത്തെ കണ്ട റൂട്ട് തന്നെയായിരുന്നു. അതിനാൽ ട്രയൽ റണ്ണിൽ വെള്ളം സ്പിൽ ചെയ്യുന്നതിൽ പ്രശ്നമൊന്നുമില്ലെന്നു കണ്ടെത്തി. അതിനാൽ സ്പില്ലിങ്  തുടരാൻ തീരുമാനിച്ചു. പിറ്റേ ദിവസം മഴ കൂടി. സ്‌പില്ലിങ്ങിന്റെ അളവും അതിനനുസരിച്ചു കൂട്ടി. വെള്ളത്തിന്റെ അളവ് 2400 ൽ നിലനിർത്തി.

കറുത്ത വാവ് ആയതിനാൽ കടലിൽ വേലിയേറ്റവും വേലിയിറക്കവും ഉണ്ടായിരുന്നു. ഒഴുകിയെത്തുന്ന വെള്ളം ആലുവയിലെത്തിയാൽ കടലിലേക്ക് ഒഴുകണം. അതിനാൽ കെ എസ് ഇ ബി വേലിയിറങ്ങുന്ന സമയം നോക്കിയാണ് വെള്ളം സ്പിൽ ചെയ്തിരുന്നത്, കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ. അതല്ലെങ്കിൽ ആലുവയിൽ വലിയ വെള്ളപൊക്കം ഉണ്ടാവുമായിരുന്നു. എന്നാൽ നദി കയ്യേറി പണിത പലതും വെള്ളം ഒഴുകി പോകുമ്പോൾ ആ വഴിയിൽ ഉണ്ടായിരുന്നു. അതൊക്കെ വെള്ളത്തിനടിയിലായി.

പുഴയൊഴുകുന്നതിന് ഒരു വഴിയുണ്ട്‌…ചെറുതോണിയിലൊക്കെ റിവർ ബെഡിലാണ്  ബസ് സ്റ്റാന്റ് അടക്കമുള്ള പലതും നിൽക്കുന്നത്. ഇങ്ങനെ പലയിടത്തും റിവർ ബെഡ് കയ്യേറി പണിത പലതുമുണ്ട്. അതൊക്കെ വെള്ളത്തിനടിയിലായി. റിവർ ബെഡിലുണ്ടായിരുന്ന കൃഷി ഒളിച്ചു പോയി. എന്നാൽ, സർക്കാർ എല്ലാവര്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നു എല്ലാവരെയും മാറ്റി താമസിപ്പിച്ചിരുന്നു.

ഇതിൽ എവിടെയാണ് കെ.എസ്.ഇ.ബിയുടെ അമിത ലാഭക്കൊതി? ഇതിൽ കെ.എസ്.ഇ.ബിയുടെ അശ്രദ്ധ കൊണ്ടുണ്ടായ കെടുതി/ ദുരന്തം എന്താണ് ? മഴ കൊണ്ടാണോ നാശനഷ്ടങ്ങളും പ്രളയവുമുണ്ടായത് അതോ അണക്കെട്ട് തുറന്നു വിട്ടത് കൊണ്ടാണോ? പശ്ചിമഘട്ടത്തിൽ മുഴുവൻ മഴക്കെടുതികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അതിൽ കെ.എസ്.ഇ.ബിയുടെയും സർക്കാരിന്റെയും പങ്ക് എന്താണ്?

താഴ്ന്ന പ്രദേശത്തായിട്ട് പോലും നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ടി വന്നിട്ടില്ല. ഇടുക്കിയിൽ നിന്നും ഇടമലയാറിൽ നിന്നും ഒരേ സമയം വെള്ളം സർക്കാർ ഒഴുക്കി വിട്ടിട്ടില്ല. പരസ്പരം ചർച്ച ചെയ്തു അപകടമില്ലാത്ത വിധത്തിലാണ് വെള്ളം രണ്ടു അണക്കെട്ടുകളിൽ നിന്നും തുറന്നു വിട്ടത്. ഇടമലയാർ തുറന്നു വിട്ട് എന്ത് സംഭവിക്കുന്നുവെന്നു രണ്ടു ദിവസം നോക്കിയതിനു ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്.

കെ എസ് ഇ ബിയും മന്ത്രി എം.എം മണിയും സർക്കാരും ഇതിൽ കൂടുതൽ എന്ത് മുൻകരുതലാണ് എടുക്കേണ്ടിയിരുന്നത്? എന്ത് ദുരിതമാണ് വൈദ്യുത വകുപ്പ് കേരളത്തിൽ ഉണ്ടാക്കിയത്?

Top