സി. മുഹമ്മദ് ഫൈസി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സി. മുഹമ്മദ് ഫൈസിയെ തിരഞ്ഞെടുത്തു. മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മറ്റിയുടെ ആദ്യയോഗമാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ചെയര്‍മാനായ കമ്മറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമ്മറ്റി പുനസംഘടിപ്പിച്ച് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും മര്‍കസ് സെക്രട്ടറിയും സിറാജ് ദിനപത്രം പബ്ലിഷറും ശ്രദ്ധേയനായ എഴുത്തുകാരനും വാഗ്മിയുമാണ് സി. മുഹമ്മദ് ഫൈസി. മുസ്‌ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്രകൂടിയാലോചന സമിതി അംഗം, ഇന്ത്യയിലാകെ ആയിരക്കണക്കിന് മദ്രസകള്‍ നടത്തുന്ന ഡല്‍ഹി ആസ്ഥാനമായുള്ള ഇസ്‌ലാമിക് എഡ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജുക്കേഷന്‍ എന്നിവകളില്‍ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിക്കുന്നു. കേരളാ വഖഫ് ബോര്‍ഡ് അംഗമായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശിയാണ്.
പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ലീഡര്‍ഷിപ് ട്രെയിനിങ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദവും മൗലാനാ ആസാദ് നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉറുദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, സുന്നി യുവജന സംഘം സംസ്ഥാനജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ നേരത്തെ വഹിച്ചിട്ടുണ്ട്. മര്‍കസ് ശരീഅ കോളജില്‍ ദീര്‍ഘകാലമായി സീനിയർ പ്രൊഫസര്‍ ആണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here