മഴയിൽ തകർന്നത് 10000 കിലോമീറ്റർ റോഡ്; പണം പ്രശ്നമല്ല; പണി തുടങ്ങാൻ നിർദ്ദേശം നൽകി: മന്ത്രി ജി.സുധാകരൻ

വിഎ ഗിരീഷ്
മഴയിലും വെള്ളപ്പൊക്കത്തിലും തകർന്നത് പതിനായിരം കിലോമീറ്റർ റോഡ്. സംസ്ഥാനത്തുള്ള റോഡിന്റെ 25 ശതമാനത്തോളം തകർന്നുവെന്നും അയ്യായിരം കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. സാമ്പത്തിക നഷ്ടം കാര്യമാക്കുന്നില്ലെന്നും റോഡുകൾ എത്രയും വേഗം പുനർനിർമിമക്കാൻ അടിയന്തര നിർദേശം നൽകിയെന്നും ട്വന്റിഫോർ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. 1000 കോടി മന്ത്രിസഭ അടിയന്തര സഹായമായി അനുവദിച്ചു. റോഡ് പണി പുരോഗമിക്കുന്നതനുസരിച്ച് ബിൽ മാറി നൽകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ദേശീയപാത അറ്റകുറ്റപ്പണിയിൽ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. 3000 കോടിയാണ് കേന്ദ്രം നൽകാനുള്ളത്. എന്നാൽ പണം നൽകാത്തതു കൊണ്ട് പണി നിർത്തിവയ്ക്കില്ലെന്നും സംസ്ഥാനത്തിന്റെ പണം ഉപയോഗിച്ച് ദേശീയ പാതയിലെ അറ്റകുറ്റപണി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഴിമതിക്ക് കാരണം കാലഹരണപ്പെട്ട ചട്ടങ്ങളാണെന്നും, സെക്രട്ടേറിയറ്റിലെ ഈ ചട്ടങ്ങൾ പരിഷ്‌കരിക്കാതെ അഴിമതി മാറില്ലെന്നും ചട്ടങ്ങളിലെ പോരായ്മ മുതലെടുത്താണ് ചില ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നതെന്നും മന്ത്രി പറയുന്നു. ഉദ്യോഗസ്ഥരിൽ നല്ലവർ ധാരാളമുണ്ട്. എന്നാൽ ഒരു വിഭാഗം അഴിമതിക്കാരാണ്. പൊതുമരാമത്ത് വകുപ്പിലെ അഴിമതി കുറയ്ക്കാൻ കഴിഞ്ഞുവെന്നും എന്നാൽ അഴിമതിക്കാർ ഇനിയുമുണ്ടെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here