കവി ചെമ്മനം ചാക്കോ അന്തരിച്ചു

കവിതയിലൂടെ സാമൂഹിക വിഷയങ്ങളെ തുറന്നുകാട്ടിയ കവി ചെമ്മനം ചാക്കോ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി വിശ്രമജീവിത്തിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ രാത്രി 12.30ഓടെയായിരുന്നു അന്ത്യം. 92 വയസായിരുന്നു.
സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യത്തിലൂടെയും വിമര്‍ശിക്കുന്ന ശൈലി. കുഞ്ചന്‍ നമ്പ്യാര്‍ കഴിഞ്ഞാല്‍ , മലയാള ഹാസ്യകവിതയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ളത് ചെമ്മനം തന്നെ. വിമര്‍ശസാഹിത്യത്തിലൂടെ ചെമ്മനം ഒട്ടേറെ വിവാദങ്ങളും വിളിച്ചുവരുത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന മുളക്കുളം ഗ്രാമത്തില്‍ വൈദികനായിരുന്ന യോഹന്നാന്‍ കത്തനാരുടെയും സാറയുടെയും മകനായി 1926 മാര്‍ച്ച് 7നാണ് ചെമ്മനം ചാക്കോയുടെ ജനനം. കുടുംബ പേരാണ് ചെമ്മനം. പിറവം സെന്റ് ജോസഫ്സ് ഹൈസ്‌ക്കൂള്‍, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി.
പിറവം സെന്റ്. ജോസഫ്‌സ് ഹൈസ്‌കൂള്‍ , പാളയംകോട്ട സെന്റ് ജോണ്‍സ് കോളേജ് , തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് , കേരള സര്‍വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അധ്യാപകനായി. 1968 മുതല്‍ 86 വരെ കേരളസര്‍വകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും പ്രവർത്തിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here