പാണ്ടനാട്ട് പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഓടിയെത്തിയ മത്സ്യത്തൊഴിലാളിയാണിത്!!

പ്രളയത്തില്‍ പാണ്ടനാട് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആദ്യം ഒാടിയെത്തിയ ആളാണ് രത്നാകുമാർ, എന്നാല്‍ വിധി പ്രളയത്തില്‍ രത്നാകുമാറിന് കാത്ത് വച്ചത് മറ്റൊന്ന്, രത്നാകുമാറിന്റെ അവസ്ഥ ഇന്ന് ഇങ്ങനെയാണ്, ട്വന്റിഫോര്‍ നടത്തിയ അന്വേഷണം
പ്രളയത്തില്‍ കേരളത്തിന്റെ സൈന്യമായി അണിനിരന്നത് മത്സ്യതൊഴിലാളികളാണ്. കേരളത്തിലെ വിവിധ ഹാര്‍ബറുകളില്‍ നിന്ന് കിട്ടിയ ലോറികളില്‍ വള്ളങ്ങളും ബോട്ടുകളുമായി പാഞ്ഞെത്തി വിശ്രമമില്ലാതെ അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തെ വലിയ വിപത്തില്‍ നിന്ന് കരകയറാന്‍ ഏറ്റവും അധികം സഹായിച്ചതും. അക്കൂട്ടത്തില്‍ ഒരാളാണ് ആറാട്ടുപുഴ സ്വദേശിയായ രത്നകുമാർ . പ്രളയം ഏറെ ദുരന്തമുണ്ടാക്കിയ പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഏറ്റവും ആദ്യം ഓടിയെത്തിയ മത്സ്യതൊഴിലാളികളില്‍ രത്നകുമാറും ഉണ്ടായിരുന്നു. ആറാട്ടുപുഴ കള്ളിക്കാടാണ് രത്നകുമാറിന്റെ വീട്. വീടല്ല രണ്ട് മുറിയുള്ള ഷെഡ് എന്ന് പറയാം. ഇവിടെയാണ് രത്നാകുമാറും ഭാര്യയും മക്കളും മാതാപിതാക്കളും അടങ്ങുന്ന ആറംഗ കുടുംബം താമസിക്കുന്നത്. അടുക്കളയുടെ ഒരു വശത്ത് തന്നെയാണ് കിടക്കാനുള്ള സൗകര്യവും.
അപകടം പറ്റിയത് ഇങ്ങനെ
പാണ്ടനാട്ട് പ്രളയം തുടങ്ങിയ സമയത്ത് തന്നെ രത്നാകുമാർ ചെറുവള്ളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. കുറച്ച് പേരെ രക്ഷപ്പെടുത്തിയതിന് ശേഷം വണ്ടിടിച്ച് അപകടം പറ്റിക്കിടക്കുന്ന ഒരു യുവാവിന്റെ വീട്ടില്‍ ചെറുവള്ളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയതായിരുന്നു രത്നാകുമാർ. വീടിന്റെ പരിസരത്ത് ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. ഒഴുക്കില്‍ വലിയ മരങ്ങളെല്ലാം കടപുഴകി വരുന്നുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വീടിനകത്തേക്ക് വള്ളത്തെ വലിച്ച് കൊണ്ട് പോകുന്ന തരത്തിലായിരുന്നു ഒഴുക്ക്. വീട്ടുകാരിലൊരാള്‍ വള്ളത്തിന്റെ ഒരറ്റം പിടിച്ചു, അതോടെ വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഒഴുക്കില്‍പ്പെട്ട വള്ളം അവിടെ നിന്ന കവുങ്ങില്‍ ചെന്നിടിച്ചു, രണ്ടായി മുറിഞ്ഞ കവുങ്ങിന്റെ ഒരറ്റം രത്നാകുമാറിന്റെ വയറില്‍ തുളഞ്ഞ് കയറി, കാലിനും മാരകമായി മുറിവ് പറ്റി. രത്നാകരനെ രക്ഷാപ്രവര്‍ത്തര്‍ വണ വണ്ടാനം മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ട് പോയത്. വയറ്റില്‍ 18സ്റ്റിച്ചുണ്ട്, കാലില്‍ എട്ടും.
ഇനി
കായംകുളം ഹാര്‍ബറിലെ മത്സ്യതൊഴിലാളിയായ രത്നാകുമാറിന് ഇനി തിരിച്ച് കടലില്‍ പോകണമെങ്കില്‍ ദിവസങ്ങളെടുക്കും. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച അത്രയും ദിവസം കടലില്‍ പോകാതിരുന്നാല്‍ രത്നാകുമാറിന്റെ വീട് പട്ടിണിയിലാവും. നുറുങ്ങുന്ന വേദനയിലും രത്നാകുമാറിനെ അലട്ടുന്നത് ജോലിയ്ക്ക് പോകാന്‍ പറ്റില്ലല്ലോ എന്നതാണ്. സഹായങ്ങള്‍ ക്യാമ്പുകളിലേക്ക് എത്തിക്കുന്നവര്‍ക്ക് ഒരു പൊതി രത്നാകുമാറിനേയും കുടുംബത്തേയും ഏല്‍പ്പിക്കാം. പറ്റുന്നവര്‍ക്ക് സാമ്പത്തിക സഹായവും നല്‍കാം. സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രത്നാകുമാറിനെ നേരിട്ട് വിളിക്കാം. നമ്പര്‍: 92070 94073
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here