‘എരിതീയില്‍ എണ്ണയൊഴിച്ച് കേന്ദ്രം’; കേരളത്തിന് സൗജന്യ മണ്ണെണ്ണ വേണമെന്ന ആവശ്യം തള്ളി

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് തിരിച്ചടിയായി കേന്ദ്ര നിലപാട്. അരിക്ക് പിന്നാലെ മണ്ണെണ്ണ നല്‍കുന്നതിലും കേരളത്തോട് കേന്ദ്രത്തിന്റെ അവഗണന. പ്രളയം നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന് സൗജന്യ മണ്ണെണ്ണ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.
ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ സബ്‌സിഡി വിലയില്‍ മണ്ണെണ്ണ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തയച്ചിരുന്നു. ഈ ആവശ്യമാണ് കേന്ദ്രം നിഷ്‌കരുണം തള്ളിയത്.
12000 കിലോ ലിറ്റര്‍ മണ്ണെണ്ണ കേരളത്തിന് നല്‍കും. എന്നാല്‍ സബ്‌സിഡി ഉണ്ടാകില്ലെന്നാണ് കേന്ദ്രം തീരുമാനം. സബ്‌സിഡി ഉണ്ടെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മതിയാകും.
എന്നാല്‍ സബ്‌സിഡി ഇല്ലാത്തതിനാല്‍ ലിറ്ററിന് 70 രൂപ നിരക്കിലാണ് മണ്ണെണ്ണ വാങ്ങേണ്ടി വരിക. പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് വലിയ തിരിച്ചടിയാകുകയാണ് മണ്ണെണ്ണയ്ക്ക് സബ്‌സിഡി പോലും നല്‍കാത്തത്.
സബ്‌സിഡിയില്ലാതെ 70 രൂപയ്ക്ക് മണ്ണെണ്ണ ലഭിക്കുന്നതിലൂടെ 84 കോടി രൂപയാണ് കേരളത്തിന് നഷ്ടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here