പുതിയ കേരളത്തിനായി അവര്‍ പാടി; സുപ്രീം കോടതി ജഡ്ജിമാരെ അഭിനന്ദിച്ച് മലയാളികള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി ദില്ലിയിലെ മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കലാപരിപാടികളില്‍ പങ്കുചേര്‍ന്ന് സുപ്രീം കോടതി ജഡ്ജിമാരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരാണ് കലാസന്ധ്യയില്‍ പങ്കെടുത്തത്. ജഡ്ജിമാരുടെ നല്ല മനോഭാവത്തെ മലയാളികള്‍ ഒന്നടങ്കം അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
‘വി ഷാൾ ഓവർ കം, വി ഷാൾ ഓവർ കം , വി ഷാൾ കം സം ഡേ’.. ബോളിവുഡ് ഗായകൻ മോഹിത് ചൗഹാന്റെ ഗിത്താർ താളത്തിനൊപ്പം ജസ്റ്റിസ് കുര്യൻ ജോസഫ് പാടുമ്പോൾ സദസ്സും വേദിയും ഒന്നടക്കം ഏറ്റു പാടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പോലും ജസ്റ്റിസ് ജോസഫിന്റെ വാക്കുകൾക്ക് ഒപ്പം ഏറ്റു പാടി. അമരം സിനിമയിലെ വികാരനൗകയുമായി എന്ന ഗാനമായിരുന്നു ജസ്റ്റിസ് കെ.എം ജോസഫ് പാടിയത്.
കേരളത്തിന് കരുത്തും പിന്തുണയും നല്‍കി കൊണ്ടുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സന്ദേശത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം.
പത്ത് ലക്ഷത്തോളം രൂപയാണ് കലാപരിപാടിയിലൂടെ ദുരിതാശ്വാസനിധിയിലേക്കായി സമാഹരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here