Advertisement

പ്രളയത്തിനു ശേഷം മൃഗങ്ങളുടെ ജഡവും അവശിഷ്ടങ്ങളും എങ്ങനെ സംസ്‌കരിക്കാം? ഡോ. ജയ നായര്‍ പറയുന്നത് കേള്‍ക്കൂ

August 30, 2018
1 minute Read
dead body

കേരളത്തെ കശക്കിയെറിഞ്ഞ പ്രളയത്തില്‍ നിന്ന് കേരളം പതുക്കെ  കരകയറുകയാണ്. വീടുകളും മറ്റും ശുചിയാക്കി കേരള ജനത പഴയജീവിതത്തിലേക്ക് മടങ്ങുമ്പോഴും ഇപ്പോഴും വലിയ ഭീഷണി സൃഷ്ടിക്കുന്നത് ചത്ത് ചീഞ്ഞ് പൊങ്ങുന്ന നാല്‍ക്കാലികളാണ്. മനുഷ്യ ജീവന് അപകടകരമായി ഭീഷണിയുണ്ടാക്കുന്ന തരത്തിലാണ് ഇവയുടെ ശവശരീരങ്ങള്‍ പലയിടങ്ങളിലായി പൊങ്ങുന്നത്. ആരോഗ്യവകുപ്പ് കര്‍ശന നടപടികളുമായി രംഗത്ത് ഉണ്ടെങ്കിലും ഇനിയും വെള്ളം താഴാത്ത സ്ഥലങ്ങളില്‍ ഇവ സൃഷ്ടിക്കുന്ന ആരോഗ്യഭീഷണി വളരെ വലുതാണ്. മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട്  ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന  ആര്‍എയുഎം (റോം) എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും മലയാളിയുമായ ഡോ. ജയ നായരുടെ വാക്കുകള്‍ ശ്രദ്ധിക്കൂ.

പ്രളയാനന്തരം ഏറ്റവും പ്രയാസമുള്ള ജോലിയാണ് മൃഗങ്ങളുടെ ജഡാവശിഷ്ടങ്ങള്‍ നശിപ്പിക്കുക എന്നത്. പ്രധാനകാരണം അവയെല്ലാം ജീര്‍ണ്ണിക്കുകയും പരിസരങ്ങളിലേക്ക് വ്യാപിക്കകയും ചെയ്തുകഴിഞ്ഞു എന്നത് തന്നെ. ശരിയായ രീതിയില്‍ ഈ ജീര്‍ണ്ണിച്ച ജഡങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ അത് ദുര്‍ഗന്ധം മാത്രമല്ല, പകര്‍ച്ചവ്യാധികള്‍ക്കും മറ്റസുഖങ്ങള്‍ക്കും കാരണമാവും.

എങ്ങനെ സുരക്ഷിതമായി നീക്കം ചെയ്യാം?

ചെറിയ പക്ഷികളെയും മൃഗങ്ങളെയും വലിയ പ്രശ്‌നങ്ങളില്ലാതെ തന്നെ മറവ് ചെയ്യാന്‍ സാധിക്കും. അതേസമയം വലിയ ജഡവും ഒരുപാട് ജീര്‍ണ്ണിച്ചതുമായവ കൈകാര്യം ചെയ്യാന്‍ പ്രത്യേക ശ്രദ്ധയും സുരക്ഷയും കൂടാതെ ശാസ്ത്രീയമായ സഹായവും ആവശ്യമാണ്. ഭാവിയില്‍ ദോഷഫലങ്ങളുണ്ടാകാത്ത രീതിയില്‍ ഇവ നീക്കം ചെയ്യാന്‍ ഏറ്റവും എളുപ്പവും സൗകര്യപ്രദവുമായ രീതി വലിയ കുഴികളുണ്ടാക്കി മറവ് ചെയ്യുക എന്നത് തന്നെയാണ്.

മറവ് ചെയ്യുന്നതിലെ അപകടസാധ്യതകള്‍

ഒരുപാട് അവശിഷ്ടങ്ങള്‍ ഒരു കുഴിയിലേക്കിട്ട് മൂടുമ്പോള്‍ അവ ഒരു നിശ്ചിത സമയത്തില്‍ ജീര്‍ണ്ണിക്കുകയും അതുവഴി മിക്കവാളും ശരീരഭാഗങ്ങള്‍ ഒരു ദ്രവരൂപത്തില്‍ അടുത്തുള്ള ജലശ്രോതസ്സുകളിലേക്ക് എത്തിച്ചേരും. അത് മറ്റേത് മാലിന്യവും പോലെ അപകടം വരുത്തിവെയ്ക്കും. മറ്റൊന്ന് ബ്ലീച്ചും ക്ലോറിനും മണ്ണെണ്ണയുമൊക്കെ അണുനശീകരണത്തിനായി ചേര്‍ക്കുന്നത് വലിയ മൃഗാവശിഷ്ടങ്ങളില്‍ ആകുമ്പോള്‍ ശരിയായി നശീകരണം നടക്കില്ല. ഈ സാഹചര്യത്തില്‍ വരാന്‍ പോകുന്ന മഴവെള്ളമൊക്കെ അപകടസാധ്യത കൂട്ടുകയാണ്.


സുരക്ഷിതമായി മൃഗാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള വഴികള്‍

കുറഞ്ഞത് 2-3 വര്‍ഷത്തേക്ക് നിര്‍മാണോദ്ദേശ്യമില്ലാത്ത, പുറത്തേക്കല്ലാതെ മലിനജലമൊഴുക്കി കളയുന്ന നല്ല സ്ഥലങ്ങള്‍ കണ്ടുപിടിക്കുക. കുഴി നിര്‍മ്മിക്കുക- മറവ് ചെയ്യാനുദേശിക്കുന്ന ജഡത്തിന്റെ വലിപ്പത്തിനനുസരിച്ചാവണം കുഴിയുടെ വലിപ്പം. ഉയര്‍ന്ന ഭൂഗര്‍ഭ ജലനിരപ്പിനും അരയടിയെങ്കിലും അകലം കണക്കാക്കിയേ കുഴി നിര്‍മ്മിക്കാവൂ. പ്രളയത്തില്‍ ഒലിച്ചുവന്ന ചെളി ഉപയോഗിച്ച് കുഴിയുടെ നടുഭാഗം മൂടുക. കാര്‍ഡ്‌ബോഡോ പേപ്പര്‍ വേസ്റ്റോ (പ്ലാസ്റ്റിക്കും ലോഹവും പാടില്ല) കുഴിയില്‍ നിരത്തുക. അതിലേക്ക് മൃഗങ്ങളുടെ അവശിഷ്ടങ്ങളിട്ടതിനു ശേഷം വീണ്ടും പേപ്പറും കാര്‍ഡ്‌ബോഡുകളും ഇലകളും ഒക്കെയിട്ട് മൂടുക. അവസാനപടിയായി മണ്ണിട്ട് മൂടുക. ഈ പരിസരത്തേക്ക് ആളുകളുടെ വരവ് വേലികെട്ടി കര്‍ശനമായി വിലക്കുക. മൂടിയ കുഴിക്ക് മുകളില്‍ പുല്ലോ മറ്റ് ചെടികളോ വളരാനനുവദിക്കുക. ജീര്‍ണ്ണിക്കുന്നതിനു പകരം കമ്പോസ്റ്റായി ഇത് മാറും. കമ്പോസ്റ്റായി മാറാനാവശ്യമായ സമയം അനുവദിച്ചതിനുശേഷം മണ്ണിനടിയിലെ
വസ്തുക്കളുടെ അവസ്ഥയറിയാന്‍ സാംപിള്‍ എടുത്ത് പരിശോധിക്കണം. അവസാനഘട്ടത്തില്‍ കുറച്ചുകൂടി ഇലകളും കല്‍ക്കരിയും അറക്കപ്പൊടിയുനൊക്കെ
ആവശ്യമായി വരും. കമ്പോസ്റ്റ് പാകമാവുമ്പോള്‍ കുഴിച്ചെടുത്ത് കൃഷിക്കുപയോഗിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top