‘ചേച്ചിമാരും അമ്മമാരും സൂപ്പറാ’…പുതിയ കേരളത്തിനായി കുടുംബശ്രീ വക ഏഴുകോടി രൂപ

പുതിയ കേരളത്തിനായി കുടുംബശ്രീയിലെ അമ്മമാരും ചേച്ചിമാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. കുടുംബശ്രീ എല്ലാ ജില്ലകളില്‍ നിന്നുമായി സമാഹരിച്ച ഏഴുകോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി. സി.ഡി.എസുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രധാനമായും ഫണ്ട് ശേഖരിച്ചത്. ഇതിന് പുറമേ, വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച ചെറുതുകകള്‍ കൂടി ചേര്‍ത്താണ് കുടുംബശ്രീ പുതിയ കേരളത്തിനായി സംഭാവന നല്‍കിയത്.
ഓണാഘോഷങ്ങള്‍ക്കായി കരുതിവച്ചിരുന്ന പണവും എല്ലാ യൂണിറ്റുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുകയിലേക്ക് നല്‍കി. കുടുംബശ്രീക്ക് വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറാണ് ചെക്ക് മുഖ്യമന്ത്രിക്ക് നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ.സി മൊയ്തീന്‍ കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുമ്പും ചെയ്തിട്ടുണ്ടെന്നും, സാധാരണക്കാരായ സഹോദരിമാരുടെ ചെറിയ നീക്കിയിരിപ്പുകളാണ് കേരളത്തിനായി അവര്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
പെണ്‍കരുത്തിന്റെ ഏഴ് കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ കുടുംബശ്രീയുടെ സംഭാവനയെ കുറിച്ച് പങ്കുവെക്കുന്നത്. ഏഴ് കോടി സംഭാവന രേഖപ്പെടുത്തിയുള്ള കുടുംബശ്രീയുടെ ചെക്കും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here