വോഡഫോണ്‍ – ഐഡിയ ‘ഭായി ഭായി’; ലയനം പൂര്‍ത്തിയായി

ഇന്ത്യന്‍ ടെലികോം വിപണിയില്‍ കരുത്തുറപ്പിക്കാനായുള്ള വോഡഫോണ്‍-ഐഡിയ കമ്പനികളുടെ ലയനം പൂര്‍ത്തിയായി. ഇതോടെ, 40 കോടി ഉപഭോക്താക്കളുള്ള കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പേരിലായിരിക്കും കമ്പനി ഇനി അറിയപ്പെടുക. ലയനം പൂര്‍ത്തിയായതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന റെക്കോഡും എയര്‍ടെല്ലിനെ മറികടന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് സ്വന്തമാക്കി.
കുമാര്‍ മംഗളം ബിര്‍ള ചെയര്‍മാനായുള്ള പുതിയ 12 അംഗ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചതായി കമ്പനികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ആറ് സ്വതന്ത്ര ഡയറക്ടര്‍മാരുള്ള വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ സിഇഒ ബലേഷ് ശര്‍മ്മയെയാണ്. ലയനത്തോടെ ഇന്ത്യന്‍ ടെലികോം വിപണിയുടെ 32.2 ശതമാനവും വോഡഫോണ്‍ ഐഡിയ ലിമറ്റിഡിനാകും. റിലയന്‍സ് ജിയോ രംഗത്തെത്തിയതോടെ മത്സരം കടുകട്ടിയായ ഇന്ത്യന്‍ വിപണിയില്‍ രണ്ട് കമ്പനികളായി ഐഡിയയും വോഡഫോണും തുടരും.
ഇരു കമ്പനികളും ലയിക്കുന്നതോടെ 1.5 ലക്ഷം കോടി രൂപയൂടെ സംരംഭമാണ് നടക്കുന്നത്. വോഡഫോണിന് 45. 1 ശതമാനം ഓഹരികളും ഐഡിയയ്ക്ക് 26 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്.
വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് ‘ 2,70,000 ജിഎസ്എം സൈറ്റുകളും 300,000 3ജി 4ജി സൈറ്റുകളും സ്വന്തമായുണ്ടാവും. ഇത് വഴി മുമ്പുണ്ടായിരുന്നതിനേക്കാള്‍ മികച്ച സേവനം നല്‍കാനും കമ്പനിയ്ക്കാവും. അതേസമയം ഈ ലയനം ഉപയോക്താക്കള്‍ക്ക് നേട്ടമാവുമെങ്കിലും, കമ്പനികളിലെ ജീവനക്കാര്‍ക്ക് നല്ലതാവില്ല. ലയനം പൂര്‍ത്തിയാവുന്നതോടെ 5000 ഓളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കരുതുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here