തൊഴിലില്ലാ വളര്‍ച്ച പറയാതെ പറയുന്നത്

unemployment

ക്രിസ്റ്റീന ചെറിയാന്‍

രാജ്യം തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് തൊഴിലില്ലായ്മയെന്ന പ്രതിസന്ധി തന്നെ. ലോകത്തെ തന്നെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ഖ്യാതി അവകാശപ്പെടുമ്പോഴും തൊഴില്‍ സൃഷ്ടിയില്ലാത്തത് വെല്ലുവിളിയാകുന്നു. മധ്യവര്‍ഗ്ഗം തൊട്ട് താഴേക്കുള്ളവരുടെ ആസ്തി കുറയുമ്പോള്‍ ആരാണ് വളരുന്നതെന്ന ചോദ്യവും ഉയരുന്നു.

രാജ്യാന്തര നാണ്യനിധിയുടെ പ്രവചനമനുസരിച്ച് 2019 ല്‍ രാജ്യം 7.5 % വളര്‍ച്ച നേടും. ഈ വര്‍ഷത്തെ വളര്‍ച്ച 7.3 % ആയിരിക്കുമെന്നും സംഘടന പറയുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ വികസന ആവശ്യങ്ങള്‍ വൈവിധ്യമേറിയതാണ്. രണ്ടക്ക വളര്‍ച്ചയിലെത്താവുന്ന രാജ്യത്തെ പിന്നോട്ടടിക്കുന്നത് അവധാനതയില്ലാത്ത സാമ്പത്തിക പരിഷ്‌ക്കാരങ്ങളും, കിട്ടാക്കടത്തില്‍ മുങ്ങിയ ബാങ്കിങ് മേഖലയും, മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത തൊഴില്‍ നിയമങ്ങളും, ശരിയായി വിഭാവനം ചെയ്യാത്ത വിദ്യാഭ്യാസ സമ്പ്രദായവുമാണ്.

labour

രാജ്യത്ത് പുതിയതായി ഓരോ വര്‍ഷവും തൊഴില്‍ വിപണിയിലേക്കെത്തുന്നത് 1.2 കോടി യുവാക്കളാണ്. എന്നാല്‍ വിവിധ മേഖലകള്‍ക്കാവശ്യമായ നൈപുണ്യം ഇവര്‍ക്കു പകര്‍ന്നു നല്‍കാന്‍ വിദ്യാഭ്യാസരംഗത്തിന് കഴിയുന്നുമില്ല.

മൊത്തം ആഭ്യന്തര ഉല്‍പ്പാദനം വളരുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്കെത്തുന്നില്ല. വരുമാനത്തിലുള്ള അന്തരം വളരുന്നത് മാത്രമാണ് ഇതിന് കാരണം. അതിസമ്പന്നരെന്ന് വിളിക്കുന്നവരുടെ ആസ്തി വര്‍ധിക്കുന്നു. ഇത് ജിഡിപിയില്‍ പ്രതിഫലിക്കുന്നു. വന്‍കിട കമ്പനികളുടെ വിപണി മൂല്യം ദിവസേന ഉയരുന്നു. ലക്ഷം കോടികളുടെ വര്‍ധനയാണ് പലപ്പോഴും റിലയന്‍സ് പോലുള്ള കമ്പനികള്‍ നേടുന്നത്. ഇത്തരം സാഹചര്യത്തില്‍ ജിഡിപി വര്‍ധന കാണിക്കുന്നത് അതിസമ്പന്നരുടെ ആസ്തി വളര്‍ച്ച മാത്രമാണ്. എന്നാല്‍ സാധാരണക്കാരുടെ വരുമാനത്തില്‍ വളര്‍ച്ചയുണ്ടാകാത്തത് ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കുന്നു. ഉപഭോഗം വര്‍ധിപ്പിക്കുക മാത്രമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉണര്‍വിലേക്ക് നയിക്കാനുള്ള പ്രധാന വഴി.

40 വര്‍ഷം മുന്‍പ് തുറന്ന സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റവും, ആധുനീകീകരണവും സ്വായത്തമാക്കിയ ചൈന 10% എന്ന വളര്‍ച്ചാ ശരാശരി സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് പുത്തന്‍ സാമ്പത്തിക നയത്തിലേക്ക് നീങ്ങിയ ഇന്ത്യയുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 7 ശതമാനമാണ്.

രാജ്യത്തെ തൊഴിലാളികളുടെ 90 %ത്തിലേറെ ഇന്നും പണിയെടുക്കുന്നത് അസംഘടിത മേഖലയിലാണ്. തൊഴില്‍ സുരക്ഷയോ തക്കതായ വേതനമോ ഇല്ലാത്ത ഇക്കൂട്ടര്‍ക്ക് ജോലി ഉള്ളതും ഇല്ലാത്തതും ഒരു പോലെയാണ്. തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തു വിടുന്നുമില്ല. പൊതുമേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ റയില്‍വേ 90,000 ഒഴിവുകളിലേക്ക് മാര്‍ച്ചില്‍ അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷ അയച്ചതോ 2.8 കോടി പേരും. രാജ്യത്തെ തൊഴിലില്ലായ്മയുടെ ഭീകരതയ്ക്ക് ഈ കണക്കുകള്‍ ഉദാഹരണമാണ്. രാജ്യത്തെ ആളോഹരി വരുമാനം 1,800 ഡോളറെന്നിരിക്കെ, റയില്‍വേ ജോലികള്‍ നല്‍കുന്ന ശരാശരി വാര്‍ഷിക വരുമാനം 3,085 ഡോളറാണ്. കൂടുതല്‍ പേര്‍ ഈയൊരു വാര്‍ഷിക വരുമാന പരിധിയിലേക്ക് വരുന്നത് സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ആക്കം കൂട്ടും.

ലോകത്തെ ഏറ്റവും അധികം യുവജനസംഖ്യയുള്ള രാജ്യമെന്ന ആനുകൂല്യം നിലനില്‍ക്കുമ്പോള്‍ അതിനെ ശരിയായി വിനിയോഗിക്കാനാവില്ലെന്നത് പ്രയാസകരമാണ്. ജനസംഖ്യയുടെ ശരാശരി പ്രായം 28 വയസാണ്. എന്നാല്‍ ചൈനയില്‍ ഇത് 37 വയസും, ജപ്പാനില്‍ 47 വയസുമാണ്. ജനസംഖ്യയുടെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ 20 വര്‍ഷങ്ങള്‍ മാത്രമാണ് നമുക്കു മുന്നിലുള്ളത്. 2040 ഓടെ ശരാശരി പ്രായത്തില്‍ വര്‍ധനയുണ്ടാകും. നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


തൊഴില്‍ വളര്‍ച്ചയില്ലാത്തത് നിക്ഷേപ സാഹചര്യത്തിനും വിഘാതമാകുന്നു. തൊഴിലില്ലാ രാജ്യത്ത് പുതിയ നിക്ഷേപങ്ങള്‍ക്കുള്ള സാഹചര്യം കുറയും. സാമ്പത്തിക പരിഷ്‌ക്കാരങ്ങളും തൊഴില്‍ വളര്‍ച്ചക്ക് തടയിട്ടു. നോട്ടു നിരോധനത്തിന് ശേഷം 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി സ്വകാര്യ ഏജന്‍സി നടത്തിയ പഠനങ്ങള്‍ പറയുന്നു. ഇതിന് പിന്നാലെ വന്ന ദേശീയ ഉപഭോക്തൃ നികുതിയും ഏറ്റവുമധികം തൊഴില്‍ നല്‍കിയിരുന്ന കൃഷി, നിര്‍മ്മാണ രംഗങ്ങളിലെ തൊഴില്‍ നഷ്ടത്തിനിടയായി. 2018 മാര്‍ച്ചില്‍ വളര്‍ച്ച 6.6% എന്ന നിരക്കിലേക്ക് താണു.

പ്രായോഗികമായ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍, തൊഴില്‍ വിപണിയെ സ്വതന്ത്രമാക്കല്‍, നികുതി-ധന നിയന്ത്രണങ്ങള്‍, മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം എന്നീ വഴികളാണ് മുന്നേറ്റത്തിന് വേണ്ടത്. മാത്രവുമല്ല, വിപണിയുടെ ആവശ്യത്തിന് അനുസൃതമായ തരത്തിലുള്ള നൈപുണ്യ വികസനത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായത്തിനും വഴിയൊരുക്കണം. പ്രായോഗികതയിലൂന്നിയ സിലബസ് പരിഷ്‌ക്കരണവും പരീക്ഷാ സമ്പ്രദായവും കൊണ്ടുവരാന്‍ ഈ മേഖലയിലെ വിദഗ്ധരുടെ സഹായം തേടണം.

Top