Advertisement

ഇന്ത്യ ഭേദപ്പെട്ട നിലയില്‍; ടെസ്റ്റില്‍ കോഹ്‌ലി 6,000 റണ്‍സ് കടന്നു

August 31, 2018
Google News 0 minutes Read
virat kohli 6000

റോസ്ബൗള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് ഭേദപ്പെട്ട നിലയില്‍. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 246 പിന്തുടര്‍ന്ന ഇന്ത്യ ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറിലെത്താന്‍ ഇന്ത്യയ്ക്ക് 81 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്താല്‍ മതി. 56 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും റണ്‍സൊന്നുമെടുക്കാതെ റിഷബ് പന്തുമാണ് ഇപ്പോള്‍ ക്രീസില്‍.

പൂജാരക്കൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നടത്തിയ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. 46 റണ്‍സ് നേടിയാണ് കോഹ്‌ലി പുറത്തായത്. ശിഖര്‍ ധവാന്‍ 23 റണ്‍സും ലോകേഷ് രാഹുല്‍ 19 റണ്‍സും നേടിയാണ് പുറത്തായത്. 11 റണ്‍സ് മാത്രമാണ് രഹാനെ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സാം കറാന്‍, സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

അര്‍ധശതകത്തിന് തൊട്ടരികില്‍ നില്‍ക്കെ ഇന്ത്യന്‍ നായകന്‍ പുറത്തായെങ്കിലും റോസ് ബൗളില്‍ കോഹ്‌ലി താരമായി. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് 6,000 റണ്‍സ് ക്ലബില്‍ ഇടം നേടി. ഇന്നത്തെ മത്സരത്തില്‍ ആറാം റണ്‍ സ്വന്തമാക്കിയതോടെയാണ് 6,000 റണ്‍സ് ക്ലബിലേക്ക് കോഹ്‌ലി പ്രവേശിച്ചത്. ഇതോടെ ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി കോഹ്‌ലി മാറി. കരിയറിലെ 70 മത്സരത്തിലാണ് വിരാടിന്റെ ഈ നേട്ടം. 65 മത്സരങ്ങളില്‍ നിന്ന് 6,000 റണ്‍സ് തികച്ച സുനില്‍ ഗവാസ്‌കറാണ് ഈ നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ താരം.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 76 മത്സരങ്ങളിലും വീരേന്ദര്‍ സേവാഗ് 72 മത്സരങ്ങളിലും രാഹുല്‍ ദ്രാവിഡ് 73 മത്സരങ്ങളിലുമാണ് ഈ നേട്ടം കൊയ്തത്. ലോക ക്രിക്കറ്റില്‍ 45 മത്സരങ്ങളില്‍ നിന്ന് 6,000 റണ്‍സ് നേടിയ ഡൊണാള്‍ഡ് ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here